malappuram local

നഗരസഭയിലെ പരാജയം: കോണ്‍ഗ്രസ്സില്‍ കലാപം

മലപ്പുറം: നഗരസഭയിലെ കോ ണ്‍ഗ്രസ്സിന്റെ കനത്ത തോല്‍വിക്ക് പിറകെ പാര്‍ട്ടിയില്‍ കലാപം. മുന്‍ കൗണ്‍സിലില്‍ ആറ് അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ്സിന്റെ അംഗസംഖ്യ ഇക്കുറി രണ്ടിലേക്കാണ് ചുരുങ്ങിയത്. പ്രാദേശിക നേതൃത്വത്തിന്റെ സ്വജനപക്ഷപാതവും കഴിവു കേടും മന്ത്രിയുടെ ഇടപെടലുമാണ് പരാജയ കാരണമെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. ഇവര്‍ കെപിസിസി പ്രസിഡന്റിനും ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനും മുമ്പാകെ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.
കഴിഞ്ഞ തവണ മല്‍സരിക്കാന്‍ 14 വാര്‍ഡുകള്‍ ലഭിച്ച കോണ്‍ഗ്രസ്സിന് ഇക്കുറി 13 വാര്‍ഡുകളാണ് കിട്ടിയത്. കോണ്‍ഗ്രസിന്റെ സീറ്റുകളില്‍ മുസ്‌ലിംലീഗും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും മാത്രം ചേര്‍ന്ന് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചുവെന്ന് ഒരുവിഭാഗം പരാതിപ്പെടുന്നു. രണ്ടു തവണ നഗരസഭാ വൈസ് ചെയര്‍മാന്‍ പദവി കൈയാളിയ മുതിര്‍ന്ന നേതാവ് വീക്ഷണം മുഹമ്മദിനെ നേതൃത്വം തഴയുകയായിരുന്നു രണ്ടാംവാര്‍ഡില്‍ ജനറല്‍ സീറ്റില്‍ കെ എം ഗിരിജയെ മല്‍സരിപ്പിച്ച് പരാജയം ഏറ്റുവാങ്ങുകയായിരുന്നുവെന്നും ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
കോണ്‍ഗ്രസ്സിനു ലഭിച്ച മറ്റൊരു ഡിവിഷനില്‍ മല്‍സരിച്ച നേതാവിനെ മാറ്റണമെന്നു പ്രവര്‍ത്തകര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. തന്നെ സ്ഥാനാനാര്‍ഥിയാക്കിയില്ലെങ്കില്‍ ബിജെപി ടിക്കറ്റിലോ എസ്എന്‍ഡിപിയുടെ ബാനറിലോ മല്‍സരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇദ്ദേഹം സ്ഥാനാര്‍ഥിയായത്. സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങി നേതൃത്വം വഴങ്ങുകയായിരുന്നു. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ ഇരുനൂറില്‍പരം വോട്ടുകള്‍ക്കാണ് ഇദ്ദേഹം പരാജയപ്പെട്ടത്.
മണ്ഡലം പ്രസിഡന്റടക്കമുള്ള ഒമ്പതംഗ സംഘത്തിനായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ചുമതല. ഏതെങ്കിലുംപ്രദേശത്ത് തര്‍ക്കമുണ്ടായാല്‍ അതാത് മേഖലകളിലെ മന്ത്രിക്കും ഇടപെടാമെന്ന കെപിസിസി സര്‍ക്കുലറിന്റെ ബലത്തില്‍ മന്ത്രി അനില്‍കുമാറും ഇടപെട്ടുവെന്നും പരാതിക്കാര്‍ കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ഈ വിഷയങ്ങള്‍ വന്‍ ഒച്ചപ്പാടുകള്‍ക്ക് ഇടയാക്കുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it