Flash News

നഗരസഭകളിലെ അഴിമതിയും കെടുകാര്യസ്ഥതയും ; പരാതിപ്പെട്ടികളുമായി സര്‍ക്കാര്‍



ഷാജി പാണ്ട്യാല

തലശ്ശേരി: സംസ്ഥാനത്തെ നഗരസഭകളില്‍ അഴിമതിയും കെടുകാര്യസ്ഥതയും അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തില്‍ നഗരഭരണ സംവിധാനം കൂടുതല്‍ ജനോപകാരപ്രദമാക്കാന്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കേന്ദ്രസര്‍ക്കാരില്‍ നിന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കോടിക്കണക്കിനു രൂപയുടെ സഹായപദ്ധതികള്‍ നല്‍കുന്നുണ്ടെങ്കിലും അവ ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ നഗരസഭകള്‍ അലംഭാവം കാണിക്കുന്നതായി വിവിധ മേഖലകളില്‍ നിന്നു പരാതികളുണ്ട്. ഇതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരാതിപ്പെട്ടികള്‍ സ്ഥാപിക്കാ ന്‍ തീരുമാനിച്ചത്. തലശ്ശേരി നഗരസഭയില്‍ പരാതിപ്പെട്ടി ഈ മാസം തന്നെ സ്ഥാപിക്കുമെന്നാണ് അറിയുന്നത്. നഗരസഭാ സെക്രട്ടറിയും നഗര ഭരണസമിതിയും യോജിച്ചു കണ്ടെത്തുന്ന സ്ഥലങ്ങളിലായിരിക്കും പരാതിപ്പെട്ടികള്‍ സ്ഥാപിക്കുക. നഗരഭരണ കാര്യാലയത്തിന്റെ റീജ്യനല്‍ ഓഫിസുകള്‍ക്കാണ് പരാതിപ്പെട്ടികള്‍ സ്ഥാപിക്കാനുള്ള ചുമതല. മാസത്തിലൊരിക്കല്‍ പരാതിപ്പെട്ടികളിലെ കത്തുകള്‍ റീജ്യനല്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ വന്നു ശേഖരിക്കും. തുടര്‍ന്ന് പരാതികള്‍ പരിശോധിച്ച് അവ കഴമ്പുള്ളവയാണെങ്കില്‍ നടപടി ഉറപ്പുവരുത്തുന്നതിനും അതുവഴി നഗരഭരണം കാര്യക്ഷമമാക്കാനുമാണ് ലക്ഷ്യമിടുന്നത്. അഴിമതി പരമാവധി കുറയ്ക്കുകയെന്നതാണ് പ്രധാനം. തലശ്ശേരി നഗരസഭയിലെ ആസ്തിബാധ്യതാ രജിസ്റ്റര്‍ കാണാതായതുള്‍പ്പെടെയുള്ള ഗുരുതര വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിആര്‍ഇസെഡ് ചട്ടങ്ങള്‍ ലംഘിച്ചു കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കിയതും നഗരസഭയുടെ കേസ് വാദിക്കുന്ന അഭിഭാഷകര്‍ കോടതിയില്‍ കേസ് കൃത്യമായി വാദിക്കാതെ ചട്ടംലംഘിച്ച് കെട്ടിടം നിര്‍മിച്ചവര്‍ക്ക് അനുകൂല നിലപാട് എടുത്തതും ഉള്‍പ്പെടെയുള്ള സംഭവവും സര്‍ക്കാര്‍ ഗൗരവമായാണ് പരിഗണിച്ചത്. കൂടാതെ കഴിഞ്ഞ ദിവസം നഗരസഭയില്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് തുക നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടി ഭരണകക്ഷി കൗണ്‍സിലര്‍ തന്നെ നഗരസഭാ എന്‍ജിനീയറിങ് വിഭാഗം ഓഫിസില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പിന്നീട് ഉറപ്പൊന്നും ലഭിക്കാതെ സമരം പിന്‍വലിച്ചത് പത്രങ്ങളില്‍ വാര്‍ത്തയായി. ഇതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. സംസ്ഥാനത്ത് പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ ഏറ്റവും പിന്നിലുള്ള നഗരസഭയാണ് തലശ്ശേരി. ഇത്തരത്തില്‍ നിരവധി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തലശ്ശേരി നഗരസഭയില്‍ പരാതിപ്പെട്ടി സ്ഥാപിക്കുന്നത്.
Next Story

RELATED STORIES

Share it