kannur local

നഗരവികസനത്തിന് ഊന്നല്‍ നല്‍കി കോര്‍പറേഷന്‍ കന്നിബജറ്റ്

കണ്ണൂര്‍: നഗരത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് കണ്ണൂര്‍ കോര്‍പറേഷന്റെ കന്നി ബജറ്റ്. 285,55,52240 രൂപ വരവും 2,6988,62,000 രൂപ വരവും 15,66,90,240 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഡെപ്യൂട്ടി മേയര്‍ സി സമീര്‍ അവതരിപ്പിച്ചത്. 2,01,617 വര്‍ഷത്തേക്കുള്ള മതിപ്പ് ബജറ്റില്‍ പൊതു കണക്കില്‍ വര്‍ഷാരംഭത്തിലെ പ്രാരംഭ നീക്കിയിരിപ്പ് 67,60,45,807 രൂപയാണ്. സ്ത്രീസൗഹൃദ, പാര്‍പ്പിട പദ്ധതികള്‍ക്കും അമൃത് നഗരത്തിനുമെല്ലാം വിഹിതങ്ങള്‍ അനുവദിച്ച ബജറ്റ് ഏകപക്ഷീയമായാണു അംഗീകരിക്കപ്പെട്ടത്. നഗരത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക, പാവപ്പെട്ടവര്‍ക്കു വീട്, എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം, വയോജന ക്ഷേമപദ്ധതികള്‍, ശിഷുസൗഹൃദ പദ്ധതികള്‍ തുടങ്ങിയവയെല്ലാം ബജറ്റില്‍ ഇടംപിടിച്ചു.
പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി എല്ലാവര്‍ക്കും വീട് പദ്ധതിക്കു 110 കോടിയാണ് ആവശ്യമായി വരിക. ഇതില്‍ കോര്‍പറേഷന്‍ വിഹിതം 22 കോടി വകയിരുത്തി. പുതിയ കോര്‍പറേഷന് ആധുനിക രീതിയിലുള്ള ആസ്ഥാനം നിര്‍മിക്കാന്‍ ഒന്നാംഘട്ടത്തില്‍ 5 കോടി വകയിരുത്തി. നിലവിലുള്ള ഓഫിസ് കെട്ടിടം ഉപയോഗപ്പെടുത്തി മിനി കോണ്‍ഫറന്‍സ് ഹാള്‍, വകുപ്പ് മേധാവികള്‍ക്കുള്ള മുറികള്‍, 100 പേര്‍ക്ക് ഇരിക്കാവുന്ന കൗണ്‍സില്‍ ഹാള്‍, ടൗണ്‍ ഹാള്‍ എന്നിവയുള്‍പ്പെടുന്ന ഏഴുനില കെട്ടിടമാണു നിര്‍മിക്കുക.
നഗരത്തിലെയും പടന്നത്തോടിലെയും മാലിന്യ സംസ്‌കരണത്തിന് സീവേജ് യാഥാര്‍ഥ്യമാക്കും. ഇരട്ടക്കണ്ണന്‍ പാലം, ആനക്കുളം തോട് എന്നീ സ്ഥലങ്ങളില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകളും വിവിധയിടങ്ങളില്‍ സെപ്റ്റിക് മാലിന്യങ്ങള്‍ ട്രീറ്റ് ചെയ്തു ഒഴുക്കി വിടാനുള്ള സൗകര്യവും ഒരുക്കും. ഇതിനു 20 കോടിയാണ് വകയിരുത്തിയത്. ചേലോറയിലെ 26 ഏക്കര്‍ സ്ഥലത്ത് മള്‍ട്ടി പര്‍പസ് സോണ്‍ ആയി ഉപയോഗപ്പെടുത്തും. കണ്ണൂര്‍ വിമാനത്താവളത്തിലേക്കു പോവുന്ന റോഡ് ഉള്‍പ്പെടുന്ന ഇവിടെ കോര്‍പറേഷന്റെ പ്രധാന വരുമാന സ്ഥലമായി മാറ്റാന്‍ 5 കോടിയാണ് അനുവദിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതി നടപ്പാക്കാന്‍ കോര്‍പറേഷന്‍ വിഹിതമായ 14.65 കോടി വകയിരുത്തി. 78.25 കോടി രൂപയാണ് പദ്ധതിയുടെ ആകെത്തുക. ജലവിതരണം, ഡ്രെയിനേജ് സിസ്റ്റം, അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍, ഗ്രീന്‍ സ്‌പേസ്, പാര്‍ക്ക്, സീവേജ് സിസ്റ്റം എന്നിവയ്ക്കാണു തുക ഉപയോഗിക്കുക. നഗരത്തിലെ പൊതുഗതാഗതം മെച്ചപ്പെടുത്തുക, തെരുവോരങ്ങള്‍ വൃത്തിയാക്കുക, പാര്‍ക്കുകള്‍ നവീകരിക്കുക, തെരുവു വിളക്കുകള്‍ സ്ഥാപിക്കുക എന്നിവക്കയ്ക്കു 2 കോടി, ആയിക്കരയിലെ മല്‍സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമത്തിന് 1 കോടി, വിവിധ ആവശ്യങ്ങള്‍ക്കായി വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ അടിയന്തിരമായി പുനര്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഒരു കോടി, ഗാന്ധി സര്‍ക്കിള്‍, താണ, മേലെ ചൊവ്വ, താഴെ ചൊവ്വ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഡിജിറ്റല്‍ ട്രാഫിക് സിസ്റ്റം ഏര്‍പ്പെടുത്താന്‍ 50 ലക്ഷം എന്നിങ്ങനെ വകയിരുത്തി. ചരിത്രപുരുഷന്‍മാരുടെ സ്മൃതികുടീരങ്ങളുള്ള പയ്യാമ്പലത്ത് എംഎല്‍എ ഫണ്ട് 2 കോടി ഉപയോഗിച്ച് ആധുനീകരിക്കുന്നതിനൊപ്പം തൈക്കാട് ശാന്തികവാടം രീതിയില്‍ ശാന്തിതീരം ഒരുക്കാന്‍ 50 ലക്ഷം വകയിരുത്തി.
തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കാന്‍ 25 ലക്ഷം, സ്വകാര്യ-പൊതുമേഖലകളില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി പാര്‍ക്കിങ് പ്ലാസ നിര്‍മാണം, മുനീശ്വരന്‍ കോവിലിനു സമീപത്തെ ഉയര്‍ന്നും താഴ്ന്നുമുള റോഡുകള്‍ ഒരേ നിരപ്പിലേക്ക് ഉയര്‍ത്താനും ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിക്കാനും 25 ലക്ഷം, കോര്‍പറേഷന്‍ ഓഫിസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനും സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനും ജനസൗഹൃദ ഓഫിസാക്കി മാറ്റാനും 15 ലക്ഷം, കണ്ണൂര്‍ പോളിടെക്‌നിക്, ഐടിഐ എന്നീ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഇലക്ട്രോണിക്‌സ് പാര്‍ക്ക് സ്ഥാപിക്കാന്‍ 10 ലക്ഷം എന്നിങ്ങനെയാണു തുക വകയിരുത്തിയത്.എല്ലാവര്‍ക്കും വീട്, മാലിന്യസംസ്‌കരണം, വിഷരഹിത കൃഷി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കൊപ്പം ആധുനിക സൗകര്യങ്ങളുമുള്ള നഗരമായി കണ്ണൂരിനെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് ആമുഖപ്രഭാഷണത്തില്‍ മേയര്‍ ഇ പി ലത പറഞ്ഞു. തുടര്‍ന്ന് നടന്ന ബജറ്റ് ചര്‍ച്ചയില്‍ എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ ഐക്യകണ്‌ഠ്യേന സ്വാഗതം ചെയ്തു.
ചില പദ്ധതികള്‍ക്ക് തുക പോരെന്നു ചില കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചു. ബജറ്റിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ പ്രഖ്യാപനത്തിലൊതുങ്ങരുതെന്നും സിപിഎമ്മിലെ എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. കോര്‍പറേഷനോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മാറ്റാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നു വെള്ളോറ രാജന്‍ പറഞ്ഞു.
ചര്‍ച്ചയില്‍ ടി ഒ മോഹനന്‍, ടി രവീന്ദ്രന്‍, സുമാ ബാലകൃഷ്ണന്‍, ഷാഹിന മൊയ്തീന്‍, സി സീനത്ത്, എറമുള്ളാന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it