നഗരവാസികളെ പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും

ന്യൂഡല്‍ഹി: കേരളത്തിലെ ഗ്രാമങ്ങളില്‍ ഭൂമിയുള്ള നഗരവാസികള്‍ക്ക് വീടുവയ്ക്കാന്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ധനസഹായം അനുവദിക്കാമെന്ന് നഗരവികസനമന്ത്രി വെങ്കിയ്യനായിഡു ഉറപ്പ് നല്‍കിയതായും ഇതിനായുള്ള പട്ടിക സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും തദ്ദേശ സ്വയംഭരണ, ന്യൂനപക്ഷകാര്യമന്ത്രി കെ ടി ജലില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായുള്ള പട്ടിക ഉടന്‍തന്നെ സമര്‍പ്പിക്കും.
ആനുകൂല്യം ലഭിക്കുന്നതിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങളില്‍ ഇളവു വേണമെന്നും ആവശ്യപ്പെട്ടു. സ്വന്തമായി ഭൂമിയുള്ളവരെ മാത്രമാണു പദ്ധതിയില്‍ പരിഗണിക്കുക. സഹായം ലഭിക്കണമെങ്കില്‍ സ്വന്തമായി ഇരുചക്രവാഹനമോ ടെലിവിഷനോ റഫ്രിജറേറ്ററോ ഉണ്ടാവാന്‍ പാടില്ല. 1.2 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. ഇതിനു പുറമെ 70,000 രൂപ വായ്പയെടുക്കാം. ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 90 തൊഴില്‍ ദിവസങ്ങള്‍ വീടുപണിക്ക് ലഭ്യമാക്കുകയും ചെയ്യും.
സ്മാര്‍ട്ട് സിറ്റിയായി പരിഗണിക്കുന്ന നഗരങ്ങളുടെ ഇനത്തില്‍ കോഴിക്കോടിനെയും ഉള്‍പ്പടുത്തണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. പിഎംകെഎസ്‌വൈ പദ്ധതിപ്രകാരം കേരളത്തിലെ ചെക്ഡാമുകള്‍, തടയണകള്‍ തുടങ്ങിയവ സംരക്ഷിക്കുന്നതിന് നിലിവിലുള്ള 11.37 കോടിക്ക് പുറമെ 304 കോടിയുടെ പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കാമെന്ന കേന്ദ്ര ഗ്രാമീണ വികസനമന്ത്രി ചൗധരി ബിരേന്ദ്രസിങ് കൂടിക്കാഴ്ചയില്‍ ഉറപ്പ് നല്‍കിയതായും മന്ത്രി അറിയിച്ചു.
ഭരതപ്പുഴയില്‍ തടയണകളും ചെക്ഡാമുകളും നിര്‍മിക്കാനാണ് ഇതുപയോഗിക്കുക. നിലവില്‍ അനുവദിച്ച 500 കിലോമീറ്റര്‍ ഗ്രാമീണ റോഡിന് പുറമെ 2000 കിലോമീറ്റര്‍ കൂടി അധികം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. 419 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 105 റോഡുകള്‍ കൂടി അനുവദിക്കാമെന്ന് അറിയിച്ചതായും മന്ത്രി പറഞ്ഞു. ഹജ്ജ് എംബാര്‍ക്കേഷന്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുന്നതിന് പ്രതിനിധി സംഘം വിദേശകാര്യ മന്തിയുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it