നഗരമാലിന്യങ്ങളുടെ പ്രശ്‌നം

നഗരമാലിന്യങ്ങളുടെ പ്രശ്‌നം
X
slug-sasthram-samooham'ഈ നഗരത്തിനെന്തുപറ്റി? ചിലയിടങ്ങളില്‍ പുക, ചിലയിടങ്ങളില്‍ ചാരം.' നാം കേട്ടുമടുത്ത ഈ പരസ്യവാചകം പൊതുസ്ഥലത്തു പുകവലിക്കുന്നതിനെതിരേയുള്ളതാണ്. പൊതുസ്ഥലത്ത് പുകവലിക്കുന്നതു നിരോധിച്ചത് മറ്റുള്ളവരുടെ ആരോഗ്യത്തിനു ഹാനികരമാണെന്നുള്ളതുകൊണ്ടാണ്. എന്നാല്‍, ചിലര്‍ പുകവലിക്കുന്നതുകൊണ്ട് മറ്റുള്ളവര്‍ക്കുണ്ടാവുന്നതിനേക്കാള്‍ എത്രയോ ഇരട്ടി ദോഷമാണ് വ്യാപകമായി തുറന്നയിടങ്ങളില്‍ ചവറുകള്‍ കത്തിക്കുന്നതുകൊണ്ട് ഉണ്ടാവുന്നത്! അതിനെ സര്‍ക്കാര്‍ നിരുല്‍സാഹപ്പെടുത്തുന്നില്ല എന്നുമാത്രമല്ല ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നുപോലുമുണ്ട്!
ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാവാം. കരിയിലയും കടലാസും മറ്റുമാണെങ്കില്‍ പുകയും ചാരവും പടരുന്നതു കൂടാതെ വായുവിലേക്ക് കാര്‍ബണ്‍ മോണോക്‌സൈഡും നൈട്രജന്റെയും സള്‍ഫറിന്റെയും ഓക്‌സൈഡുകളും ശ്വസിക്കാവുന്ന ധൂളിയും പരത്തുന്നു. ഇനി അതിന്റെ കൂട്ടത്തില്‍ പ്ലാസ്റ്റിക്കോ റബറോ കൂടി ഉണ്ടെങ്കില്‍ വല്ലാത്ത നാറ്റവും ഡയോക്‌സിന്‍ പോലുള്ള വളരെ ഹാനികരമായ, കാന്‍സര്‍ വരെ ഉണ്ടാക്കാവുന്ന വാതകങ്ങളും ഉണ്ടാവുന്നു. ജൈവവസ്തുക്കളാണെങ്കില്‍ കമ്പോസ്റ്റ് ചെയ്യുകയും പ്ലാസ്റ്റിക്കും ലോഹവും കൊണ്ടു നിര്‍മിച്ച വസ്തുക്കള്‍ പുന:ചംക്രമണം ചെയ്യുകയുമാണ് ചെയ്യേണ്ടത്. ഗ്രാമങ്ങളില്‍ ജീവിച്ചിരുന്ന കാലങ്ങളില്‍ ചപ്പുചവറുകള്‍ പ്രശ്‌നമേയല്ലായിരുന്നു. എന്നാല്‍, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളായപ്പോഴാണ് ഈ പ്രശ്‌നങ്ങള്‍ ഗൗരവതരമായത്. പണ്ടു നാം ഗ്രാമങ്ങളില്‍ ജീവിച്ചിരുന്ന അതേ രീതിയില്‍ നഗരങ്ങളിലും ജീവിക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ പ്രത്യാഘാതം ഭയാനകമാവാം.
നഗരമാലിന്യങ്ങളെ പലതായി തരംതിരിക്കാം. ഒന്ന്, ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍. രണ്ട്, കടലാസ്, തുണിക്കഷണങ്ങള്‍, കാര്‍ഡ്‌ബോര്‍ഡ് കഷണങ്ങള്‍ തുടങ്ങി കാലക്രമേണ സ്വയം ദ്രവിച്ചോ അഴുകിയോ ഇല്ലാതാവുന്നതും കത്തിക്കാവുന്നവയുമായവ. മൂന്ന്, ചാരവും അവശിഷ്ടങ്ങളും. അതായത്, പാചകം ചെയ്യുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായി തീ കത്തിക്കുന്നതിന്റെ അവശിഷ്ടങ്ങള്‍. നാല്, യന്ത്രഭാഗങ്ങള്‍, ടയറുകള്‍, മരക്കൊമ്പുകള്‍ തുടങ്ങിയ വലുപ്പമുള്ള വസ്തുക്കള്‍. അഞ്ച്, പാതകള്‍ വൃത്തിയാക്കുമ്പോള്‍ കിട്ടുന്ന പൊടി, മൃഗങ്ങളുടെ കാഷ്ഠം, കരിയില എന്നിങ്ങനെയുള്ള മാലിന്യങ്ങള്‍. ആറ്, ചത്ത പട്ടി, പൂച്ച, പക്ഷി തുടങ്ങിയവ. ഏഴു കെട്ടിടം പണിഞ്ഞതിനുശേഷവും കേടുപാടുകള്‍ തീര്‍ക്കുമ്പോഴും പൊളിക്കുമ്പോഴും അവശേഷിക്കുന്ന കല്ല്, മണല്‍, സിമന്റ്, വലിയ കട്ടകള്‍, ഇരുമ്പിന്റെ ഭാഗങ്ങള്‍ എന്നിങ്ങനെയുള്ള വസ്തുക്കള്‍. എട്ട്, തടി, പ്ലാസ്റ്റിക് തുടങ്ങി ഭക്ഷ്യവസ്തുക്കള്‍ വരെയുള്ള വ്യവസായശാലകളില്‍നിന്നുള്ള അവശിഷ്ടങ്ങള്‍. ഒമ്പത്, ആശുപത്രികളില്‍നിന്നുള്ള ശരീരഭാഗങ്ങള്‍, മരുന്നുകള്‍, ഉപയോഗിച്ച സിറിഞ്ചുകള്‍, സൂചികള്‍ തുടങ്ങിയ അപകടകരമായ മാലിന്യങ്ങള്‍.
ആദ്യത്തെ തരത്തിലുള്ളവ പൊതുവെ വളരെ ദോഷം ചെയ്യുന്നവയല്ല. അവയെ സംസ്‌കരിക്കാനും വലിയ ബുദ്ധിമുട്ടില്ല. എന്നാല്‍, വെറുതെ കൂട്ടിയിട്ടിരുന്നാല്‍ അഴുകി ദുര്‍ഗന്ധം വമിക്കുകയും കീടങ്ങള്‍, തെരുവുപട്ടികള്‍ തുടങ്ങിയവയെ ആകര്‍ഷിക്കുകയും രോഗങ്ങള്‍ പരത്താന്‍ സഹായിക്കുകയും ചെയ്യും. നാമിപ്പോള്‍ ചെയ്യുന്നത് എല്ലാത്തരം മാലിന്യങ്ങളും ഒരുമിച്ചു കൂട്ടിയിടുകയാണ്; പലപ്പോഴും പ്ലാസ്റ്റിക് കൂടുകളില്‍. ഇത് തരംതിരിക്കുക എന്നത് വളരെ കഷ്ടമാണ്. വളരെ മനുഷ്യാധ്വാനം ആവശ്യമുള്ളതുമാണ്. ഇങ്ങനെ എല്ലാത്തരം മാലിന്യങ്ങളും വഴിയോരത്തോ മറ്റേതെങ്കിലും പൊതുസ്ഥലത്തോ കൂട്ടിയിടുക, അല്ലെങ്കില്‍ തുറസ്സായ സ്ഥലത്തിട്ട് തീയിടുക എന്നതാണ് മിക്ക നഗരങ്ങളിലും ഇപ്പോള്‍ ചെയ്തുവരുന്നത്. ഇതു തികച്ചും അശാസ്ത്രീയവും അപകടകരവുമായ നടപടിയാണെന്നതിനു സംശയമില്ല.
എന്നാല്‍, ഇനിയുമുണ്ട് പ്രശ്‌നങ്ങള്‍. പലതരം രോഗാണുക്കള്‍ക്കും അവയെ വഹിക്കുന്ന സൂക്ഷ്മജീവികള്‍ക്കും വളരാനുള്ള സാഹചര്യമൊരുക്കുകയാണ് അവയിലൊന്ന്. നാട്ടില്‍ പടര്‍ന്നുപിടിച്ച പല രോഗങ്ങള്‍ക്കും കാരണമായത് ഈ മാലിന്യക്കൂമ്പാരങ്ങളാണ്. അതുകൂടാതെ കുറേക്കൂടി വലിയ ജന്തുക്കളായ എലി, പട്ടി തുടങ്ങിയവയും ഈ കൂമ്പാരങ്ങളെ ആശ്രയിച്ചു വളരുന്നു. തെരുവുനായ്ക്കളെ പോറ്റിവളര്‍ത്തുന്നത് ഈ മാലിന്യക്കൂമ്പാരങ്ങളാണ്. മാലിന്യസംസ്‌കരണത്തിന് ഫലപ്രദമായ മാര്‍ഗം സ്വീകരിക്കാതെ കുറേ തെരുവുനായ്ക്കളെ കൊന്നതുകൊണ്ട് ആ പ്രശ്‌നം പരിഹരിക്കാനാവില്ല.
മാലിന്യങ്ങള്‍ ഗൗരവമായ പ്രശ്‌നമാവാന്‍ തുടങ്ങിയത് നഗരവല്‍ക്കരണത്തോടെയാണ്. ഗ്രാമവാസികളായിരുന്ന കാലത്ത് ധാരാളം തുറന്ന സ്ഥലവും കുറഞ്ഞതോതില്‍ വിഭവങ്ങള്‍ ഉപയോഗിക്കുന്ന ചെറിയ ജനസംഖ്യയുമായിരുന്നു ഉണ്ടായിരുന്നത്. മാത്രമല്ല, അക്കാലത്ത് ഉപയോഗിച്ചിരുന്ന പദാര്‍ഥങ്ങള്‍ മിക്കതും ജൈവപദാര്‍ഥങ്ങളായിരുന്നു. അവ പ്രകൃതിയില്‍ സ്വയം അഴുകി മറ്റു ജീവജാലങ്ങള്‍ക്ക് വളരാന്‍ സഹായിക്കുന്നവയുമായിരുന്നു. പണ്ടുകാലത്ത് മിക്ക രാജ്യങ്ങളിലെയും ജീവിതരീതി പ്രകൃതിക്ക് വളരെ അനുയോജ്യമായിരുന്നു എന്നതുകൊണ്ടുതന്നെ മാലിന്യം ഒരു പ്രശ്‌നമേയല്ലായിരുന്നു. നഗരവല്‍ക്കരണം മൂലം ജനങ്ങള്‍ ചെറിയ പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചപ്പോള്‍ തന്നെ മാലിന്യം വലിയ പ്രശ്‌നമായിത്തുടങ്ങി. വ്യാവസായിക വിപ്ലവവും ഉയര്‍ന്നതോതില്‍ വിഭവങ്ങള്‍ ഉപഭോഗം ചെയ്തുള്ള ജീവിതരീതിയും വന്നതോടെ മാലിന്യപ്രശ്‌നം ഗുരുതരമായി.
മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പല തലങ്ങളുണ്ട്. മാലിന്യം ഉല്‍പാദിപ്പിക്കാതിരിക്കുക എന്നതാവണമല്ലോ ഏറ്റവും അഭിലഷണീയമായത്. ഇതെങ്ങനെ സാധിക്കും എന്ന് സംശയിക്കാം. രൂപകല്‍പനയില്‍ മുതല്‍ക്ക് ഓരോ ഘട്ടത്തിലും ഈ ആവശ്യം മനസ്സില്‍ വയ്ക്കുന്നത് സഹായകമാവും. ഉദാഹരണമായി, ബുദ്ധിമുട്ടില്ലാതെ സംസ്‌കരിക്കാനാവുന്ന പദാര്‍ഥങ്ങള്‍ ഉപയോഗിക്കുക. വില്‍പനയ്ക്കായി അയക്കുമ്പോള്‍ സംസ്‌കരിക്കാന്‍ പ്രയാസമുള്ളവ ഒഴിവാക്കുക. ഒടുവില്‍ ഉപയോക്താവിന്റെ കൈവശമെത്തിക്കഴിഞ്ഞും കാര്യമായ മാലിന്യം വരുത്തിവയ്ക്കാതെ നോക്കുകയും ചെയ്യുക. ഇക്കാര്യം മനസ്സിലുണ്ടെങ്കില്‍ രൂപകല്‍പനയുടെ സമയത്തും ഉല്‍പാദന-വിപണന സമയങ്ങളിലും കുറേയൊക്കെ നടപ്പാക്കാന്‍ സാധിക്കുന്നതാണ്.
മറ്റുള്ളവര്‍ക്ക് രോഗങ്ങളുണ്ടാക്കും എന്ന പേരില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചിട്ടും വഴിയോരങ്ങളിലും പറമ്പുകളിലും എല്ലാത്തരം ചപ്പുചവറും കൂട്ടിയിട്ടു തീയിടുന്നത് നിരോധിക്കാത്തത് വിരോധാഭാസമല്ലേ? ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുകവലിയിലൂടെ ഉണ്ടാവുന്ന പുകയും ചാരവും എത്രയോ ചെറുതാണ്! സര്‍ക്കാരുകളും മുനിസിപ്പാലിറ്റികളും ഇതിനൊരു പരിഹാരമുണ്ടാക്കുന്നില്ലെങ്കില്‍ പൊതുജനം തന്നെ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.
അതിനെന്താണു വേണ്ടത്? ആദ്യമായി, മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ശ്രമിക്കണം. പ്ലാസ്റ്റിക് സഞ്ചികളാണ് ഏറ്റവുമധികം ദോഷം ചെയ്യുന്ന വസ്തുക്കള്‍. ഓരോ തവണ കടയില്‍ പോവുമ്പോഴും ഒരു പ്ലാസ്റ്റിക് സഞ്ചി വാങ്ങുന്നതിനു പകരം കൈയില്‍ തുണിസഞ്ചി കരുതിയാല്‍ അത് ആവര്‍ത്തിച്ച് ഉപയോഗിക്കാമല്ലോ. സ്വന്തം വാഹനത്തില്‍ യാത്രചെയ്യുന്നവര്‍ ഒരു സഞ്ചി വാഹനത്തില്‍ സ്ഥിരമായി വച്ചേക്കുക. ഇതുപോലെ, കുപ്പികള്‍ ടിന്നുകള്‍ തുടങ്ങി പല വസ്തുക്കളും പുനരുപയോഗിക്കാനാവുന്നതാണ്. മുമ്പ് എല്ലാവരും ചെയ്തുകൊണ്ടിരുന്നതുമാണ്. പേന മുതല്‍ വാഹനം വരെ ഉപയോഗശേഷം കളയുക എന്ന സംസ്‌കാരം വന്നതോടെയാണ് മാലിന്യങ്ങള്‍ നിയന്ത്രണാതീതമായത്. നമ്മുടെ ശീലങ്ങള്‍ തിരികെ പഴയതുപോലെയാക്കിയാല്‍ മാലിന്യത്തിന്റെ അളവ് വളരെയേറെ കുറയ്ക്കാനാവും. ഉദാഹരണമായി, ഒരുവശത്ത് എഴുതുകയോ അച്ചടിക്കുകയോ ചെയ്ത കടലാസുകള്‍ മറുവശത്ത് കുറിപ്പുകളെഴുതാനും അത്യാവശ്യത്തിന് പകര്‍പ്പെടുത്തുവയ്ക്കാനുമെല്ലാം ഉപയോഗിക്കാവുന്നതാണ്. ചിലരെല്ലാം അങ്ങനെ ചെയ്യുന്നുമുണ്ട്. അങ്ങനെ വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുന്നത് മിനക്കേടോ നാണക്കേടോ ആണെന്ന ചിന്തയാണ് പലരെയും അതില്‍നിന്നു പിന്തിരിപ്പിക്കുന്നത്.
മാലിന്യങ്ങള്‍ തരംതിരിച്ചുവയ്ക്കുകയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അങ്ങനെത്തന്നെ അവ ശേഖരിച്ച് ഓരോന്നും ഓരോ രീതിയില്‍ സംസ്‌കരിക്കുകയുമാണ് ചെയ്യേണ്ടത്. അങ്ങനെ ചെയ്താല്‍ മാലിന്യത്തിന്റെയും അതുമായി ബന്ധപ്പെട്ട തെരുവുനായ്ക്കളുടെയും പ്രശ്‌നം വലിയ ബുദ്ധിമുട്ടില്ലാതെ പരിഹരിക്കാനാവും.
Next Story

RELATED STORIES

Share it