Idukki local

നഗരമധ്യത്തിലെ ജീര്‍ണിച്ച കെട്ടിടം ഭീഷണിയായി



തൊടുപുഴ: നഗരമധ്യത്തിലെ ജീര്‍ണിച്ച ഇരുനില കെട്ടിടം ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന നിലയില്‍. ഇടുക്കി റോഡില്‍ ജോസ്‌ക്കോ ജൂവലറിക്ക് എതിര്‍വശത്തെ ഉപയോഗശൂന്യമായ ഓട് മേഞ്ഞ ഇരുനില കെട്ടിടമാണ് അതീവ അപകടാവസ്ഥയിലായത്. 80 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടം ഏതുസമയവും നിലംപൊത്താവുന്ന നിലയിലാണ്. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഏതാണ്ട് 30  അടിയോളം ഉയരത്തിലുള്ള വെട്ടുകല്‍ഭിത്തി വിണ്ടുകീറി ചാഞ്ഞുനില്‍ക്കുന്നു. കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് തകിട്‌കൊണ്ട് തീര്‍ത്ത ചാര്‍ത്ത് കഴിഞ്ഞ ദിവസം റോഡിലേക്ക് പതിച്ചിരുന്നു. വാഹനയാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഓടുകള്‍ പൊട്ടിവീഴുന്നത് ഇവിടെ പതിവാണ്. കെട്ടിടത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ദുരന്തം പ്രവചനാതീതമായിരിക്കും. കെട്ടിടത്തിന്റെ ഒരുവശത്ത് നിര്‍ദ്ദിഷ്ട വെസ്റ്റ് മാര്‍ക്കറ്റ് ലിങ്ക് റോഡിന്റെ ഭാഗമായ വഴിയാണ്. ഈ വഴിയിലൂടെയും നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. സെന്‍ട്രല്‍ ജുമാ മസ്ജിദിലെ മദ്രസയിലേക്ക് കോതായിക്കുന്ന് ഭാഗത്തുനിന്നും ചെറിയ കുട്ടികള്‍ അടക്കം സഞ്ചരിക്കുന്നത് ഈ വഴിയിലൂടെയാണ്. മുനിസിപ്പല്‍ ഫിഷ് മാര്‍ക്കറ്റിലേക്ക് ഇടുക്കി റോഡില്‍ നിന്നും ജനങ്ങള്‍ എളുപ്പത്തില്‍ എത്തിപ്പെടാന്‍ ഉപയോഗിക്കുന്നതും ഈ വഴിയാണ്. അപകടകരമായ നിലയില്‍ സ്ഥിതിചെയ്യുന്ന കെട്ടിടം പൊളിച്ചുമാറ്റി അപകടം ഒഴിവാക്കാന്‍ നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. തൊടുപുഴ  നഗരത്തിന്റെ ഉള്ളിലുള്ള പ്രാന്ത റോഡുകളില്‍ നിരവധി പഴയ കെട്ടിടങ്ങളാണ് ഏതുനിമിഷവും നിലംപതിക്കാവുന്ന സ്ഥിതിയിലുള്ളത്. പലതും ഇടിഞ്ഞു തുടങ്ങിയിട്ടുമുണ്ട്. കാലവര്‍ഷം ശക്തമായതോടെ മഴ പെയ്തു കുതിര്‍ന്ന നിലയിലാണ് ഇവയില്‍ അധികവും. തകര്‍ച്ചയിലെത്തിയ ചില കെട്ടിടങ്ങളില്‍ ഇപ്പോഴും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. നഗരത്തില്‍ ബംഗാളികള്‍ക്ക് അടക്കം വാടകയ്ക്കു കൊടുത്തിരിക്കുന്ന പല കെട്ടിടങ്ങളും അപകടഭീതി നിലനില്‍ക്കുന്നതാണ്. എന്നാല്‍, ഇക്കാര്യത്തില്‍ അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ല. നഗരസഭ ഭരണസമിതിയും ഇത് ഗൗരവത്തോടെ പരിഗണിച്ചിട്ടില്ല. തിരക്കേറെയുള്ള തൊടുപുഴ നഗരത്തില്‍ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ തകര്‍ന്നുവീണാല്‍ വന്‍ ദുരന്തമാവും സംഭവിക്കുക. നഗരത്തിലെ അപകടാവസ്ഥയിലായ കെട്ടിടങ്ങള്‍ കണ്ടെത്തി പൊളിച്ചുമാറ്റാനോ, ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനോ അധികൃതര്‍ അടിയന്തരമായി ഇടപടെണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നഗരത്തില്‍ വിവിധയിടങ്ങളില്‍ നിലംപതിക്കാറായ നിരവധി മരങ്ങളുമുണ്ട്. അടുത്തിടെ ശക്തമായ കാറ്റില്‍ തൊടുപുഴ പാലത്തിനു സമീപത്തെ മരം കടപുഴകയിരുന്നു. തലനാരിഴയ്ക്കാണ് അപകടം വഴിമാറിയത്. അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റി ഭീതി അകറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it