നഗരപ്രദേശവാസികള്‍ക്ക് വായ്പാധിഷ്ഠിത ഭവനപദ്ധതി

തിരുവനന്തപുരം: നഗരപ്രദേശത്തെ ഭവനരഹിതരായവര്‍ക്കായി രണ്ടു വര്‍ഷത്തിനകം 30000 പേര്‍ക്ക് ഭവനവായ്പ ലഭ്യമാക്കുന്നു. പദ്ധതിയില്‍ വിവിധ ബാങ്കുകള്‍ക്കുള്ള ലക്ഷ്യം നിശ്ചയിച്ചതായി കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എ ഷാജഹാന്‍ അറിയിച്ചു.
2022 ഓടെ നഗരപ്രദേശത്തെ എല്ലാവര്‍ക്കും പാര്‍പ്പിടങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന കേന്ദ്രപദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. പദ്ധതി നടപ്പാക്കാനുള്ള ചുമതല കുടുംബശ്രീക്കാണ്. സംസ്ഥാന നോഡല്‍ ഏജന്‍സിയായ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പതിനൊന്ന് നഗരസഭ(കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൊടുപുഴ, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, കല്‍പ്പറ്റ)കളിലെ അര്‍ഹരായ 26255 ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. പദ്ധതിപ്രകാരം പുതുതായി വീട് നിര്‍മിക്കുന്നതിനും വാങ്ങുന്നതിനും വാസയോഗ്യമല്ലാത്ത വീടുകളുടെ പുനരുദ്ധാരണത്തിനും ബാങ്ക്‌വായ്പ ലഭിക്കും.
മൂന്നു ലക്ഷത്തില്‍ കുറഞ്ഞ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ചതുരശ്രമീറ്റര്‍ കെട്ടിട നിര്‍മാണത്തിനും ആറു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 60 ചതുരശ്രമീറ്റര്‍ കെട്ടിട നിര്‍മാണത്തിനുമായി ബാങ്കില്‍ നിന്നു വായ്പ ലഭിക്കും.
പദ്ധതി ഗുണഭോക്താക്കളുടെ ആറു ലക്ഷം രൂപവരെയുള്ള ബാങ്ക് വായ്പയ്ക്ക് ആറര ശതമാനം പലിശ സബ്‌സിഡി നല്‍കും. ഇതിനു മുകളില്‍ വരുന്ന തുകയ്ക്ക് ബാങ്കുകള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സാധാരണ പലിശ നല്‍കണം. പലിശ ഇളവു ലഭിക്കുന്നത്‌വഴി വായ്പയെടുക്കുന്ന ഗുണഭോക്താവിന് പരമാവധി 2.2 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും.
Next Story

RELATED STORIES

Share it