thiruvananthapuram local

നഗരത്തെ നിശ്ചലമാക്കി സംവരണ സംരക്ഷണ റാലി

തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ സംയുക്ത സമിതിയും സാമൂഹിക സമത്വ മുന്നണിയും സംയുക്തമായി സംഘടിപ്പിച്ച സംവരണ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും തിരുവനന്തപുരം നഗരത്തെ നിശ്ചലമാക്കി. രാവിലെ 10.30ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച റാലി സെക്രട്ടേറിയറ്റ് പടിക്കല്‍ സമാപിച്ചു. പാളയം രക്തസാക്ഷി മണ്ഡപം, വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയര്‍, ഗാന്ധിപാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ച മാര്‍ച്ചില്‍ പതിനായിരങ്ങള്‍ അണിനിരന്നു. കുട്ടികളും വൃദ്ധരും അടങ്ങുന്ന ജനവിഭാഗം അണിനിരന്ന മാര്‍ച്ച് ഏറെ നേരത്തിന് ശേഷമാണ് സെക്രട്ടേറിയറ്റിന് മുമ്പില്‍ സമാപിച്ചത്. തുടര്‍ന്ന് നടന്ന സമ്മേളനം സംയുക്ത സമിതി ജനറല്‍ കണ്‍വീനറും കെപിഎംഎസ് ജനറല്‍ സെക്രട്ടറിയുമായ പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പ്രതിഷേധ സമ്മേളനം നടന്നു കൊണ്ടിരിക്കെ ഗതാഗതം പുനസ്ഥാപിക്കാനായി പോലിസ് വാഹനം സമരക്കാര്‍ക്കിടയിലൂടെ കൊണ്ടുപോവാന്‍ ശ്രമിച്ചത് ബഹളത്തിനിടയാക്കി. തുടര്‍ന്ന് മുദ്രാവാക്യം വിളികളുമായി സമരക്കാര്‍ പ്രതിഷേധിച്ചതോടെ പോലിസ് പിന്‍വാങ്ങി. രാവിലെ ആരംഭിച്ച സമരം വൈകീട്ട് നാലോടെയാണ് സമാപിച്ചത്. കെപിഎംഎസ്, വിഎസ്ഡിപി, മുസ്്‌ലിം ലീഗ്, എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി, വിപിഎംഎസ്, കേരള യാദവ സഭ, എംബിസിഎഫ്, കെവിവിഎസ്, കാംപസ് ഫ്രണ്ട്, കേരള പത്മശാലിയ സംഘം, അഖില കേരള എഴുത്തച്ചന്‍ സമാജം, അഖില കേരള വില്‍ക്കുറുപ്പ് മഹാസഭ, അഖില കേരള വിശ്വകര്‍മ മഹാസഭ, കേരള മണ്‍പാത്ര നിര്‍മാണ സമുദായ സഭ, കേരള വെളുത്തേടത്ത് നായര്‍ സമാജം എന്നീ സംഘടനകളുടെ ബാനറില്‍ പ്രവര്‍ത്തകര്‍ അണിനിരന്നു. കേരളത്തിലെ 70ഓളം സംവരണ സമുദായ സംഘടനകളുടെ പ്രാതിനിധ്യമുണ്ടായതായി സംഘാടകര്‍ അവകാശപ്പെട്ടു.
Next Story

RELATED STORIES

Share it