ernakulam local

നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് വാതില്‍ നിര്‍ബന്ധമാക്കി



കാക്കനാട്: നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് ഒടുവില്‍ വാതില്‍ നിര്‍ബന്ധമാക്കി. സിറ്റി പെര്‍മിറ്റുള്ള സ്വകാര്യ ബസുകളും ഇനി മുതല്‍ ഫിറ്റ്‌നസ് പരിശോധനക്ക്  എത്തുമ്പോള്‍ കതക് ഘടിപ്പിക്കണമെന്ന് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). അല്ലാത്തവര്‍ക്ക് സി എഫ് നല്‍കേണ്ടതില്ലെന്നും ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കൊച്ചി നഗരത്തില്‍ യാത്രക്കാര്‍ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഗതാഗത വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും നടപ്പാക്കിയിരുന്നില്ല. നിലവില്‍ ഉള്‍പ്രദേശങ്ങളില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് വാതിലുണ്ട്. എന്നാല്‍, സിറ്റി പെര്‍മിറ്റില്‍ ഓടുന്ന ബസുകള്‍ക്ക് ഈ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചിരുന്നു. ഇത് ഒഴിവാക്കി കൊണ്ട് കേരള മോട്ടോര്‍ വാഹന നിയമം 28ാംവകുപ്പിലെ രണ്ടാം ഉപ വകുപ്പ് ഭേദഗതി ചെയ്തായിരുന്നു പുതിയ ഉത്തരവ്. എറണാകുളം ആര്‍ടിഎ ബോര്‍ഡ് യോഗമാണ് സിറ്റി ബസുകള്‍ക്കു വാതില്‍ നിര്‍ബന്ധമാക്കാന്‍ ആദ്യം തീരുമാനിച്ചത്. ഇതു 2014 ലായിരുന്നു. കതകില്ലാത്ത ബസില്‍ നിന്നു യാത്രക്കാര്‍ തെറിച്ചുവീണ് ഉണ്ടാകുന്ന അപകടങ്ങള്‍ പരിഗണിച്ചായിരുന്നു തീരുമാനം. ബസുകളില്‍ ന്യൂമാറ്റിക് കതകുകളോ അല്ലെങ്കില്‍ സാധാരണ കതകുകളോ പിടിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം.എന്നാല്‍, സിറ്റി സര്‍വീസ് ബസുകളില്‍ കതക്് പിടിപ്പിക്കാനുള്ള ആര്‍ടിഎ ബോര്‍ഡ്്് തീരുമാനം കേരള മോട്ടോര്‍ വെഹിക്കള്‍ ആക്ടിനു വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബസുടമ സംഘടന ട്രാന്‍സ്‌പോര്‍ട്ട് അഫിലിയേറ്റ് ട്രിബ്യൂണലിനെ സമീപിച്ച് തീരുമാനത്തിനു സ്‌റ്റേ വാങ്ങി. നഗരത്തില്‍ നൂറുമീറ്റര്‍ അടിപ്പിച്ചുള്ള സ്‌റ്റോപ്പുകളുള്ളതുകൊണ്ട് കതക് നിര്‍ബന്ധമല്ലെന്ന് വാദിച്ചാണ് അഫിലിയേറ്റ് ട്രിബ്യൂണലില്‍ നിന്ന് അനുകൂല ഉത്തരവ് വാങ്ങിയത്. ഇതോടെ സിറ്റി ബസുകളില്‍ കതക്്്് ഘടിപ്പിക്കാനുള്ള ഉത്തരവ് അപ്രസക്തമായി. തുടര്‍ന്ന് ഏറെ നാളത്തെ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ മോട്ടോര്‍ വെഹിക്കള്‍ ആക്ട്് ഭേദഗതി ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനമെടുത്തു. കതകില്ലാത്ത ബസില്‍ നിന്ന് യാത്രക്കാര്‍ തെറിച്ച് വീണുണ്ടാകുന്ന അപകടങ്ങളുടെ ഗൗരവം വാഹനവകുപ്പ് സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it