kozhikode local

നഗരത്തില്‍ സ്ലാബുകള്‍ തകര്‍ന്ന് അപകടം പതിവാകുന്നു

വടകര: നഗരത്തിലെ വിവിധ ഭാഗങ്ങളിലെ ഓവുചാലുകള്‍ മൂടപ്പെട്ട സ്ലാബുകള്‍ തകര്‍ന്നത് അപകടത്തിന് കാരണമാകുന്നു. പഴയ ബസ്സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ റോഡ്, പുതിയ ബസ്സ്സ്റ്റാന്‍ഡ് തുടങ്ങിയ ഭാഗങ്ങളിലാണ് സ്ലാബുകള്‍ തകര്‍ന്ന് വന്‍ അപകടങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. കാല്‍ നടയാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന ഇത്തരം സ്ലാബുകള്‍ തകര്‍ന്നത് അധികൃതരെ അറിയിച്ചിട്ടും പുനപ്രവൃത്തി നടത്താന്‍ തയ്യാറാവാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. മാത്രമല്ല സ്ലാബ് തകര്‍ന്നിടങ്ങളില്‍ റോഡ് തകരുകയും വലിയ കുഴി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഡിവൈഎസ്പി ഓഫിസിന് മുന്‍വശത്തായി സ്ലാബ് തകര്‍ന്ന് വന്‍ ഗര്‍ത്തമാണ് രൂപപ്പെട്ടിട്ടുള്ളത്. ദിവസവും വിദ്യാര്‍ഥികളും, ഉദ്യോഗസ്ഥരുമടക്കം നൂറ് കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന വഴിയാണിത്. കഴിഞ്ഞ രണ്ട് ദിവസം തുടര്‍ച്ചയായി വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പെട്ടിരുന്നു. കാറുകള്‍ പിറകോട്ടെടുക്കുമ്പോള്‍ സ്ലാബ് തകര്‍ന്നതിന് ശേഷം രൂപപ്പെട്ട വലിയ കുഴിയിലേക്കാണ് വാഹനങ്ങള്‍ മറിഞ്ഞത്. ഇന്നലെ വൈകീട്ട് 5 മണിയോടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ സ്വകാര്യ കാറാണ് ഈ കുഴിയിലേക്ക് മറിഞ്ഞത്. ഉടന്‍ തന്നെ നാട്ടുകാര്‍ വന്നതോടെയാണ് വലിയ അപകടത്തില്‍ നിന്നും കാറുടമ രക്ഷപ്പെട്ടത്.സ്ലാബുകള്‍ തകര്‍ന്നത് മാത്രമല്ല നിര്‍മാണത്തിന് ഉപയോഗിച്ച കമ്പികളും പുറത്തായിരിക്കുകയാണ് ഇവിടങ്ങളില്‍. സാധാരണയായി മഴക്കാലത്തിന് മുമ്പ് ദ്രുതഗതിയില്‍ ഓവുചാലുകള്‍ മൂടണമെന്നും മാലിന്യം പുറത്തേക്ക് വരുന്നത് തടഞ്ഞില്ലെങ്കില്‍ പകര്‍ച്ചാവ്യാധികള്‍ പടരാനും സാധ്യതയുള്ളതിനാല്‍ പ്രവൃത്തികള്‍ നടത്തുമെന്നാണ് അധികൃതര്‍ പറയാറുള്ളത്. എന്നാല്‍ വടകര നഗരസഭയുടെ കീഴില്‍ ഇത്തരം പ്രവൃത്തികളൊന്നും വര്‍ഷങ്ങളായി നടക്കുന്നില്ല. വടകര പഴയ സ്റ്റാന്‍ഡിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ കുഴിയും ചോര്‍ച്ചയും യാത്രക്കാരെ വലയ്ക്കുന്നതായി പരാതി ഉയര്‍ന്നു. സ്റ്റാന്‍ഡിന്റെ പടിഞ്ഞാറുഭാഗത്ത് കൊയിലാണ്ടി, പേരാമ്പ്ര, കോട്ടക്കല്‍ ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തുന്നതിന് പിറകിലായാണ് സ്ലാബ് തകര്‍ന്ന് കുഴിയായത്. ഇവിടെ കുഴിരൂപപ്പെട്ടിട്ട് മാസങ്ങളായി. തൊട്ടടുത്തു തന്നെ മറ്റൊരു കുഴി കൂടിയുണ്ട്. വൈകുന്നേരങ്ങളില്‍ ഇവിടെ വിദ്യാര്‍ഥികളുടെ നല്ല തിരക്കുണ്ടാകും. കുഴിയില്‍ ഇലകളുംമറ്റും കുത്തിവെച്ച് അപായ സൂചന നല്‍കുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനു പ്രാധാന്യം നല്‍കാത്ത അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്.
Next Story

RELATED STORIES

Share it