Kollam Local

നഗരത്തില്‍ വീണ്ടും കഞ്ചാവ് വേട്ട: അഞ്ച്‌പേര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എക്‌സൈസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നാല് കിലോ കഞ്ചാവുമായി അഞ്ച് പേര്‍ അറസ്റ്റിലായി. ട്രെയിന്‍ മാര്‍ഗം തമിഴ്‌നാട്ടില്‍ നിന്നും വന്‍തോതില്‍ കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തുന്നതായി സമീപകാലത്ത് അറസ്റ്റിലായ പ്രതികള്‍ നല്‍കിയ സൂചന  പ്രകാരം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി കെ സനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ സംഘം റെയില്‍വേ സ്‌റ്റേഷനിലും പരിസരത്തും കര്‍ശന നിരീക്ഷണം നടത്തിയതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടിലെ ദിണ്ഡിഗല്‍ എന്ന സ്ഥലത്തു നിന്നും വാങ്ങിയ കഞ്ചാവുമായി  പ്രതികള്‍ പിടിയിലായത്. പള്ളിമുക്ക് പെരുമന തൊടിയില്‍ വീട്ടില്‍ സെയ്ദലി ബാസിത്(21), കൊട്ടിയം വലിയവിള വീട്ടില്‍ അല്‍അമീന്‍(19), അയത്തില്‍ മനക്കര പടിഞ്ഞാറ്റതില്‍ വീട്ടില്‍ ഫൈസല്‍(19), പുന്നപ്ര കളരിയ്ക്കല്‍ ക്ഷേത്രത്തിന് സമീപം അഞ്ചില്‍ വീട്ടില്‍ നിയാസ്(36), അമ്പലപ്പുഴ ഫാത്തിമ മന്‍സിലില്‍ വീട്ടില്‍ ആരിഫ്(31) എന്നിവര്‍ നാല് കിലോ കഞ്ചാവുമായി പിടിയിലായത്.കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും കൊല്ലം എക്‌സൈസ് സര്‍ക്കിള്‍, കൊല്ലം എക്‌സൈസ് റേഞ്ച് പാര്‍ട്ടികളും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളാണ്. ഇരവിപുരം എസ്‌ഐയെ ആക്രമിച്ച കേസിലും പോലിസിനെ വാള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ കേസിലും കൊലപാതക ക്കേസിലും പ്രതിയാണ് സെയ്ദലി ബാസിത്. നിയാസ്, ആരിഫ് എന്നിവര്‍ ക്വട്ടേഷന്‍ സംഘങ്ങളാണ്. ആന പാപ്പാനായ അല്‍അമിന്‍ ഉല്‍സവങ്ങളുടെ മറവിലാണ് കഞ്ചാവ് വില്‍പന നടത്തുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി കെ സനു, സിഐ വി രാജേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം കൃഷ്ണകുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ ബി ദിനേശ്, ഷിഹാബുദ്ദീന്‍, വിധുകുമാര്‍, ഗോപന്‍, സുരേഷ് ബാബു, ഷാഡോ ടീം അംഗങ്ങളായ ബിജുമോന്‍, പ്രസാദ്കുമാര്‍, അരുണ്‍ ആന്റണി, എവേഴ്‌സന്‍ലാസര്‍, സോണി, അനീഷ്, സുനില്‍, ജയകൃഷ്ണന്‍, അഖില്‍, ജ്യോതി, വിജില്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മദ്യ മയക്കുമരുന്ന് സംബന്ധമായ പരാതികളും രഹസ്യങ്ങളും കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ 9496002862 എന്ന നമ്പരില്‍ അറിയിക്കണമെന്നും വിവരം തരുന്ന വ്യക്തികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it