Kottayam Local

നഗരത്തില്‍ മാലിന്യം കുന്നുകൂടുന്നു; നിര്‍മാര്‍ജന പദ്ധതികള്‍ അവതാളത്തില്‍

ചങ്ങനാശ്ശേരി: മഴ ശക്തമായി തുടങ്ങിയതോടെ നഗരത്തിലെങ്ങും മാലിന്യങ്ങള്‍ വര്‍ധിക്കുന്നു.ഒപ്പം ഇവയുടെ സംസ്‌കരണവുമായി ബന്ധപ്പെട്ട പദ്ധതികളും അവതാളത്തിലായി.  നിരവധി കച്ചവട സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന മുനിസിപ്പല്‍ ആര്‍ക്കേഡില്‍ മാലിന്യം നിറഞ്ഞിട്ടു നാളേറെയായി. ഇതേത്തുടര്‍ന്നു ഇവിടെ കൊതുകു ശല്യവും ദുര്‍ഗന്ധവും വ്യാപകമായി. ഇവിടെയെത്തുന്ന നൂറുകണക്കിനു ആളുകള്‍ക്കും കച്ചവടക്കാര്‍ക്കും  ഇതു ഏറെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. കൂടാതെ പി പി ജോസ് റോഡ്, പെരുന്ന ബസ് സ്റ്റാന്റ്,  ഒന്നാം നമ്പര്‍ ബസ് സ്റ്റാന്റ്, ടിബി റോഡ് എന്നിവിടങ്ങളിലും മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നത് നിത്യകാഴ്ചയാണ്.
എസ്ബി കോളജിനു സമീപം ടൗണ്‍ഹാളിനു സമീപമുള്ള ഗസ്റ്റ് ഹൗസിലെ കക്കൂസ് ടാങ്ക് ചോര്‍ന്നൊലിച്ചു മാലിന്യം സമീപത്തെ വേഴക്കാട്ടുചിറ കുളത്തിലേക്കും റോഡിലേക്കും ഒഴുകാനും തുടങ്ങിയിട്ടും ഏറെ നാളായി. നഗരത്തിലെ പ്രധാന ജലസ്രോതസ്സായ ഉമ്പുഴിച്ചിറ തോട്ടിലും വീണ്ടും മാലിന്യം വര്‍ധിച്ചു തുടങ്ങി. എന്നാല്‍ വേണ്ടത്ര നീരൊഴുക്കു ആരംഭിച്ചിട്ടില്ലാത്തതിനാല്‍ അവ തോട്ടില്‍ കൂടിക്കിടക്കുന്നത് കൊതുകുകകള്‍ വളരാനും ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനു പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ക്കായിട്ടില്ല. മഴ ആരംഭിക്കുന്നതിനെത്തുടര്‍ന്നു ജലജന്യ രോഗങ്ങള്‍ പടരാനുള്ള സാധ്യതയും  മാലിന്യങ്ങള്‍ പതിവുപോലെ സംസ്‌കരിക്കാനും കഴിയാത്ത സാഹചര്യവും മുന്നില്‍ കണ്ട്  മുന്‍കാലങ്ങളില്‍ പല പദ്ധതികള്‍ക്കു രൂപം നല്‍കിയെങ്കിലും അവയെല്ലാം  പൂര്‍ത്തീകരിക്കാനാവാത്ത അവസ്ഥയിലുമാണ് പഞ്ചായത്തുകളും നഗരസഭയും. സമാനമായ നിലയില്‍ സമീപ പഞ്ചായത്തുകളിലും മാലിന്യം നിര്‍മാര്‍ജനം  എങ്ങുമെത്താത്ത അവസ്ഥയിലാണ്.
നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ വഴി കേന്ദ്രസര്‍ക്കാരും കോടിക്കണക്കിനു രൂപാ മാലിന്യ നിര്‍മാര്‍ജനത്തിനും മറ്റുമായി  അനുവദിച്ചെങ്കിലും ക്രിയാത്മകമായി ചെലവഴിക്കാഞ്ഞതു കാരണം അതും ഫലവത്തായില്ല. മാലിന്യം ഉല്‍ഭവിക്കുന്നിടത്തുവച്ച് തന്നെ  സംസ്‌കരിക്കുവാന്‍ ജനങ്ങളെ ബോധ—വാന്മാരാക്കുക, കൊതുകു നിവാരണത്തിനും ജലജന്യരോഗങ്ങള്‍ പടരാതിരിക്കാനും മുന്‍കരുതലെടുക്കുക തുടങ്ങിയവയായിരുന്നു നിര്‍ദേശങ്ങളില്‍ ചിലത്.അതിനായി വാര്‍ഡ് തല മോനിറ്ററിങ് കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍  മാലിന്യനിര്‍മാര്‍ജനത്തിന്റെ പ്രധാന ഘടകമായ —നിക്ഷേപത്തിനും സംസ്‌കരണത്തിനും ഇടം കിട്ടാതെ മിക്ക പഞ്ചായത്തുകളും ബുദ്ധിമുട്ടുകയുമാണ്.അതിനുവേണ്ട സാമ്പത്തിക ഭദ്രതയില്ലാത്തതും പഞ്ചായത്തുകളെ വെട്ടിലാക്കിയിട്ടുണ്ട്.
ജനസാന്ദ്രത വര്‍ധിച്ചതുകാരണം മാലിന്യം നിക്ഷേപിക്കാനിടമില്ലാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.താലൂക്കിലെ കുറിച്ചി,പായിപ്പാട്,തൃക്കൊടിത്താനം,വാഴപ്പള്ളി,മാടപ്പള്ളി, പഞ്ചായത്തുകളെ കൂടാതെ ചങ്ങനാശ്ശേരി നഗരസഭയിലും മാലിന്യ പ്രശ്‌നം പരിഹരിക്കാനാവാതെ അനന്തമായി നീളുകയാണ്. ഫാത്തിമാപുരത്തെ ഡംപിംങ് സ്റ്റേഷനില്‍ അമിതമായി മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ നാട്ടുകാര്‍ രംഗത്തിറങ്ങുകയും നിക്ഷേപം തടയുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്നു മാലിന്യം നീക്കം ചെയ്യാന്‍ സ്വകാര്യ വക്തിക്കു കരാര്‍ നല്‍കിയെങ്കിലും മാലിന്യനീക്കം എങ്ങുമെത്തിയില്ല.ഇത്തരത്തില്‍  സംസ്‌കരണ പദ്ധതികളെല്ലാം അവതാളത്തിലായിരിക്കുകയാണ്.
Next Story

RELATED STORIES

Share it