thrissur local

നഗരത്തില്‍ പെരുന്നാള്‍ വിപണി സജീവം; ഗതാഗതക്കുരുക്ക് പതിവായി



ചാവക്കാട്: നഗരത്തില്‍ പെരുന്നാള്‍ വിപണി സജീവം. പെരുന്നാളിന് പുതുവസ്ത്രങ്ങളെടുക്കാനും മറ്റു വീട്ടുസാധനങ്ങള്‍ വാങ്ങാനുമായി വന്‍ തിരക്കാണ് നഗരത്തില്‍ അനുഭവപ്പെടുന്നത്. ഇതിനിടയില്‍ നഗരത്തില്‍ ഗതാഗതക്കുരുക്കും പതിവായി.പലയിടത്തും പോലിസിന്റെ തക്കതായ ഇടപെടലുകളാണ് പലഭാഗത്തും ട്രാഫിക് ബ്ലോക്ക് ഒഴിവാക്കിയത്. പെരുന്നാള്‍ അടുത്തതോടെ നഗരത്തില്‍ വഴിവാണിഭക്കാരും സ്ഥാനം പിടിച്ചിട്ടുണ്ട്. ഫുട്പാത്തുകളിലടക്കം സാധനങ്ങള്‍ നിരത്തിവെച്ചാണ് ഇവരുടെ കച്ചവടം. തുണിക്കടകള്‍, ചെരുപ്പ് കടകള്‍, ഫാന്‍സി കടകള്‍ എന്നിവിടങ്ങളിലാണ് കൂടുതലും തിരക്ക്. മൈലാഞ്ചി വില്‍ക്കുന്ന കടകള്‍ക്ക് മുമ്പില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ തിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്. ഇത്തവണ പെരുന്നാള്‍ വിപണിയും ന്യൂ ജനറേഷന്‍ ആയിട്ടുണ്ട്. പുതിയ ട്രെന്‍ഡി വസ്ത്രങ്ങള്‍ക്കും ചെരുപ്പുകള്‍ക്കുമൊക്കെയാണ് ആവശ്യക്കാരേറെ. വലിയ ബ്രാന്‍ഡുകള്‍ക്ക് പിന്നാലെ പോകാതെ ചെറിയ വിലക്ക് വഴിയോര കച്ചവടക്കാരില്‍നിന്ന് പുതുവസ്ത്രങ്ങള്‍ വാങ്ങുന്നവരും കുറവല്ല. ഇതറിഞ്ഞ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വന്‍ ഓഫറുകളുമായി വന്‍കിട വസ്ത്ര വ്യാപാര ശാലകളും മത്സരിക്കുകയാണ്. പെരുന്നാള്‍ തിരക്കു വര്‍ധിച്ചതോടെ രാത്രിവൈകിയാണ് മിക്ക സ്ഥാപനങ്ങളും അടക്കുന്നത്. കൂടുതല്‍ ഡിസൈനുകളും മോഡലുകളുമായി വ്യാപാര സ്ഥാപനങ്ങള്‍ ഇടപാടുകാരെ ആകര്‍ഷിക്കാന്‍ തുടങ്ങിയതോടെ നാടും നഗരവും ഇപ്പോള്‍ തന്നെ പെരുന്നാളിന്റെ ഉല്‍സവ ലഹരിയിലാണ്. പുത്തനുടുപ്പും ചെരിപ്പും ആഭരണങ്ങളുമൊക്കെ വാങ്ങി ഒരിക്കല്‍ കൂടി പെരുന്നാളിനെ ആഘോഷപൂര്‍വം വരവേല്‍ക്കാനുള്ള തിരക്കിലാണ് വിശ്വാസികള്‍. അതേ സമയം, മല്‍സ്യ സമ്പത്തിന്റെ കുറവും ട്രോളിംങ്ങ് നിരോധനവും മൂലം മല്‍സ്യത്തൊഴിലാളി കുടുബങ്ങളിലെ പെരുന്നാള്‍ ഒരുക്കങ്ങള്‍ക്ക് നിറം മങ്ങലേറ്റിട്ടുണ്ട്.
Next Story

RELATED STORIES

Share it