kozhikode local

നഗരത്തില്‍ ഓട്ടോ തൊഴിലാളി സംഘര്‍ഷം പതിവാകുന്നു

കോഴിക്കോട്: നഗരത്തില്‍ സര്‍വീസ് നടത്താനുള്ള സിസി പെര്‍മിറ്റുകളുടെ മറിച്ചു വില്‍പന ഓട്ടോറിക്ഷാ തൊഴില്‍ സംരംഭകരേയും യാത്രക്കാരേയും പ്രതിസന്ധിയിലാക്കുന്നു. ആര്‍ടി ഓഫിസുകളില്‍ 350 രൂപ ഫീസ് ഈടാക്കി നല്‍കുന്ന സിസി പെര്‍മിറ്റുകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇടനില സംഘം രണ്ടര ലക്ഷം രൂപവരെ ഈടാക്കിയാണ് മറിച്ചു വില്‍ക്കുന്നത്. അതുകൊണ്ട് തന്നെ സ്വയം തൊഴില്‍ സംരംഭക പദ്ധതികളിലൂടെയും മറ്റും ഓട്ടോറിക്ഷാ തൊഴിലിലേക്ക് കടന്നുവരുന്ന സാധാരണക്കാര്‍ ഇടനിലക്കാരുടെ ചൂഷണത്തിനും ഭീഷണിക്കും വഴങ്ങി ഈ മേഖലതന്നെ ഉപേക്ഷിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വാഹനവില്‍പനക്കാരും ഇടനിലക്കാരും ട്രാന്‍സ്‌പോര്‍ട്ട്് വകുപ്പിലെ ചില ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സിസി പെര്‍മിറ്റിന്റെ ഊഹക്കച്ചവടം പൊടിപൊടിക്കുന്നത്. ഇതിനെ തുടര്‍ന്ന് നഗരത്തിലെ ഓട്ടോറിക്ഷകളുടെ എണ്ണം ചുരുങ്ങി വരികയും, ഉള്ളവയിലെ ഡ്രൈവര്‍മാരുടെ ഇന്റര്‍വ്യൂവിനെ തുടര്‍ന്ന് ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ഓട്ടോറിക്ഷാ സേവനം ലഭ്യമാവാത്ത അവസ്ഥയുമായി. ഏതാണ്ട് നാലായിരത്തി അഞ്ഞൂറോളം സിസി പെര്‍മിറ്റുകള്‍ ഉള്ള ഓട്ടോറിക്ഷകള്‍ നഗരത്തിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, ഇവയില്‍ പകുതി എണ്ണം പോലും ഇപ്പോള്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്നില്ല. സിസി പെര്‍മിറ്റുള്ള ഓട്ടോറിക്ഷകളില്‍ ഏതാണ്ട്് പകുതിയും വാഹന വില്‍പ്പനക്കാര്‍ മറിച്ചു വില്‍പ്പനക്കായി കൈവശം വെച്ചിരിക്കുകയാണ്. മിച്ചമുള്ളവ അപകടങ്ങളിലും മറ്റും പെട്ട് നിരത്തിലിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയില്‍ വര്‍ക്ക് ഷോപ്പുകളിലാണ്. സിസി പെര്‍മിറ്റുള്ള ഓട്ടോറിക്ഷകളില്‍ ഒരു വിഭാഗം നഗരത്തിനു പുറത്തും സര്‍വീസ് നടത്തുന്നുണ്ട്. മുമ്പ് നഗരസഭാ പരിധിക്കു പുറത്തായിരുന്ന എലത്തൂര്‍, ചെറുവണ്ണൂര്‍-നല്ലളം, ബേപ്പൂര്‍ പഞ്ചായത്തുകള്‍ ഇപ്പോള്‍ നഗരസഭയില്‍ ഉള്‍പ്പെടുത്തിയെങ്കിലും അവിടെ സര്‍വീസ് നടത്തിയിരുന്ന ഓട്ടോറിക്ഷകള്‍ക്ക് സിസി പെര്‍മിറ്റ് നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതിനെ തുടര്‍ന്ന് അവിടങ്ങളില്‍ നേരത്തേ സര്‍വീസ് നടത്തിയിരുന്ന സിസി പെര്‍മിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷാ തൊഴിലാളികളും സിസി പെര്‍മിറ്റ് ഉള്ളവരും തമ്മില്‍ സംഘര്‍ഷം പതിവാണ്. ഈ പ്രദേശങ്ങള്‍ കോര്‍പറേഷന്‍ പരിധിയിലായതിനെ തുടര്‍ന്ന് ഇവിടങ്ങളിലെ ഓട്ടോറിക്ഷകള്‍ക്ക് സിസി പെര്‍മിറ്റ് നല്‍കണമെന്ന തൊഴിലാളികളുടെ ആവശ്യവും പരിഗണിക്കപ്പെടുന്നില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിലധികമായി ആര്‍ടിഒ അധികൃതര്‍ പുതിയ സിസി പെര്‍മിറ്റ് നല്‍കാത്തതും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. നഗരത്തോട് ചേര്‍ന്നു നില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും ഓട്ടം വരുന്ന ഓട്ടോ തൊഴിലാളികളും സിസി പെര്‍മിറ്റ് ഉള്ള തൊഴിലാളികളും തമ്മില്‍ യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ സംഘര്‍ഷവും കയ്യാങ്കളിയും നടന്നിട്ടും ഇക്കാര്യത്തില്‍ ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സിസി പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ വില്‍പ്പന നടത്തുമ്പോള്‍ സിസി പെര്‍മിറ്റുകള്‍ ആര്‍ടിഒ ഓഫിസുകളില്‍ സറണ്ടര്‍ ചെയ്യണമെന്ന നിബന്ധന കൊണ്ടുവന്നാല്‍ ഈ മേഖലയിലെ ഊഹക്കച്ചവടവും മറിച്ചുവില്‍പ്പനയും തടയാവുന്നതേയുള്ളൂ. എന്നാല്‍ ചില കോണുകളില്‍ നിന്നുള്ള സമ്മര്‍ദ്ധത്തിന്റെ ഫലമായാണ് ഇത്തരം ഒരു തീരുമാനം കൈക്കൊള്ളാന്‍ അധികൃതര്‍ മടിക്കുന്നതെന്നും ആരോപണമുണ്ട്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണം എന്നാവശ്യപ്പെട്ട് സിസി പെര്‍മിറ്റ് ലഭിക്കാത്ത ഓട്ടോ തൊഴിലാളികള്‍ ഒരു മാസം മുമ്പ് ജില്ലാ കലക്ടര്‍ക്ക് കൂട്ട നിവേദനം നല്‍കിയിരുന്നെങ്കിലും യാതൊരു തുടര്‍നടപടികളും ഉണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it