palakkad local

നഗരത്തിലെ ബസ് സ്റ്റാന്റുകള്‍ ഇരുട്ടില്‍; കണ്ണുതുറക്കാതെ ഭരണകൂടം

പാലക്കാട്: നഗരത്തിലെ ഏറെ തിരക്കുള്ള ബസ് സ്റ്റാന്റുകള്‍ മാസങ്ങളായി ഇരുട്ടില്‍ മുങ്ങുമ്പോഴും കണ്ണുതുറക്കാതെ ഭരണകൂടം. മുനിസിപ്പല്‍ സ്റ്റാന്റില്‍ സന്ധ്യ മയങ്ങിയാല്‍ യാത്രക്കാര്‍ക്ക് ആശ്രയം ബസ്സുകളുടെ ഹെഡ്‌ലൈറ്റില്‍ നിന്നുള്ള വെട്ടമോ മൊബൈല്‍ ഫോണിലെ ടോര്‍ച്ചോ മാത്രം. സ്റ്റാന്റിനകത്തെ സോഡിയം ലാമ്പുകള്‍ കണ്ണടച്ചിട്ട് കാലങ്ങളായി. ഇവ നന്നാക്കുന്നതിനെപ്പറ്റി ഭരണകൂടം ചിന്തിച്ചിട്ടേയില്ല. നഗര പരിധിയില്‍ മിക്കയിടത്തും ഹൈമാസ്റ്റ് വിളക്കുകളും മിനി ഹൈമാസ്റ്റ് വിളക്കുകളുമൊക്കെ സ്ഥാപിച്ചപ്പോള്‍ മുനിസിപ്പല്‍ സ്റ്റാന്റില്‍ അത്തരമൊരു ലൈറ്റ് സ്ഥാപിക്കാന്‍ ഭരണകൂടം മറന്നുപോയി.
എട്ടു മണി കഴിഞ്ഞാല്‍ ബസ്സുകള്‍ കുറയുന്ന ബസ് സ്റ്റാന്റില്‍ ഇരുട്ടിന്റെ മറവില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും തകൃതിയാണ്. സ്റ്റേഡിയം സ്റ്റാന്റിലെ സ്ഥിതി ഏറെ പരിതാപകരമാണ്. സ്റ്റാന്റിനകത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച എട്ടു ലൈറ്റുകളുള്ള ഹൈമാസ്റ്റ്  വിളക്കുകളാവട്ടെ മിക്കപ്പോഴും പ്രവര്‍ത്തനരഹിതമാണ്. പലപ്പോഴും പത്രവാര്‍ത്തകള്‍ വന്നാല്‍ മിഴി തുറക്കുമെങ്കിലും നാളുകള്‍ കഴിഞ്ഞാല്‍ പിന്നെയും പഴയപടിയാകും. സ്റ്റാന്റിനു മുന്‍വശത്തെ ട്രാക്കുകള്‍ക്കു മുകളിലുള്ള സ്റ്റേഡിയം ലാമ്പുകളാകട്ടെ പ്രവര്‍ത്തനരഹിതമായിട്ട് വര്‍ഷങ്ങളായി. വാളയാര്‍ ബസ്സുകള്‍ നിര്‍ത്തുന്ന ട്രാക്കുകള്‍ക്കു മുകളിലെ സോഡിയം വിളക്ക് മാത്രമായിരുന്നു ഇതുവരേ കത്തിയിരുന്നതെങ്കില്‍ ഇതും മിഴിയടച്ചിട്ട് മാസങ്ങളായി.
സ്റ്റാന്റിനു വടക്കുവശത്തെ ട്രഞ്ചിങ്് ഗ്രൗണ്ടിനു സമീപം അടുത്തകാലത്തായി മിനി ഹൈമാസ്സ് വിളക്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാര്‍ക്ക് ഇതിന്റെ  വെളിച്ചം പ്രയോജനപ്പെടുന്നില്ല. സ്റ്റാന്റിനകത്തേക്ക് ബസ്സുകള്‍ കയറുന്നിടത്ത് ഓട്ടോ സ്റ്റാന്റുണ്ടെങ്കിലും വെളിച്ചമില്ലാത്തതിനാല്‍ യാത്രക്കാര്‍ ഏറെ ദുരിതത്തിലാണ്. മുന്‍വശത്തെ സോഡിയം ലാമ്പുകള്‍ കത്താത്തതിനു പുറമെ ആകെ വെളിച്ചമുണ്ടായിരുന്ന ഹൈമാസ്റ്റ്  വിളക്കുകൂടി കണ്ണടച്ചതോടെ സ്റ്റാന്റിനകം മൊത്തം ഇരുട്ടിലാണ്. സന്ധ്യ മയങ്ങിയാല്‍ സ്റ്റാന്റിനകത്ത് മദ്യപന്മാരുടെയും സാമൂഹിക വിരുദ്ധരുടെയും അഴിഞ്ഞാട്ടമുള്ളതിനാല്‍ ഇരുട്ടിനെ ഭയന്ന് സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ഭീതിയോടെയാണ് ബസ് കയറാന്‍ എത്തുന്നത്.
ലക്ഷങ്ങള്‍ പ്രതിമാസം വാടക വാങ്ങുന്ന ഭരണകൂടം സ്റ്റാന്റിനകത്തെ വ്യാപാരികളുടെയും സ്റ്റാന്റിലേക്കെത്തുന്ന ആയിരക്കണക്കിന് യാത്രക്കാരുടെയും ദുരിതത്തിനു നേരെ കുരുടന്‍  നയമാണ് സ്വീകരിക്കുന്നത്. പ്രവര്‍ത്തനരഹിതമായ ഇരു സ്റ്റാന്റുകളിലെയും വിളക്കുകള്‍ നേരെയാക്കണമെന്നും മുനിസിപ്പല്‍ സ്റ്റാ ന്റില്‍ ഒരു ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ്.
Next Story

RELATED STORIES

Share it