palakkad local

നഗരത്തിലെ പഴകിയ മാലിന്യങ്ങള്‍ നീക്കിയത് നഗരസഭാ കെട്ടിടവളപ്പിലേക്ക്

പാലക്കാട്: ഒരു മാസത്തോളമായി നിലച്ചിരുന്ന നഗരത്തിലെ മാലിന്യ നീക്കം പുനരാരംഭിച്ചെങ്കിലും മാലിന്യങ്ങള്‍ നീക്കിയത് പാലക്കാട് നഗരസഭാ കെട്ടിടത്തിന് സമീപത്തേക്ക്. നഗരസഭാ പ്രധാന കെട്ടിടത്തിന്റെ പിറക് വശത്ത് ക്ലീനിങ് സാമഗ്രികള്‍ സൂക്ഷിക്കുന്ന കെട്ടിടത്തിന് സമീപമായാണ് ദിവസങ്ങളോളം പഴക്കമുള്ള മാലിന്യം കൂട്ടിയിട്ടത്. നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ തന്നെയാണ് മാലിന്യം കൂട്ടമായി നഗരസഭാ കെട്ടിടത്തിന് സമീപത്തേക്ക് തള്ളിയത്.
മാലിന്യത്തിന്റെ രൂക്ഷമായ ദുര്‍ഗന്ധം മൂലം പ്രദേശത്തെ ആളുകള്‍ ദുരിതത്തിലായി. പ്ലാസ്റ്റിക്കോ, ഖരപദാര്‍ഥങ്ങളോയെന്ന് വേര്‍തിരിക്കാനാവാത്ത രീതിയില്‍ പഴക്കമുള്ള മാലിന്യമാണ് നഗരസഭയുടെ പ്രധാന കെട്ടിടത്തിന് സമീപം തള്ളിയ നിലയില്‍ കണ്ടത്. മാലിന്യങ്ങള്‍ കൊത്തി വലിക്കാന്‍ കാക്കകളും തെരുവുനായ്ക്കളും എത്തിയതോടെ ഇതുവഴി നടന്നുപോകാന്‍ പോലും പറ്റാത്ത അവസ്ഥയായി. നഗരസഭാ വളപ്പില്‍ മാലിന്യം തള്ളിയത് മാധ്യമപ്രവര്‍ത്തകരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. സമീപത്തെ പാലക്കാട് ജില്ലാ പ്രസ് ക്ലബിനുള്ളിലിരിക്കുന്നവര്‍ക്കും മാലിന്യങ്ങളുടെ ചീഞ്ഞ മണം അലോസരമുണ്ടാക്കി.
നഗരസഭാ കോംപൗണ്ടില്‍ മാലിന്യങ്ങള്‍ തള്ളിയത് പ്രദേശത്തെ ആളുകളുടെ പ്രതിഷേധത്തിന് വഴിവെച്ചതോടെ മാലിന്യം കൂട്ടമായിട്ട് കത്തിക്കുകയാണ് നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ ഇന്നലെ ചെയ്തത്. വ്യാപാരികളുടെ കടയടപ്പ് സമരം മൂലം നഗരത്തില്‍ ആരുടേയും ശ്രദ്ധയുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് ഇന്നലെ നഗരസഭാ അധികൃതര്‍ മാലിന്യം പ്രദേശത്തെ ആളൊഴിഞ്ഞ പ്രദേശത്തിട്ട് കത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് ഇന്നലെ രാവിലെ പ്രസ് ക്ലബിന് പുറകിലായി ദിവസങ്ങളോളം പഴക്കമുള്ള മാലിന്യം കൂട്ടമായിട്ട് കത്തിക്കുകയായിരുന്നു. ദിവസങ്ങളോളം പഴക്കമുള്ള മാലിന്യം കൂട്ടിയിട്ട് കത്തിച്ചത് മൂലം പ്രസ് ക്ലബ് പരിസരത്തേയും സമീപത്തെ ഹോട്ടലുകളിലേയും ബാങ്കുകളിലേയും പരിസരവാസികള്‍ക്കും ദുര്‍ഗന്ധവും പ്ലാസ്റ്റിക് കരിയുന്ന രൂക്ഷമണവും മൂലം ദുരിതത്തിലായി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പേ നഗരസഭാ ബജറ്റവതരണത്തിനിടെ യുഡിഎഫിന്റെ നേതൃത്വത്തില്‍ നഗരത്തിലെ മാലിന്യ നീക്കം നിലച്ചതിനെച്ചൊല്ലി പ്രതിഷേധ സമരം നടത്തിയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷവുമായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശീധരന്‍ ചര്‍ച്ച നടത്തുകയും മാലിന്യ നീക്കം തൊട്ടടുത്ത ദിവസം പുനരാരംഭിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
കൊടുമ്പിന് സമീപമുള്ള മാലിന്യനിക്ഷേപകേന്ദ്രത്തില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുമെന്നാണ് അന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പുനല്‍കിയിരുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസം മുതലാണ് നഗരസഭയുടെ പ്രധാന കെട്ടിടത്തിന് സമീപം ദിവസങ്ങളോളം പഴക്കമുള്ള മാലിന്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. കൊടുമ്പിലെ മാലിന്യനിക്ഷേപകേന്ദ്രത്തിലേക്കുള്ള മാലിന്യങ്ങളാണ് ഇത്തരത്തില്‍ നഗരസഭാ കെട്ടിടത്തിന് സമീപം നിക്ഷേപിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതേസമയം നഗരത്തിലെ പ്രധാന റോഡുകളിലെ അഴുക്കുചാലുകള്‍ തുറന്ന് മാലിന്യം നീക്കം ചെയ്യാത്തതിനാല്‍ രൂക്ഷമായ കൊതുകു ശല്യമാണ് അനുഭവപ്പെടുന്നത്. നഗരസഭാപരിധിയിലെ മാലിന്യ നീക്കം സുഗമമാക്കി ജനങ്ങളുടെ ജീവിതം കൊതുകു രഹിതമാക്കണമെന്നാണ് ജനകീയാവശ്യമുയരുന്നത്.
Next Story

RELATED STORIES

Share it