Pathanamthitta local

നഗരത്തിലെ നടപ്പാതകള്‍ ജനങ്ങള്‍ക്ക് അന്യമാവുന്നു

പത്തനംതിട്ട: നഗരത്തിലെ നടപ്പാതകള്‍ വ്യാപാരികളും വഴി വാണിഭക്കാരും കയ്യേറി. ഇതിന് പുറമേ മസ്്ജിദ് ജങ്ഷന് സമീപം പുതുതായി ആരംഭിച്ച ഹോട്ടലുകളുടെ മാലിന്യം പുറത്തു കളയാനായി ഓടകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് മൂടികള്‍ ഇളക്കി മാറ്റിയത്. ഇതിനെ തുടര്‍ന്ന് കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്ക് വ്യാപകമായി തകരാറുകളും സംഭവിച്ചു. ഇത് കാല്‍നടയാത്രക്കാര്‍ക്ക് അപകട ഭീതി ഉയര്‍ത്തിയിട്ടുണ്ട്. റോഡിന് സമീപത്തെ കടകളിലെ മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി നടപ്പാതകളിലേക്ക് അലക്ഷ്യമായി തള്ളാന്‍ തുടങ്ങിയതോടെ ഇതുവഴി ആളുകള്‍ക്ക്  സഞ്ചരിക്കാനും പറ്റാത്ത സ്ഥിതിയാണിപ്പോള്‍. കടകളിലെ സാധന സാമഗ്രികള്‍ സൂക്ഷിക്കാനുള്ള ഇടമായി നടപ്പാതകള്‍ മാറിക്കഴിഞ്ഞു. സ്‌റ്റേറ്റ് ബാങ്ക് ഓഫി ഇന്ത്യയുടെ പ്രധാന ബ്രാഞ്ചിന് മുന്നില്‍ നടപ്പാത കാല്‍നട യാത്രക്കാര്‍ക്ക് ഉപകാരപ്രദവുമല്ല. ഇവിടെ പെട്ടിവണ്ടിയിലെ കച്ചവടവും വാഹന പാര്‍ക്കിങുമെല്ലാം നടപ്പാതയിലാണ് .മിനി സിവില്‍ സ്‌റ്റേഷന്‍, കെഎസ്ആര്‍ടിസി  റോഡ്, പൊലിസ് സ്റ്റേഷന്‍ റോഡ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ എല്ലാം കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ നടപ്പാത നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും പലരും കയ്യടക്കിയിരിക്കയാണ് . നഗരത്തിലെ നടപ്പാതകളിലെ  കയ്യേറ്റങ്ങള്‍  ഒഴിപ്പിക്കണമെന്ന് ഏറെ നാളായി ആവശ്യമുയരുന്നതാണെങ്കിലും നഗരസഭയോ പൊതുമരാമത്ത് വകുപ്പോ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഫെളക്‌സ് ബോര്‍ഡുകളും യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് . ഇവ കാല്‍നടയാത്രക്കാരുടെ ദേഹത്ത് മുട്ടി പരിക്ക് പറ്റുന്നത് നിത്യസംഭവമായിട്ടുണ്ട്. മല്‍സരിച്ചാണ് വിവിധ സംഘടനകള്‍ നടപ്പാതകളില്‍ ബോര്‍ഡുകള്‍ വെച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it