kozhikode local

നഗരത്തിലെ അനധികൃത കച്ചവടം:നഗരസഭ നടപടിയെടുക്കുന്നില്ല

വടകര: നഗരത്തിലെ വിവിധ ഭാഗങ്ങളിലും കെട്ടിടങ്ങള്‍ക്ക് മുന്നിലുമായി അനധികൃതമായി കച്ചവടം ചെയ്യുന്നതിനെതിരെ പരാതി അറിയിച്ചിട്ടും നടപടിയെടുക്കാന്‍ നഗരസഭ തയ്യാറാകുന്നില്ലെന്ന് പരാതി. വാഹന പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വച്ച് കച്ചവടം ചെയ്യുന്നത് സംബന്ധിച്ചാണ് ഇതില്‍ കൂടുതല്‍ പരാതികളും നല്‍കിയിരിക്കുന്നത്. കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വാഹനങ്ങള്‍ പാര്‍ക്കിംഗ് ചെയ്യുന്ന സ്ഥലത്ത് കച്ചവടം ചെയ്യുന്നത് വാഹന പാര്‍ക്കിങിന് തടസ്സം നേരിട്ടതോടെ വാഹന ഉടമകളും കച്ചവടക്കാരും തമ്മില്‍ വാക്ക് തര്‍ക്കങ്ങളുണ്ടാവുകയും അടിപിടിയിലേക്ക് എത്തുകയും ചെയ്യുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ നഗരസഭ തയ്യാറാകാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പുതിയ ബസ്സ്സ്റ്റാന്‍ഡ്, എടോടി റോഡ്, ദേശീയപാതയിലെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്. കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുന്നതില്‍ നഗരസഭ കാണിച്ചിരിക്കുന്ന വ്യാപക അഴിമതിയുടെ മറ്റൊരു മുഖമാണ് ഇത്തരം പ്രശ്‌നത്തിന് കാരണം. വാഹനപാര്‍ക്കിങിന് പ്രത്യേക സ്ഥലം കാണിച്ച് നല്‍കിയാലെ നഗരത്തില്‍ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാന്‍ പാടുള്ളുവെന്നാണ് നിയമം. എന്നാല്‍ പലയിടത്തും ഇത് അട്ടിമറിക്കപ്പെടുകയാണുണ്ടായത്. മാത്രമല്ല അത്തരം സ്ഥലം കാണിച്ച് അനുമതി വാങ്ങിയവര്‍ പിന്നീട് ഈ സ്ഥലവും കച്ചവടത്തിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്ന് കണ്ടെത്തിയിരുന്നെങ്കിലും നടപടിയെടുക്കാന്‍ നഗരസഭ തയ്യാറായിരുന്നില്ല. ഇത് പൊതുജനങ്ങള്‍ക്കും പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങാനായി എത്തുന്നവര്‍ വാഹനം റോഡില്‍ പാര്‍ക്ക് ചെയ്യുന്നത് പലപ്പോഴും പൊലീസ് നടപടിക്ക് വിധേയമാകുകയാണ്. വാഹന പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഉള്ള കെട്ടിടങ്ങളില്‍ ചില ആളുകള്‍ ഈ സ്ഥലം കയ്യേറിയാണ് കച്ചവടം ചെയ്യുന്നത്. ഇത് കാരണം പല ദിവസങ്ങളിലും ഈ കെട്ടിടങ്ങളിലെ കച്ചവടക്കാര്‍ തമ്മില്‍ വാഹന പാര്‍ക്കിംഗ് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടാവാറുണ്ട്. അതേസമയം ഇത് സംബന്ധിച്ച് പല തവണ നഗരസഭ അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയെടുത്തിട്ടില്ല. ചില കച്ചവടക്കാരെ മാത്രം കേന്ദ്രീകരിച്ച് മാത്രമാണ് നഗരസഭ നടപടികള്‍ എടുക്കാറുള്ളുവെന്നും വ്യാപക പരാതി ഉയര്‍ന്നിരിക്കുകയാണ്.
Next Story

RELATED STORIES

Share it