Second edit

നക്‌സല്‍ബാരി



50 വര്‍ഷം മുമ്പ് കൃഷിഭൂമിയില്‍ ചെങ്കൊടി നാട്ടി സായുധകലാപം ഉയര്‍ത്തിയ നക്‌സല്‍ബാരിയെ കാവിയണിയിക്കാന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ വിജയിക്കുമോ?1967 മെയ് 25ന് നക്‌സല്‍ബാരിയില്‍ ഒരു ആലിന്‍ചുവട്ടില്‍ സമാധാനപരമായി ഒത്തുകൂടിയ കര്‍ഷകരുടെയും തൊഴിലാളികളുടെയും നേരെയാണ് അന്നു പശ്ചിമബംഗാള്‍ ആഭ്യന്തരമന്ത്രിയായിരുന്ന ജ്യോതിബസുവിന്റെ പോലിസ് വെടിവച്ചത്. രണ്ടു കുട്ടികളടക്കം 11 പേര്‍ മരിച്ചുവീണു. പോലിസ് വെടിവയ്‌പോടെ കലാപം പടര്‍ന്നു. ചാരു മജുംദാറിനെയും കനു സന്യാലിനെയുംപോലുള്ള നേതാക്കള്‍ അതിനു സൈദ്ധാന്തിക ന്യായീകരണം നല്‍കി. സായുധകലാപത്തിലൂടെയല്ലാതെ ചൂഷണം അവസാനിപ്പിക്കാനാവില്ലെന്ന് അവര്‍ ആഹ്വാനം ചെയ്തു. അതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു. കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ടു. തെലങ്കാനയിലും കേരളത്തിലും ബിഹാറിലുമൊക്കെ അതിന്റെ മാറ്റൊലിയുണ്ടായി. പക്ഷേ, 1972ല്‍ പോലിസ് കസ്റ്റഡിയില്‍ ചാരു മജുംദാര്‍ മരിച്ചതോടെ പ്രക്ഷോഭം ഏതാണ്ട് കെട്ടടങ്ങിയതുപോലെയായി. നക്‌സല്‍ബാരി കലാപത്തിന്റെ 50ാം വര്‍ഷം കൊണ്ടാടാന്‍ ചാരു മജുംദാറിന്റെ മകന്‍ അഭിജിത് മജുംദാറിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തെ ഇടതുപക്ഷ ബുദ്ധിജീവികളും മനുഷ്യാവകാശ സംഘടനകളും ഉറ്റുനോക്കുന്നുമുണ്ട്. ഇതിനിടെയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നക്‌സല്‍ബാരി സന്ദര്‍ശനം. വിപ്ലവംകൊണ്ട് ചുവന്ന നക്‌സല്‍ബാരിയെ കാവിയണിയിക്കാനുള്ള ശ്രമം പക്ഷേ, വിലപ്പോവുമോ എന്നു കണ്ടുതന്നെയറിയണം.
Next Story

RELATED STORIES

Share it