World

നക്ഷത്രസമൂഹങ്ങള്‍ക്ക് സാങ്കല്‍പിക കഥാപാത്രങ്ങളുടെ പേര് നല്‍കി നാസ

വാഷിങ്ടണ്‍: പുതിയതായി കണ്ടെത്തിയ 21 ആധുനിക ഗാമാ റേ നക്ഷത്ര സമൂഹങ്ങള്‍ക്ക് സാങ്കല്‍പിക കഥാപാത്രങ്ങളുടെ പേര് നല്‍കി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി നാസ. ഹോളിവുഡ് സിനിമകളിലെ സാങ്കല്‍പിക കഥാപാത്രങ്ങളായ ഹള്‍ക്ക്, ഗോഡ്‌സില്ല പോലുള്ള പേരുകള്‍ നക്ഷത്ര സമൂഹങ്ങള്‍ക്ക് നല്‍കിയ പേരുകളില്‍ പെടുന്നു.
ഫെര്‍മി ഗാമാ റേ സ്‌പേസ് ടെലിസ്‌കോപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ 10 വര്‍ഷം പിന്നിട്ടതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ഗാമാ റേ ടെലിസ്‌കോപ്പിലൂടെ കണ്ടെത്തിയ നക്ഷത്രസമൂഹങ്ങള്‍ക്ക് കഥാപാത്രങ്ങളുടെ പേര് നല്‍കിയത്.
ഡോക്ടര്‍ ഹൂ സിനിമയിലെ ടൈംട്രാവലിങ് ബഹിരാകാശ വാഹനത്തിന്റെ പേരായ ടാര്‍ഡിസ്, തീ തുപ്പുന്ന ഗോഡ്‌സില്ല, ഗാമാ റേ പരീക്ഷണ പരാജയത്തിലൂടെ ജന്മമെടുത്ത ഹള്‍ക്ക് എന്ന അതിമാനുഷ കഥാപാത്രത്തിന്റെ പേര്, എല്ലാം നക്ഷത്ര സമൂഹങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഫെര്‍മി ഗാമാ റേ സ്‌പേസ് ടെലിസ്‌കോപ്പിന്റെ നേട്ടങ്ങളെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയും അതിനു പ്രചാരം നല്‍കുകയുമാണ് രസകരമായ നാമകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഫെര്‍മിയുടെ ലാര്‍ജ് ഏരിയ ടെലിസ്‌കോപ്പ് (എല്‍എടി) 2008 മുതല്‍ എല്ലാ ദിവസവും ആകാശം മുഴുവന്‍ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഈ പരിശോധനകള്‍ക്കിടെ വിദൂര നക്ഷത്ര സമൂഹങ്ങളില്‍ നിന്നുള്ള ശക്തിയേറിയ ഗാമാ കിരണങ്ങള്‍ തിരിച്ചറിയുകയും അവ രേഖപ്പെടുത്തുകയും ചെയ്യുന്നു.
2015ല്‍ 3000ഓളം ഗാമാ കിരണങ്ങളുടെ ഉറവിടങ്ങളാണ് ഫെര്‍മി ലാര്‍ജ് ഏരിയ ടെലിസ്‌കോപ്പ് രേഖപ്പെടുത്തിയത്. ഫെര്‍മി പദ്ധതിക്കു മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ പത്തിരട്ടിയാണിത്.
പുതിയ 21 ഗാമാ റേ നക്ഷത്ര സമൂഹങ്ങള്‍ക്കു നല്‍കിയ പേരുകളില്‍ വാഷിങ്ടണ്‍ സ്മാരകം, കടലിനടിയില്‍ നിന്നു വീണ്ടെടുത്ത സ്വീഡിഷ് യുദ്ധക്കപ്പല്‍ വാസ, ജപ്പാനിലെ ഫുജി പര്‍വതം എന്നിവയുടെ പേരും നല്‍കിയിട്ടുണ്ട്. കൂടാതെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍, റേഡിയോ ടെലിസ്‌കോപ്പ്, ബ്ലാക്ക് വിഡോ സ്‌പൈഡര്‍ എന്നീ പേരുകളുമുണ്ട്.

Next Story

RELATED STORIES

Share it