ധോണി പൂനെയ്ക്ക് സ്വന്തം; റെയ്‌ന രാജ്‌കോട്ട് കൂടാരത്തില്‍

മുംബൈ: 2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ ചെന്നൈ സൂപ്പര്‍കിങ്‌സിലെ സൂപ്പര്‍ ജോടിയായിരുന്ന മഹേന്ദ്രസിങ് ധോണിയും സുരേഷ് റെയ്‌നയും ഇനി വ്യത്യസ്ത തട്ടകങ്ങളില്‍. അടുത്ത സീസണിലെ ടൂര്‍ണമെന്റ് മുതല്‍ ധോണി പൂനെ ടീമിനായി പാഡണിയുമ്പോള്‍ റെയ്‌ന രാജ്‌കോട്ട് ടീമിനുവേണ്ടിയാവും കളത്തിലിറങ്ങുക. ഒത്തുകളിയെത്തുടര്‍ന്ന് ചെന്നൈയും രാജസ്ഥാന്‍ റോയല്‍സും രണ്ടു വര്‍ഷത്തേക്ക് വിലക്ക് നേരിടുന്നതിനാലാണ് ഇരുടീമിലെയും 10 താരങ്ങളെ ലേലത്തില്‍ വച്ചത്.
അഞ്ചു താരങ്ങളെ വീതം ര ണ്ടു പൂളുകളായി തിരിച്ചായിരുന്നു ലേലം. ഒന്നാമതായി വാങ്ങുന്ന താരത്തിന് 12.5 കോടി, രണ്ടാമന് 9.5 കോടി, മൂന്നാമന് 7.5 കോടി, നാലാമന് 5.5 കോടി, അഞ്ചാമന് 4 കോടി എന്നിങ്ങനെയാണ് വിലയിട്ടിരുന്നത്.
പ്രതീക്ഷിച്ചതുപോലെ തന്നെ ഇന്ത്യയുടെ ഏകദിന, ട്വന്റി ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ധോണിയെയാണ് ആദ്യം ലേലത്തില്‍ വിറ്റുപോയത്. ന്യൂറൈസിങ് കമ്പനിയുടെ കീഴിലുള്ള പൂനെ ധോണിയെ തങ്ങളുടെ തട്ടകത്തിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഇന്റക്‌സ് കമ്പനിയുടെ കീഴിലുള്ള രാജ്‌കോട്ട് ടീം ആദ്യ ചോയ്‌സായി തിരഞ്ഞെടു ത്തത് റെയ്‌നയെയായിരുന്നു.
ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ അജിന്‍ക്യ രഹാനെയെ പൂനെ രണ്ടാമതായി വാങ്ങിയപ്പോ ള്‍ രാജ്‌കോട്ടിന്റെ രണ്ടാമത്തെ താരം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ മൂന്നാമനായി പൂനെ ടീമിലെത്തി. രാജ്‌കോട്ടിന്റെ മൂന്നാമത്തെ താരം ന്യൂസിലന്‍ഡ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ബ്രെന്‍ഡന്‍ മക്കുല്ലമായിരുന്നു. ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് പൂനെയുടെ നാലാമനെങ്കില്‍ ഓസീസിന്റെ തന്നെ ജെയിംസ് ഫോക്‌നറെ രാജ്‌കോട്ട് സ്വന്തമാക്കി.
പൂനെയുടെ അഞ്ചാമത്തെയും അവസാനത്തെയും താരം ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ഫഫ് ഡു പ്ലെസിസായിരുന്നു. വിന്‍സീഡ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയാണ് അവസാനമായി രാജ്‌കോട്ടിലെത്തിയത്. ലേലത്തില്‍ വില്‍ക്കപ്പെട്ട 10 പേരില്‍ ഏഴു താരങ്ങളും ചെന്നൈ ടീമിലേതായിരുന്നു. രാജസ്ഥാന്റെ മൂന്നു കളിക്കാര്‍ മാത്രമേ വിറ്റുപോയുള്ളൂ.
രാജസ്ഥാന്റെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, രാജസ്ഥാന്റെ തന്നെ ഓസീസ് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ എന്നിവരെ ലേലത്തില്‍ ഇരുടീമും വാങ്ങാന്‍ തയ്യാറായില്ല എന്നത് ശ്രദ്ധേയമായി.
ചെന്നൈ, രാജസ്ഥാന്‍ ടീമുകളില്‍ വില്‍ക്കപ്പെടാതെ പോയ മറ്റു കളിക്കാരെ ജനുവരിയിലെ പ്രധാന ലേലത്തില്‍ വില്‍പ്പനയ്ക്കു വയ്ക്കും.
Next Story

RELATED STORIES

Share it