ധാന്യസംഭരണശാല നിര്‍മിക്കുന്നതിന് ഇടുക്കിയില്‍ ഭൂമി അനുവദിക്കും

തിരുവനന്തപുരം: ഇടുക്കി ഉടുമ്പന്‍ചോല താലൂക്കില്‍ കാന്തിപ്പാറ വില്ലേജില്‍ 83.98 ആര്‍ പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പില്‍ ഉടമസ്ഥാവകാശം നിലനിര്‍ത്തി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന് ധാന്യസംഭരണശാല നിര്‍മിക്കുന്നതിനായി നല്‍കും. കൊച്ചി സിറ്റി പോലിസ് ഓഫിസ് കെട്ടിടം നിര്‍മിക്കുന്നതിന് 34.95 ആര്‍ റവന്യൂ പുറമ്പോക്ക് ഭൂമി ആഭ്യന്തര വകുപ്പിനു നല്‍കും. ലോക കേരള സഭയോടനുബന്ധിച്ചു വിനോദസഞ്ചാര വകുപ്പും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പുഷ്പ-സസ്യ-ഫല-കൃഷി പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും സ്വന്തം ഫണ്ടില്‍ നിന്നു പരമാവധി അഞ്ചുലക്ഷം രൂപ വരെ ചെലവഴിക്കാന്‍ അനുമതി നല്‍കും. തൃശൂര്‍ കേരള ഫീഡ്‌സിലെ മാനേജീരിയല്‍, മേല്‍നോട്ട വിഭാഗത്തില്‍പെടുന്ന ജീവനക്കാരുടെ വേതനം പരിഷ്‌കരിക്കും. കണ്ണൂര്‍ കോര്‍പറേഷനില്‍ നാലു പുതിയ തസ്തികകള്‍ സൃഷ്ടിക്കും. പയ്യന്നൂര്‍, കുന്നംകുളം എന്നിവിടങ്ങളില്‍ പുതിയതായി രൂപീകരിക്കാന്‍ തീരുമാനിച്ച താലൂക്കുകളില്‍ 55 തസ്തികകള്‍ വീതം സൃഷ്ടിക്കാനും തീരുമാനിച്ചു. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ ഗ്രേഡ്-2 ന്റെ രണ്ടു തസ്തികകള്‍ സൃഷ്ടിക്കും. ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള മീനാക്ഷിപുരം, പാറശ്ശാല, ആര്യങ്കാവ് എന്നീ ചെക്‌പോസ്റ്റുകളില്‍ ഒമ്പതു തസ്തികകളും കാസര്‍കോട്, കോട്ടയം റീജ്യനല്‍ ലബോറട്ടറികളിലേക്ക് ആറു തസ്തികകളും പുതിയതായി സൃഷ്ടിക്കും.ചാല കമ്പോളത്തില്‍ 2014 നവംബര്‍ 14ന് ഉണ്ടായ തീപ്പിടിത്തംമൂലം നഷ്ടം സംഭവിച്ച കട ഉടമകള്‍ക്കും വാടകക്കാര്‍ക്കും 75.68 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നു ധനസഹായം അനുവദിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മരിച്ച കൊച്ചി എളമക്കര പ്ലാശ്ശേരിപ്പറമ്പ് വീട്ടില്‍ വിനീഷിന്റെ കുടുംബത്തിന് ഇടപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പ കുടിശ്ശികയടക്കം 5.56 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. 100 ശതമാനം കാഴ്ചവൈകല്യമുള്ള വി ജി ബാബുരാജന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ജൂനിയര്‍ (പൊളിറ്റിക്കല്‍ സയന്‍സ്) തസ്തികയില്‍ വികലാംഗര്‍ക്കായുള്ള സംവരണ ക്വാട്ടയില്‍ ഒരു സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കും.
Next Story

RELATED STORIES

Share it