Flash News

ധാന്യങ്ങള്‍ വരാന്തയില്‍; ഭക്ഷ്യധാന്യ ശേഖരത്തില്‍ വീര്‍പ്പുമുട്ടി റേഷന്‍കടകള്‍

തിരുവനന്തപുരം: വിഭവശേഖരത്തില്‍ വീര്‍പ്പുമുട്ടി റേഷന്‍ കടകള്‍. സംസ്ഥാനത്തെ റേഷന്‍ കടകളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. സപ്തംബറിലെ റേഷന്‍ സാധനങ്ങളും വെള്ളപ്പൊക്ക ദുരിതാശ്വാസത്തില്‍പ്പെടുത്തി കേന്ദ്രത്തില്‍ നിന്നു ലഭിച്ച അധിക സ്റ്റോക്കും കാരണം റേഷന്‍ കടകളില്‍ സ്റ്റോക്ക് സൂക്ഷിക്കാന്‍ ഇടമില്ലാതെ കടയുടമകള്‍ വിഷമിക്കുകയാണ്.
പല കടകളിലും വരാന്തയിലാണു റേഷന്‍ സാധനങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. ഒക്ടോബറിലെ സ്റ്റോക്ക് കൂടി ഉടനെ എത്തിച്ചേരും. കടമുറികളോ, ഗോഡൗണുകളോ ലഭിക്കാത്തതിനാല്‍ വരാന്തകളില്‍ റേഷന്‍ സാധനങ്ങള്‍ സൂക്ഷിച്ചു കടയുടമകള്‍ കാവല്‍ കിടക്കുകയാണ്. സപ്ലൈകോയ്ക്ക് കീഴിലുള്ള പിഡിഎസ് ഗോഡൗണുകളിലും സ്ഥലസൗകര്യമില്ലാത്തതിനാല്‍ അഡീഷനല്‍ ഗോഡൗണുകള്‍ വാടകയ്‌ക്കെടുക്കാന്‍ ഡിപ്പോ മാനേജര്‍മാര്‍ ഓടിനടക്കുകയാണ്. നിലവില്‍ പല താലൂക്കുകളിലും ഗോഡൗണുകള്‍ ലഭിക്കാന്‍ സാധ്യതയില്ല.അനുവദിക്കപ്പെട്ട റേഷന്‍ സാധനങ്ങളില്‍ നല്ലൊരു പങ്കും വിതരണം ചെയ്യാതെ കെട്ടിക്കിടക്കുകയാണ്. വിവിധ കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ച ദുരിതാശ്വാസ സഹായങ്ങളും സര്‍ക്കാര്‍ സൗജന്യ അരി വിതരണവും കൂടിയായപ്പോള്‍ റേഷന്‍ സാധനങ്ങള്‍ വിലയ്ക്കു വാങ്ങാന്‍ ആളില്ലാതായി.
ഇതിനിടെ ഓണം, ബക്രീദ് ഫെയറുകള്‍ കൂടിയായപ്പോള്‍ റേഷന്‍ കടകളില്‍ എത്തിയ സാധനങ്ങള്‍ വിതരണം ചെയ്യാനാവാതെ അവിടെ തന്നെ സൂക്ഷിക്കേണ്ട അവസ്ഥയിലായി. സംസ്ഥാനത്തെ മിക്ക റേഷന്‍ കടകളിലും സാധനങ്ങള്‍ കെട്ടിക്കിടക്കുകയാണ്.

Next Story

RELATED STORIES

Share it