kannur local

ധര്‍മടം ഇലക്ട്രിക്കല്‍ സെക്ഷന്‍ വിഭജിക്കണമെന്ന ആവശ്യം ശക്തമാവുന്നു

തലശ്ശേരി: ധര്‍മടം ഇലക്ട്രിക്കല്‍ സെക്ഷന്‍ വിഭജിച്ച് മുഴപ്പിലങ്ങാട് കേന്ദ്രീകരിച്ച് സെക്ഷന്‍ ഓഫിസ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു. മുഴപ്പിലങ്ങാട്, ധര്‍മടം പഞ്ചായത്തുകളും തലശ്ശേരി നഗരസഭയിലെ അഞ്ച് വാര്‍ഡുകളും, കതിരൂര്‍, എടക്കാട്, കടമ്പൂര്‍ പഞ്ചായത്തുകളുടെ ചില ഭാഗങ്ങളും എരഞ്ഞോളി പഞ്ചായത്തിന്റെ ഏതാണ്ട് മുഴുവന്‍ ഭാഗങ്ങളും ഉള്‍കൊള്ളുന്നതാണ് ധര്‍മടം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിന്റെ പരിധി.
ഉപഭോക്താക്കളുടെ എണ്ണം കാല്‍ലക്ഷം കവിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പതിനായിരത്തോളം ഉപഭോക്താക്കള്‍ക്ക് ഒരു സെക്ഷന്‍ ഓഫിസ് വേണമെന്ന നിബന്ധന നിലവിലിരിക്കെ സെക്ഷന്‍ ഓഫിസ് വിഭജിക്കാത്തതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകന്‍ സി പി വിജയന്‍ നിരവധി പരാതികള്‍ വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നല്‍കിയിരുന്നു. തുടര്‍ന്ന് ധര്‍മടം സെക്ഷന്‍ ഓഫിസ് വിഭജിക്കാന്‍ തത്വത്തില്‍ തീരുമാനമാവുകയും ചെയ്തു. ജീവനക്കാരുടെ കുറവും ധര്‍മടം സെക്ഷന്‍ ഓഫിസിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
പതിനായിരം ഉപഭോക്താക്കള്‍ക്കുള്ള സെക്ഷന്‍ ഓഫിസില്‍ ഒരു അസിസ്റ്റന്റ് എന്‍ജിനീയര്‍, മൂന്ന് സബ് എന്‍ജിനീയര്‍, ആറ് ഓവര്‍സീയര്‍, 12 ലൈന്‍മാന്‍, ആറ് മസ്ദൂര്‍ എന്നിവരാണ് വേണ്ടത്. നടാല്‍ ഗേറ്റ് മുതല്‍ കതിരൂര്‍ വരെയുള്ള വിശാല പരിധിയിലുള്ളവര്‍ ധര്‍മടം ഓഫിസിലെത്തുന്നത് ഏറെ ബുദ്ധിമുട്ടിയാണ്.
ഈ പശ്ചാത്തലത്തിലാണ് ധര്‍മടം ഓഫിസ് വിഭജിച്ച് മുഴപ്പിലങ്ങാട് കേന്ദ്രമായി പുതിയ ഓഫിസ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നത്. കാടാച്ചിറ, ചൊവ സെക്ഷന്‍ ഓഫിസുകളുടെ ചില ഭാഗങ്ങള്‍ പുതുതായി രൂപീകരിക്കുന്ന മുഴപ്പിലങ്ങാട് ഓഫിസിന്റെ പരിധിയില്‍ ചേര്‍ക്കാമെന്നും നാട്ടുകാര്‍ പറയുന്നു. മുഴപ്പിലങ്ങാട് പുതിയ ഓഫിസ് സ്ഥാപിക്കപ്പെടുന്നതോടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനയുള്ള ഓഫിസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും കഴിയുമെന്നും നാട്ടുകാര്‍ പറയുന്നു.
പുതിയ സെക്ഷന്‍ ഓഫിസ് അനുവദിച്ചുകിട്ടുന്നതിന് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it