ധനസഹായ വിതരണം ഈ മാസം പൂര്‍ത്തിയാക്കും

തിരുവനന്തപുരം: പ്രളയബാധിതര്‍ക്കുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായ വിതരണവും വിമാനത്താവളങ്ങളിലും തുറമുഖത്തും പുതുതായി എത്തിയ സാധന സാമഗ്രികളുടെ വിതരണവും ഈ മാസം 29നകം പൂര്‍ത്തിയാക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗം നിര്‍ദേശിച്ചു.
അടിയന്തര ധനസഹായ വിതരണം കോഴിക്കോട്, വയനാട്, കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ പൂര്‍ത്തിയായിട്ടുണ്ട്. 5.52 ലക്ഷം പേര്‍ക്ക് ഇതിനകം സഹായം നല്‍കിക്കഴിഞ്ഞു. പുതുതായി ലഭിച്ച അപേക്ഷകളിലാണു സഹായം നല്‍കാന്‍ ഏറെയും ബാക്കിയുള്ളത്. 439 പേരാണു കാലവര്‍ഷക്കെടുതിയില്‍ മരിച്ചത്. ഇതില്‍ 331 പേര്‍ക്കു മരണാനന്തര ആനുകൂല്യം നല്‍കിക്കഴിഞ്ഞു. എഫ്‌ഐആര്‍, നിയമാനുസൃത ആശ്രിതര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ലഭ്യമാക്കുന്നതിലെ കാലതാമസം കാരണം നൂറോളം അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കലിന്റെ വിവിധ ഘട്ടങ്ങളിലാണ്. കുടുംബശ്രീ മുഖേന വീട്ടമ്മമാര്‍ക്ക് ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കുന്നതിന്റെ ഭാഗമായി 1,00,770 അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.
ഇതുള്‍പ്പെടെ രണ്ടു ലക്ഷം അപേക്ഷകളില്‍ ഒരാഴ്ചയ്ക്കകം നടപടി പൂര്‍ത്തിയാക്കും. ഒരോ വീട്ടിലെയും അടിയന്തര ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പരമാവധി കടബാധ്യത കുറച്ചാണ് ഒരു ലക്ഷം വരെയുള്ള വായ്പ നല്‍കുക. എറണാകുളം ജില്ലയില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഏഴ് അദാലത്തുകള്‍ സംഘടിപ്പിച്ചാണു വിതരണം ചെയ്തത്. ഒക്ടോബര്‍ ഒന്നു മുതല്‍ ബാക്കിയുള്ള സേവനം തിരഞ്ഞെടുത്ത അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കുന്നതാണ്. തൃശൂര്‍ ജില്ലയില്‍ 27 മുതല്‍ 30 വരെയും ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ മൂന്നു വരെയും ഇത്തരത്തില്‍ ഐടി അധിഷ്ഠിത അദാലത്തുകള്‍ സംഘടിപ്പിക്കും. മറ്റു ജില്ലകളില്‍ ആവശ്യാനുസരണം സാധാരണ രീതിയില്‍ അദാലത്തുകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്.

Next Story

RELATED STORIES

Share it