ധനസഹായം ലഭിക്കുന്നില്ല: എച്ച്‌ഐവി ബാധിതര്‍ക്കുള്ള ആന്റി റിട്രോവൈറല്‍ ചികില്‍സ അവതാളത്തിലാവുന്നു

കെ എം അക്ബര്‍

ചാവക്കാട്: ആന്റി റിട്രോവൈറല്‍ ചികില്‍സയ്ക്കു വിധേയരാവുന്ന എച്ച്‌ഐവി ബാധിതര്‍ക്കുള്ള ധനസഹായം മാസങ്ങളായി ലഭിക്കുന്നില്ല. ഇതുമൂലം ചികില്‍സ തുടരാനാവാതെ എച്ച്‌ഐവി ബാധിതര്‍ ദുരിതത്തിലായി.
സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ 1000 രൂപയാക്കി വര്‍ധിപ്പിച്ച ധനസഹായമാണ് എച്ച്‌ഐവി ബാധിതര്‍ക്ക് മാസങ്ങളായി ലഭിക്കാതിരിക്കുന്നത്. രോഗപ്രതിരോധ ശേഷി തകര്‍ക്കുന്ന വൈറസുകള്‍ക്കെതിരേയുള്ള ചികില്‍സയായ ആന്റി റിട്രോവൈറലില്‍ എച്ച്‌ഐവി ബാധിതരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. നേരത്തെ പ്രതിമാസം 520 രൂപയെന്ന തോതിലായിരുന്നു ധനസഹായം നല്‍കിയിരുന്നത്. ഇത് 1000 രൂപയാക്കി ഉയര്‍ത്തി 2014ല്‍ ഉത്തരവിറങ്ങിയെങ്കിലും അധിക ബാധ്യത ബജറ്റില്‍ ഉള്‍പ്പെടുത്താതിരുന്നതു മൂലം പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാരിനു തടസ്സമായി.
പ്രതിഷേധം ശക്തമായതോടെ ഇക്കഴിഞ്ഞ ജനുവരിയില്‍ വര്‍ധിപ്പിച്ച ധനസഹായം പ്രാബല്യത്തില്‍ വരുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഫണ്ടില്ല എന്നാണ് എച്ച്‌ഐവി ബാധിതര്‍ക്കുള്ള ധനസഹായം മുടങ്ങാനുള്ള കാരണമായി അധികൃതര്‍ പറയുന്നത്. നേരത്തേയുള്ള 520 രൂപയുടെ സഹായവും പലര്‍ക്കും ഇപ്പോള്‍ കുടിശ്ശികയാണ്. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് 2012 ജനുവരിയിലാണ് സര്‍ക്കാര്‍ ഈ പദ്ധതി തുടങ്ങിയത്. ഇതിനായി ആദ്യ വര്‍ഷം ഒന്നര കോടി രൂപ അനുവദിച്ചു. പിന്നീടുള്ള ഓരോ വര്‍ഷവും രണ്ടു കോടി രൂപയും നല്‍കി. എന്നാല്‍, പദ്ധതി ആരംഭിച്ചപ്പോള്‍ തന്നെ മതിയായ തുക സര്‍ക്കാര്‍ അനുവദിക്കാത്തതിനാല്‍ കുടിശ്ശിക പോലും കൊടുത്തുതീര്‍ക്കാന്‍ ഇപ്പോള്‍ സൊസൈറ്റിക്ക് ആവുന്നില്ല. 2014 വരെയുള്ള കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ 59 ലക്ഷം രൂപ വേണമെന്നാണു കണക്ക്.
ഇതിനു പുറമെ ഈ വര്‍ഷം ജനുവരി മുതലുള്ള 1000 രൂപ എന്ന അധിക സഹായവും നല്‍കണം. കേരളത്തില്‍ 27,173 എച്ച്‌ഐവി ബാധിതരുണ്ടെന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കിയതെങ്കിലും വെറും 12,000 രോഗികള്‍ മാത്രമാണ് ആയുഷ് കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 4700ഓളം പേര്‍ക്കാണ് ധനസഹായം ലഭിക്കുന്നത്. ഇതിനു പുറമെ പല ജില്ലകളിലും രോഗപ്രതിരോധ ടെസ്റ്റായ സിഡി 4 ടെസ്റ്റ് എആര്‍ടി സെന്ററുകളില്‍ നടക്കുന്നില്ലെന്ന പരാതിയുമുണ്ട്.
എച്ച്‌ഐവി ബാധിതരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയും പാതിവഴിയിലാണ്. എന്നാല്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടുകള്‍ യഥാസമയം ലഭിക്കാത്തതിനാല്‍ തീരാദുരിതത്തിലേക്കു നീങ്ങുകയാണ് എച്ച്‌ഐവി ബാധിതര്‍.
Next Story

RELATED STORIES

Share it