ധനസമാഹരണത്തിന് വിപുലമായ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനസൃഷ്ടിക്കായി വിപുലമായ ധനസമാഹരണ പദ്ധതിക്കൊരുങ്ങി സര്‍ക്കാര്‍. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ഒരേപോലെ ധനശേഖരണം നടത്തും. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും സപ്തംബര്‍ 11ന് ഫണ്ട് ശേഖരണം നടത്തും. വരുന്ന മണ്ഡലകാലത്തിനു മുമ്പായി രണ്ടുമാസത്തിനകം ശബരിമല പുനര്‍നിര്‍മിക്കും. പുനര്‍നിര്‍മാണത്തിന്റെ ചുമതല ടാറ്റ പ്രൊജക്റ്റ് ലിമിറ്റഡിനു നല്‍കാനും പ്രത്യേക നിയമസഭാ സമ്മേളനത്തിനു ശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള പദ്ധതിയുടെ കണ്‍സല്‍ട്ടന്റ് പാര്‍ട്ണറായി അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ കെപിഎംജിയെ നിയമിക്കാന്‍ തീരുമാനിച്ചു. കെപിഎംജിയുടെ സേവനം സൗജന്യമായിരിക്കും. പമ്പ പുനര്‍നിര്‍മിക്കുന്നതിനും ശബരിമല തീര്‍ത്ഥാടനം സൗകര്യപ്പെടുത്തുന്നതിനും ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല സമിതിയെ നിയമിക്കും. ഡോ. വി വേണു, കെ ആര്‍ ജ്യോതിലാല്‍, ടിങ്കു ബിസ്വാള്‍ എന്നീ സീനിയര്‍ ഉദ്യോഗസ്ഥരും പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.
പ്രളയത്തില്‍ വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ വിവരശേഖരണം ഡിജിറ്റലായി നടത്തുന്നതിനു തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ആഗസ്ത് 30 വരെ 1026 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചു. ഇതില്‍ 4.17 ലക്ഷം പേര്‍ ഓണ്‍ലൈന്‍ വഴി സംഭാവന നല്‍കിയതിലൂടെ കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയായി. മഹാദുരന്തത്തെ അതിജീവിക്കുന്നതിലും നാം ലോകത്തിനു മാതൃകയാവുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകമെമ്പാട് നിന്നുമുള്ള മലയാളികളില്‍ നിന്നു ഫണ്ട് ശേഖരണത്തിനു മന്ത്രിമാരും ഉദ്യോഗസ്ഥരും വിദേശ രാജ്യങ്ങളും ഇന്ത്യയിലെ പ്രധാന നഗരങ്ങളും സന്ദര്‍ശിക്കും. ലോക കേരളസഭ, പ്രവാസി സംഘടനകളെയും ഉള്‍പ്പെടുത്തിയാണ് വിഭവസമാഹരണം നടത്തുക.
സംഭാവന നല്‍കാന്‍ ആഗ്രഹമുള്ളവരില്‍ നിന്നു നേരിട്ട് പണം സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. ഇതിനു ജില്ല അടിസ്ഥാനമാക്കിയും പ്രാദേശിക കേന്ദ്രങ്ങള്‍ നിശ്ചയിച്ചും സപ്തംബര്‍ 13 മുതല്‍ 15 വരെ മന്ത്രിമാര്‍ സന്ദര്‍ശനം നടത്തും. എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാരെ സഹായിക്കുന്നതിനു വായ്പാ പദ്ധതി നടപ്പാക്കും. കച്ചവടക്കാര്‍ക്ക് 10 ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്നു വായ്പ ലഭ്യമാക്കും. സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീ എന്നിവര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാന്‍ തീരുമാനിച്ചു. വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വരെ കുടുംബശ്രീ വഴി വായ്പ ലഭ്യമാക്കും. വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. കുടുംബശ്രീയില്‍ അംഗമല്ലാത്തവര്‍ക്ക് വായ്പ ലഭിക്കുന്നതിനായി സര്‍ക്കാര്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി കരാര്‍ ഉണ്ടാക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ പുതുക്കിപ്പണിയുന്നതിന് ദുരിതാശ്വാസനിധിയിലേക്ക് നല്ലരീതിയില്‍ സംഭാവന ലഭിക്കുന്നുണ്ട്. ഉള്ളവരും ഇല്ലാത്തവരുമെല്ലാം അവരവരുടെ കഴിവിനനുസരിച്ചും കഴിവിനപ്പുറവും നാടിനെ സഹായിക്കാന്‍ മുന്നോട്ടുവരുന്നത് ദൗത്യത്തില്‍ വലിയ ആത്മവിശ്വാസം പകരുന്നതാണ്. ജില്ലകളില്‍ മന്ത്രിമാരുടെ സന്ദര്‍ശനത്തിനു മുന്നോടിയായി സപ്തംബര്‍ മൂന്നിന് അവലോകന യോഗം നടത്തും. ഇതില്‍ അഡീ. ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറി തലത്തിലുള്ള ഒരു ഉദ്യോഗസ്ഥന്‍ കൂടി പങ്കെടുക്കും. ജില്ലാ കലക്ടര്‍ക്ക് പുറമെ ധനസമാഹരണത്തിന്റെ മേല്‍നോട്ടം ഈ ഉദ്യോഗസ്ഥന്‍ കൂടി വഹിക്കും.

Next Story

RELATED STORIES

Share it