ധനപ്രതിസന്ധി നേരിടാന്‍ കഴിയാതെ മന്ത്രി വിത്തെടുത്തു കുത്തുന്നു

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ കഴിയാതെ ധനകാര്യമന്ത്രി തോമസ് ഐസക്ക് വിത്തെടുത്ത് കുത്തുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പല പദ്ധതികള്‍ക്കായി വിവിധ വകുപ്പുകള്‍ ട്രഷറികളില്‍ മാറ്റിയിട്ടിരിക്കുന്ന 6021 കോടി രൂപ തിരിച്ചെടുക്കാനുള്ള ധനകാര്യവകുപ്പിന്റെ ഉത്തരവ് സര്‍ക്കസ് മാത്രമാണ്. ഇതു സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കും. ഇപ്പോഴത്തെ നടപടി വഴി സര്‍ക്കാരിന്റെ സാമ്പത്തികനില മെച്ചപ്പെടാനൊന്നും പോവുന്നില്ല. കൂടുതല്‍ തുക ഖജനാവിലേക്കും വരില്ല. വെറും ബുക്ക് അഡ്ജസ്റ്റ്‌മെന്റ് മാത്രമാണിത്. ഇതുവഴി പബ്ലിക് ആക്കൗണ്ടിന്റെ വലിപ്പം കുറച്ചുകാട്ടി കൂടുതല്‍ തുക കടമെടുക്കാന്‍ കേന്ദ്രത്തില്‍ നിന്ന് അനുമതി വാങ്ങാനുള്ള സൂത്രപ്പണിയാണിത്.
ഇതു വിവിധ പദ്ധതികള്‍ മുടങ്ങാന്‍ കാരണമാക്കുമെന്നു മാത്രമല്ല കടക്കെണിയിലായ സംസ്ഥാനത്തെ കൂടുതല്‍ കടത്തില്‍ മുക്കുകയും ചെയ്യും. രണ്ടു മാസം മുമ്പും ഇതേപോലെ 6000 കോടി രൂപ തിരിച്ചെടുത്ത ശേഷം കടപ്പത്രമിറക്കിയിരുന്നു. ഇങ്ങനെ കടം വാങ്ങുന്ന തുകയുടെ 84 ശതമാനവും പ്രത്യുല്‍പാദനപരമല്ലാത്ത നിത്യച്ചെലവുകള്‍ക്കാണ് വിനിയോഗിക്കുന്നതെന്നു സര്‍ക്കാര്‍ തന്നെ പുറപ്പെടുവിച്ച രേഖകളില്‍ സമ്മതിച്ചിട്ടുണ്ട്. കടംവാങ്ങി നിത്യച്ചെലവുകള്‍ നിര്‍വഹിക്കേണ്ടിവരുന്നത് സംസ്ഥാനത്തിന്റെ കടക്കെണി രൂക്ഷമാക്കും. വന്‍ നിയന്ത്രണമാണ് സാമ്പത്തികവര്‍ഷത്തിന്റെ അന്ത്യത്തിലും ട്രഷറികളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പേരിന് മാത്രമാണ് ട്രഷറികള്‍ തുറന്നുവച്ചിരിക്കുന്നത്. അഞ്ചു ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറ്റുന്നില്ല. ബില്ലുകള്‍ വാങ്ങിവയ്ക്കുന്നതല്ലാതെ പണം നല്‍കുന്നില്ല. വികസനപ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിച്ചിരിക്കുന്നു. ജിഎസ്ടി വന്നതിനു ശേഷം നികുതി വരുമാനം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. അത് ശരിയാക്കാന്‍ ഇനിയും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അതേസമയം അനാവശ്യ ചെലവുകളും ധൂര്‍ത്തും വര്‍ധിക്കുകയും ചെയ്യുന്നു എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it