World

ധനകാര്യ ബില്ലിന് യുഎസ് കോണ്‍ഗ്രസ്സില്‍ അംഗീകാരം

വാഷിങ്ടണ്‍: യുഎസില്‍ വ്യാഴാഴ്ച രാത്രിയോടെ രൂപപ്പെട്ട സാമ്പത്തിക സ്തംഭനം (ഷട്ട്ഡൗണ്‍) അവസാനിച്ചു. ഇന്നലെ ധനകാര്യ ബില്ലിന് യുഎസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയതോടെയാണ് ഷട്ട്ഡൗണിന് അവസാനമായത്. ഇന്നലെ രാവിലെ നടന്ന വോട്ടെടുപ്പില്‍ പ്രതിനിധി സഭയില്‍ 186നെതിരേ 240 പേര്‍ അംഗീകരിച്ചു. ബില്ലിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അംഗീകരം നല്‍കി നിയമമായി മാറ്റുമെന്നു വൈറ്റ്ഹൗസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചാല്‍ സര്‍ക്കാര്‍ ചെലവുകള്‍ക്കായി അടുത്തമാസം 23 വരെയുള്ള പണം ലഭ്യമാവും. ഈ വര്‍ഷത്തെ രണ്ടാമത്തെ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ പരിഹരിക്കപ്പെട്ടത്. ജനുവരി 20നായിരുന്നു ഇതിനുമുമ്പ് ഭരണസ്തംഭനമുണ്ടായത്. ഭരണകക്ഷി റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുതന്നെയുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് വ്യാഴാഴ്ച ധനബില്ല് പാസാക്കാന്‍ സാധിക്കാതിരുന്നതിനെത്തുടര്‍ന്നാണ് പ്രതിസന്ധി രൂപപ്പെട്ടത്. റിപബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോളായിരുന്നു ബില്ലില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.  സെനറ്റില്‍ 28നെതിരേ 71 വോട്ടിന് നേരത്തേ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. വ്യാഴാഴ്ചയായിരുന്നു ബില്ലിന് പ്രതിനിധി സഭയുടെ അംഗീകാരം നല്‍കേണ്ട സമയപരിധി.
Next Story

RELATED STORIES

Share it