ധനകാര്യ കമ്മീഷന്‍  റിപോര്‍ട്ടിന് അവഗണന

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ക്കു തനതുനികുതി വരുമാനത്തിന്റെ 20 ശതമാനം നല്‍കണമെന്നു ശുപാര്‍ശ ചെയ്യുന്ന അഞ്ചാം ധനകാര്യ കമ്മീഷന്‍ റിപോര്‍ട്ട് ധനവകുപ്പ് അവഗണിച്ചതായി ആരോപണം. 18 ശതമാനം തുക മാത്രമേ നല്‍കാനാവൂവെന്നു ഫിനാന്‍സ് റിസോഴ്‌സ് സെക്രട്ടറി വിയോജനക്കുറിപ്പെഴുതി.

റിപോര്‍ട്ട് നടപ്പുനിയമസഭാ സമ്മേളനത്തില്‍ വയ്‌ക്കേണ്ടെന്നാണു ധനവകുപ്പിന്റെ നിലപാട്. നിലവില്‍ പഞ്ചായത്തുകള്‍ക്ക് നല്‍കുന്നതു തനതുനികുതി വരുമാനത്തിന്റെ 18 ശതമാനമാണ്. ഈ തോതിലേ അടുത്തവര്‍ഷവും പണം നല്‍കൂവെന്നാണു ധനവകുപ്പ് നിലപാട്. അടുത്തവര്‍ഷം 20 ശതമാനം തുക നല്‍കണമെന്നാണു ഡോ. ബി എ പ്രകാശ് അധ്യക്ഷനായ കമ്മീഷന്‍ നിര്‍ദേശം. എന്നാല്‍, കമ്മീഷന്‍ അംഗം കൂടിയായ ധനവിഭവ സെക്രട്ടറി വി കെ ബേബി ഇക്കാര്യത്തില്‍ വിയോജനക്കുറിപ്പെഴുതുകയായിരുന്നു. കൂടുതല്‍ തുക നല്‍കിയാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ചെലവാക്കില്ലെന്നായിരുന്നു വാദം. അതേസമയം, കമ്മീഷന്‍ അംഗമായ തദ്ദേശഭരണ പ്രിന്‍സിപ്പില്‍ സെക്രട്ടറി തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കൂട്ടണമെന്ന നിലപാട് സ്വീകരിച്ചു. ഇതോടെ ധനവകുപ്പ് എതിര്‍പ്പ് മറികടന്നാണ് അഞ്ചാം ധനകാര്യകമ്മീഷന്‍ ഗവര്‍ണര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഈ സാഹചര്യത്തിലാണ് റിപോര്‍ട്ട് നടപ്പാക്കേണ്ടെന്ന ധനവകുപ്പിന്റെ കടുംപിടിത്തം.
Next Story

RELATED STORIES

Share it