ധനകാര്യവകുപ്പിന്റെ അനാസ്ഥ; കാരുണ്യ ബെനവലന്റ് ഫണ്ട് ആനുകൂല്യ വിതരണം നിലച്ചു

പി എം അഹ്മദ്

കോട്ടയം: മാരകരോഗങ്ങള്‍ പിടിപെട്ട നിര്‍ധന രോഗികളുടെ ചികില്‍സയ്ക്കു സാമ്പത്തികസഹായം നല്‍കാന്‍ ആവിഷ്‌കരിച്ച കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്ന് ആനുകൂല്യം നിഷേധിക്കപ്പെടുന്നു. നിര്‍ധന രോഗികള്‍ക്കു തുടര്‍ ചികില്‍സയ്ക്ക് റീ ഇംബേഴ്‌സ്‌മെന്റ് ആയി സര്‍ക്കാര്‍ കാരുണ്യ ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ലഭിക്കാന്‍ രോഗികളും ബന്ധുക്കളും നെട്ടോട്ടമോടുകയാണ്.
സര്‍ക്കാരില്‍ നിന്ന് ഇതു സംബന്ധിച്ച ഉത്തരവു ലഭിച്ചില്ലെന്നാണു കാരുണ്യ ബെനവലന്റ് ഫണ്ട് ആസ്ഥാനത്തുനിന്നു ലഭിക്കുന്ന മറുപടി. 2014 മുതല്‍ അനുവദിച്ച കോടിക്കണക്കിനു രൂപയാണ് വിതരണം ചെയ്യാനുള്ളത്. ഫണ്ട് യഥാസമയം വിതരണം നടക്കാത്തതിനു പിന്നില്‍ ധനകാര്യവകുപ്പിന്റെ അനാസ്ഥയാണെന്ന് ആക്ഷേപമുണ്ട്. പണം ലഭിക്കാതായതോടെ ഗുരുതര രോഗം ബാധിച്ചവരുടെ ശസ്ത്രക്രിയ, ചികില്‍സ, വൃക്കരോഗം ബാധിച്ചവരുടെ ഡയാലിസിസ്, വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയരായവരുടെ തുടര്‍ചികില്‍സ എന്നിവ പ്രതിസന്ധിയിലായിരിക്കുകയാണ്.
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയനായ കോട്ടയം സ്വദേശിയായ യുവാവിന് പ്രതിമാസം മരുന്നിനായി 10,000 രൂപ കണക്കാക്കി ഒരു വര്‍ഷത്തേക്ക് 1,20,000 രൂപ 2014 മെയ് എട്ടിന് അനുവദിച്ചിരുന്നു. ഇതില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റീംഇംബേഴ്‌സ്‌മെന്റായി 17,000 രൂപ നല്‍കി. ബാക്കി 1,03,000 രൂപയുടെ മരുന്ന് വിവിധ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നു വാങ്ങിയതിന്റെ ബില്ലും നല്‍കിയിരുന്നെങ്കിലും പണം അനുവദിച്ചിട്ടില്ല. ശസ്ത്രക്രിയയ്ക്കു ശേഷം തുടര്‍ചികില്‍സയ്ക്കായി മരുന്നു വാങ്ങിയതുവഴി നാട്ടില്‍ പതിനായിരക്കണക്കിനു രൂപയാണു കടബാധ്യതയുള്ളത്.
കോട്ടയം ജില്ലാ ലോട്ടറി ഓഫിസിലും തിരുവനന്തപുരത്തെ സംസ്ഥാന ലോട്ടറി കാര്യാലയത്തിലും കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. സര്‍ക്കാര്‍ ഉത്തരവിറങ്ങട്ടെയെന്നാണ് അധികൃതരുടെ മറുപടി. ഇത്തരത്തില്‍ ആയിരക്കണക്കിനു നിര്‍ധന രോഗികളാണ് അനുവദിച്ച ഫണ്ടിനായി മാസങ്ങളും വര്‍ഷങ്ങളും കാത്തിരിക്കുന്നത്. ചികില്‍സായിനത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കു കോടികളാണു നല്‍കാനുള്ളത്. ഇതോടെ പല കമ്പനികളും മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്യുന്നതു നിര്‍ത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്കും ഈ ഇനത്തില്‍ കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ നല്‍കാനുണ്ട്.
പല പ്രമുഖ സ്വകാര്യ ആശുപത്രികളും പദ്ധതിയില്‍ നിന്നു പിന്‍മാറാനുള്ള തീരുമാനമെടുത്തതായാണ് അറിയുന്നത്. കാരുണ്യ ഫണ്ടിന്റെ വിജയഗാഥ പ്രസംഗിച്ചു നടക്കുന്ന ധനമന്ത്രി കെ എം മാണി സഹായവിതരണം മുടങ്ങിയതു സംബന്ധിച്ച് മിണ്ടുന്നേയില്ല. കാരുണ്യ ചികില്‍സാ സഹായപദ്ധതി1,11,111ാമത്തെ രോഗിക്കു കൈത്താങ്ങായതിന്റെ വിജയം സര്‍ക്കാര്‍ ആഘോഷിച്ചതു കഴിഞ്ഞമാസമാണ്.
Next Story

RELATED STORIES

Share it