Editorial

ധനം യഥാവിധി ഉപയോഗപ്പെടുത്തുമോ?

എനിക്ക് തോന്നുന്നത് - കെ പി അബൂബക്കര്‍, മുത്തനൂര്‍
പ്രകൃതി സംഹാരതാണ്ഡവമാടിയ മഹാപ്രളയം സംസ്ഥാനത്തിന്റെ അടിത്തറ തകര്‍ത്താണ് കടന്നുപോയത്. ഒരു രാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ട അനേക ലക്ഷം മനുഷ്യര്‍ പ്രാണന്‍ കൈയിലേന്തി ദുരിതാശ്വാസ ക്യാംപുകള്‍ ലക്ഷ്യംവച്ചോടി. സമ്പാദിച്ചതെല്ലാം പ്രളയം കവര്‍ന്നെടുത്തു; ശതക്കണക്കിനു മനുഷ്യജീവനും. സന്ദര്‍ഭത്തിനൊത്തുയര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ സര്‍ക്കാരും പുതിയൊരു കേരളം സൃഷ്ടിക്കാനായി പരിശ്രമിക്കുകയാണ് ഇപ്പോള്‍. സംസ്ഥാനത്തിന്റെ പുനഃസൃഷ്ടിക്കായി പിണറായി വിജയന്‍ നടത്തിക്കൊണ്ടിരിക്കുന്ന നേതൃത്വപരമായ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തരതലത്തില്‍ തന്നെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. പ്രളയദുരന്തം നേരില്‍ കണ്ട പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും വേണ്ടുവോളം സഹതാപം രേഖപ്പെടുത്തി എന്നല്ലാതെ കാര്യമായൊന്നും ഇതിനകം ചെയ്തിട്ടില്ല. അതൊന്നും കാര്യമാക്കാതെ മുന്നോട്ടുനീങ്ങാന്‍ തന്നെയാണ് പിണറായി തീരുമാനിച്ചിട്ടുള്ളത്. നാടും നാട്ടുകാരും അതിന് അദ്ദേഹത്തിനു സര്‍വ പിന്തുണയും നല്‍കുന്നുമുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളും സംസ്ഥാന ജീവനക്കാരും 10 മാസം കൊണ്ട് തങ്ങളുടെ ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ആഹ്വാനവും ലോകമൊട്ടാകെയുള്ള മലയാളികള്‍ സഹര്‍ഷം സ്വാഗതം ചെയ്തിക്കുകയാണ്. ഗവര്‍ണര്‍ പി സദാശിവവും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങും അടക്കം ഒട്ടേറെ പ്രമുഖര്‍ ഇതിനകം മുഖ്യമന്ത്രിയുടെ ആഹ്വാനം പ്രാവര്‍ത്തികമാക്കിക്കഴിഞ്ഞു. എല്ലാ ഓണക്കാലങ്ങളിലും പാടിപ്പുകഴ്ത്താറുള്ള 'മാനുഷരെല്ലാരും ഒന്നുപോലെ' എന്ന പദ്യശകലം യാഥാര്‍ഥ്യമായത് ഈ ഓണക്കാലത്തായി എന്നു സാരം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ തന്നെ, തങ്ങള്‍ നല്‍കുന്ന സംഭാവന എത്തേണ്ടിടത്ത് എത്തുമോ അവ യഥാവിധി ഉപയോഗപ്പെടുത്തുമോ എന്ന ചിന്ത എല്ലാ സുമനസ്സുകളെയും അലട്ടുന്നുണ്ട്. ഓഖി ദുരന്തം മറക്കാറായിട്ടില്ല. അതിനു വേണ്ടി പിരിച്ച പണം വക മാറി ചെലവഴിച്ചുവെന്ന് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നുമുണ്ട്; മുഖ്യമന്ത്രി ആരോപണം നിഷേധിച്ചിട്ടുണ്ടെങ്കിലും. അഴിമതിയില്‍ മുങ്ങിക്കുളിച്ച രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ജീവനക്കാരും ചേര്‍ന്നു സംഭാവനയായി കിട്ടുന്ന കാശില്‍ നിന്നും മറ്റു സാധനങ്ങളില്‍ നിന്നും വേണ്ടതുപോലെ അടിച്ചുമാറ്റുമോയെന്നു പലരും സംശയിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാംപിലേക്കു കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കളടക്കം അടിച്ചുമാറ്റിയ വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും ജീവിക്കുന്ന സംസ്ഥാനമാണിത്. ഈ സംഭവം നടന്നതിന്റെ തൊട്ടടുത്തു തന്നെയാണ് അസം ദുരിതബാധിതര്‍ക്ക് എത്തിക്കാന്‍ ഏല്‍പിച്ച തുണിത്തരങ്ങളുടെ കച്ചവടം നടന്നതും. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടു വേണം സര്‍ക്കാര്‍ മുന്നോട്ടുനീങ്ങാന്‍ എന്നാണ് പറഞ്ഞുവരുന്നത്. പ്രാഗല്‍ഭ്യം തെളിയിച്ച, അഴിമതിമുക്തരായ വിദഗ്ധരെ ഉള്‍പ്പെടുത്തിയ കമ്മിറ്റിയായിരിക്കണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കണം ഇത്. അതുപോലെ വീട് നിര്‍മാണത്തിനു വിദഗ്ധരും നിസ്വാര്‍ഥരുമായ ആര്‍ക്കിടെക്റ്റുകളുടെ സഹായമാണ് തേടേണ്ടത്. കൃഷിനാശം സംഭവിച്ചതിന്റെ പേരില്‍ ജീവിതം വഴിമുട്ടിയ ലക്ഷങ്ങള്‍ ഇവിടെയുണ്ട്. അവര്‍ക്ക് സഹായം നല്‍കാന്‍ ആ രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തി കമ്മിറ്റി ഉണ്ടാക്കണം. അതോടൊപ്പം സര്‍ക്കാര്‍തലത്തിലെ ധൂര്‍ത്ത് അവസാനിപ്പിക്കാനും മുഖ്യമന്ത്രി ശ്രദ്ധിക്കേണ്ടതുണ്ട്. 20ാം മന്ത്രിയും ചീഫ്‌വിപ്പുമൊന്നും ഈ സന്ദര്‍ഭത്തില്‍ വേണ്ടതില്ലായിരുന്നു. കൈമെയ് മറന്ന് സര്‍ക്കാരിനൊപ്പം സംസ്ഥാന പുനഃസൃഷ്ടിക്ക് തയ്യാറെടുത്ത സുമനസ്സുകളെ വെറുപ്പിക്കാനേ ഇത്തരം നടപടി ഉപകരിക്കുകയുള്ളൂ.





Next Story

RELATED STORIES

Share it