ദ്വീപുകള്‍ യോഗാ കേന്ദ്രമാക്കാന്‍ രാംദേവിന് കേന്ദ്രസഹായം

ന്യൂഡല്‍ഹി: ആന്തമാനിലെ ദ്വീപുകള്‍ യോഗ ഗുരു ബാബാ രാംദേവിന് വിട്ടുനല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് യോഗയുടെ ആഗോള കേന്ദ്രമായി വികസിപ്പിക്കാനാണ് ബാബാ രാംദേവിന് നല്‍കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ദ്വീപ് യോഗയുടെ ആഗോള കേന്ദ്രമായി വികസിപ്പിക്കുന്നതിനായി രാംദേവിന് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ആന്തമാനില്‍ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച ലൈറ്റ് ഹൗസുകളുള്ള ദ്വീപുകള്‍ ഇതിനായി രാംദേവിന് വിട്ടുനല്‍കും. വിനോദസഞ്ചാരത്തിന് പ്രാധാന്യം നല്‍കുന്ന യോഗാ കേന്ദ്രം പടുത്തുയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാവും പദ്ധതി നടപ്പാക്കുകയെന്നാണ് റിപോര്‍ട്ട്. ആന്തമാന്‍ നിക്കോബാറിലെ സിന്‍ക്യൂ ദ്വീപാണ് പ്രധാനമായും പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ആന്തമാന്‍ നിക്കോബാറിലെ ദ്വീപുകള്‍ക്കു പുറമെ ലക്ഷദ്വീപിലെ മിനിക്കോയിയും പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുണ്ട്. ആഭ്യന്തര, വിദേശ സന്ദര്‍ശകര്‍ക്ക് ഹ്രസ്വ-ദീര്‍ഘ കാലത്തേയ്ക്ക് താമസിച്ച് യോഗ അഭ്യസിക്കാനുള്ള സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ 70 ഓളം ലൈറ്റ് ഹൗസുകളുള്ള ദ്വീപുകള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി ഉയര്‍ത്താനാണ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ആലോചിക്കുന്നത്. ദ്വീപുകള്‍ കേന്ദ്രീകരിച്ച് യോഗാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിലൂടെ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. പ്രമുഖ പരസ്യ സിനിമാ സംവിധായകനായ പ്രഹ്ലാദ് കക്കര്‍ ലക്ഷദ്വീപും ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളും വികസിപ്പിക്കുന്നതിന് താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പൊതു സ്വകാര്യ പങ്കാളിത്തതോടെ ആയിരിക്കും ഇവ വികസിപ്പിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആന്തമാന്‍ നിക്കോബാര്‍ ദീപിലെ കിങ്ക്ദ്വീപ്, ലക്ഷദ്വീപിലെ മിനിക്കോയി എന്നിവ ജല കായിക വിനോദം, ഡൈവിങ് എന്നിവ പ്രോല്‍സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി സൗഹൃദ റിസോര്‍ട്ടുകളായി വികസിപ്പിക്കാനാണ് നിര്‍ദ്ദേശം വച്ചിരിക്കുന്നത്. രാംദേവ് ഇതിനകം സ്‌കോട്ട്‌ലന്‍ഡിലെ ഒരു ദ്വീപില്‍ പതഞ്ജലി യോഗപീഠം സ്ഥാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it