ദ്വീപില്‍ കുടുങ്ങിയ 57 അഭയാര്‍ഥികളെ തുര്‍ക്കി രക്ഷിച്ചു

അങ്കറ: കടല്‍മാര്‍ഗം യൂറോപ്യന്‍ രാജ്യമായ ഗ്രീസിലേക്കു കടക്കുന്നതിനിടെ ഈജിയന്‍ കടലിലെ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ചെറുദ്വീപില്‍ കുടുങ്ങിയ 57 അഭയാര്‍ഥികളെ തുര്‍ക്കി തീരസംരക്ഷണസേന രക്ഷപ്പെടുത്തി. തുര്‍ക്കി പ്രവിശ്യയായ ഇസ്മീറിലെ ദിക്കിലിയില്‍നിന്നു ഗ്രീക്ക് ദ്വീപായ ലെസ്‌ബോസ് ലക്ഷ്യമാക്കി പുറപ്പെട്ട സിറിയന്‍ അഭയാര്‍ഥി സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘമാണ് അപകടത്തില്‍ പെട്ടത്.
സഹായമഭ്യര്‍ഥിച്ച സംഘത്തെ പട്രോളിങ് നടത്തുകയായിരുന്ന തീരസംരക്ഷണ സേനയെത്തി രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. അവശനിലയിലായ 12 പേരെ ഹെലികോപ്റ്റര്‍ മാര്‍ഗവും മറ്റുള്ളവരെ മല്‍സ്യബന്ധന ബോട്ട് എത്തിച്ചുമാണ് രക്ഷപ്പെടുത്തിയത്. തീരസംരക്ഷണ സേനയുടെ വലിയ ബോട്ടുകള്‍ക്ക് പാറകളാല്‍ നിറഞ്ഞ ദ്വീപില്‍ അടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് മല്‍സ്യബന്ധന ബോട്ടെത്തിച്ചു രക്ഷപ്പെടുത്തിയത്.
Next Story

RELATED STORIES

Share it