Gulf

ദോഹ മെട്രോയുടെ ഡിസൈന്‍ പുറത്തുവിട്ടു

ദോഹ മെട്രോയുടെ ഡിസൈന്‍ പുറത്തുവിട്ടു
X
Doha Metro design

ദോഹ: ആദ്യ വണ്ടിയുടെ ചൂളംവിളിക്ക് മൂന്ന് വര്‍ഷം ബാക്കി നില്‍ക്കേ ഖത്തര്‍ റെയില്‍ ദോഹ മെട്രോ ട്രെയ്‌നിന്റെ ബാഹ്യ രൂപം പുറത്തുവിട്ടു. വേഗതയും മിനുമിനുപ്പുള്ളതുമായ അറേബ്യന്‍ കുതിരയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു കൊണ്ടുള്ള ഈ ഡിസൈനിന് അല്‍ഫറാസ് എന്നാണ് ഖത്തര്‍ റെയില്‍ പേര് നല്‍കിയിരിക്കുന്നത്.
ഡ്രൈവറില്ലാതെ ഓടുന്ന 75 ട്രെയ്‌നുകളാണ് ജപ്പാനില്‍ നിന്ന് ഖത്തറിലെത്തുക. ഓരോ ട്രെയ്‌നിലും മൂന്ന് കംപാര്‍ട്ട്‌മെന്റുകളുണ്ടാവും. 42 സീറ്റുകളുള്ള ആദ്യത്തേതില്‍ ഗോള്‍ഡ് ആന്റ് ഫാമിലി സീറ്റിങാണ്. മറ്റ് രണ്ടെണ്ണത്തിലും 88 സീറ്റുകള്‍ വീതമുണ്ടാവും. ഒസാക്കയിലെ കിന്‍കി ശാരിയോ കമ്പനിയാണ് ട്രെയ്‌നിന്റെ രൂപകല്‍പ്പനയും നിര്‍മാണവും.
ദോഹ മെട്രോയുടെ തുരങ്ക നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ പിടിപ്പിക്കുന്നതും 37 സ്റ്റേഷനുകളുടെ നിര്‍മാണവുമാണ് ഇനി നടക്കുന്നത്. 2017 മൂന്നാം പാദത്തിലാണ് ആദ്യ ട്രെയ്ന്‍ ഖത്തറിലെത്തുക. 2019 അവസാനത്തില്‍ ട്രെയിന്‍ ഓടിത്തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
അതേ സമയം, ലുസൈല്‍ ലൈറ്റ് റെയ്ല്‍ ട്രാന്‍സിറ്റ് സിസ്റ്റം(എല്‍ആര്‍ടി) ട്രെയ്‌നിന്റെ രൂപകല്‍പ്പനയും ഖത്തര്‍ റെയില്‍ പുറത്തുവിട്ടു.
പരമ്പരാഗത ഖത്തരി മുത്തുവാരല്‍ ബോട്ടില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട ഇതിന് അല്‍മെഹ്മല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ആല്‍സ്റ്റോം, ക്യുഡിവിസി കണ്‍സോര്‍ഷ്യം നിര്‍മിക്കുന്ന 28 ട്രാമുകളാണ് എല്‍ആര്‍ടിയില്‍ ഓടുക. എല്‍ആര്‍ടിയുടെ പണികള്‍ 35 ശതമാനം പൂര്‍ത്തിയായി. 2020ല്‍ പൂര്‍ണമാക്കാനാണ് ലക്ഷ്യമിടുന്നത്.
ലക്ഷ്യത്തിലേക്ക് തങ്ങള്‍ എത്ര അടുത്തെത്തിയിരിക്കുന്നു എന്നതാണ് ഡിസൈന്‍ പുറത്തുവിട്ടതിലൂടെ വ്യക്തമാകുന്നതെന്ന് ഖത്തര്‍ റെയില്‍ സിഇഒ സഅദ് അല്‍മുഹന്നദി പറഞ്ഞു.
ലോക നിലവാരത്തില്‍ ആധുനികതയും പുതുമയും സംയോജിപ്പിച്ച് കൊണ്ട് രൂപകല്‍പ്പന ചെയ്ത ട്രെയ്ന്‍ അതേ സമയം, തന്നെ രാജ്യത്തിന്റെ ചരിത്രവുമായും സമൂഹവുമായും ആഴത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2030ഓടെ ദോഹ മെട്രോ, ലുസൈല്‍ ട്രാം, ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ദീര്‍ഘദൂര റെയില്‍ ശൃംഖല എന്നിവ പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖത്തര്‍ റെയില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it