ദോഹയില്‍ ജയിലില്‍ കഴിയുന്ന യുവാക്കളുടെ മോചനം: അമ്മമാര്‍ ഹൈക്കോടതിയില്‍

കൊച്ചി: മയക്കുമരുന്നു കടത്തിയെന്ന കുറ്റം ചുമത്തി ഖത്തറിലെ ദോഹയില്‍ ജയിലില്‍ അടച്ചിരിക്കുന്ന നാലു യുവാക്കളെ മോചിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാല് അമ്മമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹരജി ഗൗരവമേറിയതെന്ന് വിലയിരുത്തിയ സിംഗിള്‍ബെഞ്ച് സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, പോലിസ് മേധാവികള്‍, സിബിഐ തുടങ്ങിയവര്‍ക്ക് നോട്ടീസ് അയച്ചു. ഈ മാസം 14ന് കേസ് വീണ്ടും പരിഗണിക്കും.
യുവാക്കളെ ചതിച്ച ഏജന്റുമാര്‍ക്കെതിരേ കേസെടുത്ത് അന്വേഷിക്കണമെന്നും കേസ് സിബിഐക്ക് വിടണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദുഹൈല്‍ ജയിലില്‍ കഴിയുന്ന അങ്കമാലി മൂക്കന്നൂര്‍ സ്വദേശി ആഷിക് ആഷ്‌ലി, കോട്ടയം സ്വദേശി കെവിന്‍ മാത്യൂ, ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ആദിത്യ മോഹനന്‍, എറണാകുളം ഒക്കല്‍ സ്വദേശി ശരത് ശശി എന്നിവരുടെ അമ്മമാരാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഏതൊക്കെ കേസുകളില്‍ സിബിഐ അന്വേഷണം വേണമെന്ന് ഹരജിക്കാര്‍ അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. ഹരജിക്കാര്‍ നല്‍കിയ പരാതിയില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലാ പോലിസ് മേധാവികള്‍ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.
യുവാക്കളെല്ലാം ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നും പല സ്ഥലങ്ങളില്‍ നിന്ന് ഗള്‍ഫില്‍ ജോലി തേടി പോയ ഇവരെ ഏജന്റുമാര്‍ ചതിക്കുകയായിരുന്നുവെന്നും ഹരജിക്കാര്‍ വാദിക്കുന്നു. വിസ സംഘടിപ്പിച്ചു നല്‍കിയ ഷാനി, റഫീസ്, റാഷിദ്, ജയേഷ് എന്നിവര്‍ തങ്ങളുടെ ബന്ധുക്കള്‍ക്ക് കൈമാറാനുള്ള സാധനങ്ങളാണെന്നും യുവാക്കളെ  തെറ്റിദ്ധരിപ്പിച്ച് ചില ലഗേജുകള്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇതിനകത്ത് ലഹരിമരുന്നായിരുന്നുവെന്ന് മനസിലായത് ദോഹ പോലിസ് പിടികൂടിയപ്പോഴാണ്. ഏജന്റുമാര്‍ക്കെതിരേ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. സമാന റാക്കറ്റില്‍പ്പെട്ട ഏജന്റുമാരുടെ ചതിയില്‍പ്പെട്ട 54ഓളം യുവാക്കള്‍ ഇതേ ജയിലില്‍ തന്നെ കഴിയുന്നുണ്ട്. കേരളത്തിലെ ചില വിമാനത്താവള ഉദ്യോഗസ്ഥരുടെ ഒത്താശയും തട്ടിപ്പ് നടത്താന്‍ ഇവര്‍ക്ക് ലഭിക്കുന്നു.
ജയിലില്‍ കഴിയുന്നവരുടെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ഈ മാസം പൂര്‍ത്തീകരിച്ചേക്കും. കുറ്റകൃത്യം നടത്തിയ ഇവിടുത്തെ ഏജന്റുമാര്‍ക്കെതിരേ ഗൗരവമുള്ള നിയമനടപടികള്‍ സ്വീകരിച്ച് നിരപരാധികളായ യുവാക്കളെ വിട്ടയക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ എംബസിയില്‍ നിന്ന് രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന് സന്ദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെ അന്വേഷണം ഫലപ്രദമായി ഉണ്ടായിട്ടില്ല.
ദോഹയിലെ ഇന്ത്യന്‍ എംബസിയെ അന്വേഷണ പുരോഗതി കൃത്യമായി അറിയിക്കാന്‍ നടപടി വേണമെന്നും യുവാക്കളെ ജയിലില്‍ നിന്ന് മോചിപ്പിച്ച് നാട്ടിലെത്തിക്കാന്‍ ഉചിതമായ നടപടികളെടുക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹരജി ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it