Flash News

ദോക്‌ലാമില്‍ വീണ്ടും ചൈന ; ദ്വിമുഖ യുദ്ധത്തിന് തയ്യാര്‍ : വ്യോമസേനാ മേധാവി



ന്യൂഡല്‍ഹി: ചൈനയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള ഏതു ഭീഷണികളും ഒരേസമയം നേരിടുന്നതിന് ദ്വിമുഖ യുദ്ധത്തിന് ഇന്ത്യന്‍ വ്യോമസേന സുസജ്ജമാണെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ. ദോക്‌ലാം മേഖലയില്‍ ചൈനയുമായുള്ള സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് വ്യോമസേനാ മേധാവിയുടെ പ്രതികരണം. ദോക്‌ലാം പീഠഭൂമിയിലെ ചുംബി താഴ്‌വരയില്‍ ചൈനീസ് സേനയുടെ സാന്നിധ്യം നിലനില്‍ക്കുന്നതായി ചൂണ്ടിക്കാണിച്ച അദ്ദേഹം, പ്രശ്‌നങ്ങള്‍ക്കു സമാധാനപരമായ പരിഹാരം ഇരുരാജ്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ അവസ്ഥയിലല്ല രണ്ടു ഭാഗവും. എന്നാല്‍ ചുംബി മേഖലയില്‍ അവര്‍ ഇപ്പോഴും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ചൈന  അവിടെ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് കരുതുന്നതായും ധനോവ വ്യക്തമാക്കി.  അതേസമയം, ഇന്ത്യ- ചൈന- ഭൂട്ടാന്‍ ത്രിരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന ദോക്‌ലാം പ്രദേശത്ത് ചൈന വീണ്ടും റോഡ്‌നിര്‍മാണം തുടങ്ങിയതായി റിപോര്‍ട്ടുണ്ട്. അഞ്ഞൂറോളം സൈനികരുടെ കനത്ത കാവലിലാണ് ചൈനയുടെ റോഡ് നിര്‍മാണം. ഈ വര്‍ഷം ജൂണില്‍ ദോക്‌ലാം പ്രദേശത്ത് ചൈനയുടെ റോഡ് നിര്‍മാണത്തെ തുടര്‍ന്ന് ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥയിലെത്തിയ പ്രദേശത്തു നിന്ന് ഏതാണ്ട് 10 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ റോഡ്‌നിര്‍മാണം നടക്കുന്നത്. ജൂണില്‍ ചൈനയുടെ സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) റോഡ് നിര്‍മിച്ചത് ഇന്ത്യന്‍ സൈന്യം തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. 70 ദിവസത്തോളം നീണ്ടുനിന്ന സംഘര്‍ഷത്തിനൊടുവിലാണ് ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറായത്. എന്നാല്‍, സംഘര്‍ഷം അവസാനിച്ച് ഒരു മാസത്തിനുള്ളിലാണ് വീണ്ടും ചൈന റോഡ്‌നിര്‍മാണം ആരംഭിച്ചതായി വാര്‍ത്ത പുറത്തുവരുന്നത്. പ്രദേശത്തേക്ക് ചൈന കൂടുതല്‍ നിര്‍മാണ സാമഗ്രികള്‍ എത്തിച്ചതായും നിലവിലുള്ള റോഡ് നീളം കൂട്ടുന്നതിനുള്ള പ്രവൃത്തിയാണ് നടക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
Next Story

RELATED STORIES

Share it