Gulf

ദൈവബോധം സമാധാനം നല്‍കുന്നു: എംഎം അക്ബര്‍

ദൈവബോധം സമാധാനം നല്‍കുന്നു: എംഎം അക്ബര്‍
X
ദുബയ്: പരീക്ഷണങ്ങളേയും പ്രയാസങ്ങളേയും അതിജീവിക്കാന്‍ വിശ്വാസിക്ക് കരുത്ത് നല്‍കുന്നത് നിഷ്‌കളങ്കമായ ദൈവവിശ്വാസമാണെന്നും അത് മനുഷ്യര്‍ക്ക് നിര്‍ഭയത്വവും സമാധാനവും പ്രദാനം ചെയ്യുമെന്നും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബര്‍ പ്രസ്താവിച്ചു. ദുബയ് അന്തരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ സഹകരണത്തോടെ ദുബയ് അല്‍വസല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 'ഭയപ്പെടേണ്ട , നാഥന്‍ കൂടെയുണ്ട് ' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികള്‍ ആത്യന്തികമായി സത്യവിശ്വാസികള്‍ക്ക് അനുഗ്രഹമായിട്ടാണ് ഭവിക്കുക എന്ന് വിവിധ പ്രവാചകവചനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം വിവരിച്ചു.

താനാണ് സര്‍വ്വലോകരക്ഷിതാവ് എന്ന് അവകാശപ്പെട്ട ചരിത്രത്തിലെ ഒരേയൊരു വ്യക്തിയും ഈജിപ്തിലെ രാജാവുമായ ഫറോവയോട് ആ വാദത്തെ ഖണ്ഡിച്ചുകൊണ്ട് ഏകനായ ദൈവത്തെ പരിചയപ്പെടുത്തിയ മൂസാനബിയുടെ ചരിത്രം വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നത് വിശ്വാസം നല്‍കുന്ന നിര്‍ഭയത്വത്തിന്റെ ചരിത്രസാക്ഷ്യമാണ്. ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെടുന്നവനാവരുത് വിശ്വാസി, നാം അനുഗ്രഹമായികാണുന്ന സമ്പന്നതയും സന്താനങ്ങളും ഓരോന്നായി നഷ്ടപ്പെടുകയും അവസാനം ഭയാനകമായ രോഗത്തിന് വിധേയനാവുകയും ചെയ്ത അയ്യൂബ് നബി നടത്തിയ പ്രാര്‍ത്ഥന, വിശ്വാസിയ്ക്ക് പ്രതീക്ഷയോടെ ജീവിക്കാന്‍ പ്രചോദനമേകുന്നു.
ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധി ഹിഷാം അല്‍മുത്വവ്വ പ്രഭാഷണപരിപാടി ഉദ്ഘാടനം ചെയ്തു. യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് എ.പി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ വി.കെ. സകരിയ്യ ചോദ്യോത്തരപരിപാടി നിയന്ത്രിച്ചു. ജനറല്‍ സിക്രട്ടറി പി.എ. ഹുസൈന്‍ ഫുജൈറ, ഹുസൈന്‍ കക്കാട്, അബ്ദുറഹിമാന്‍ ചീക്കുന്ന് പ്രസംഗിച്ചു.



Next Story

RELATED STORIES

Share it