ദൈവങ്ങളുണ്ടാവുന്നത്

ദൈവങ്ങളുണ്ടാവുന്നത്
X
 

0.44032000_1439802634_pm-20departs-20for-20uae-20-281-29ഉച്ചഭാഷണം

സിതാര 

മാരേ പ്യാരേ പ്രധാന്‍മന്ത്രിജി അന്നും പതിവു പോലെ പെട്ടിയും തൂക്കി പുറപ്പെട്ടു, അങ്ങ് യു.എ.ഇയിലേക്ക്. അബൂദബിയിലെത്തിയതും പൊട്ടിക്കാനായി കരുതിയിരുന്ന ബോംബെല്ലാം പ്രധാന്‍മന്ത്രിജി എടുത്തങ്ങു കാച്ചി. അബൂദബിയില്‍ ക്ഷേത്രം പണിയുമെന്ന പ്രഖ്യാപനം പ്രവാസിഭക്തരുടെ നെഞ്ചിലേക്ക് കുളിര്‍മഴയായി പെയ്തിറങ്ങി. അങ്ങനെ ദേവിയുടെ കൃപാകടാക്ഷത്തിനായി പ്രവാസലോകം അക്ഷമയോടെ കാത്തിരിക്കുമ്പോഴാണ് 'അബുദാബിക്കാവിലമ്മ'യുടെ ആദ്യചിത്രം പുറത്തുവരുന്നത്. പര്‍ദയിട്ടു നില്‍ക്കുന്ന, കിരീടം വച്ച പൂര്‍ണകായ രൂപമാണ് അബുദാബിക്കാവിലമ്മയുടേത്. ചുവന്ന താമരയില്‍ നില്‍ക്കുന്ന അമ്മയെ അഭിവാദ്യം ചെയ്യുന്നത് ആനയ്ക്കു പകരം ഒട്ടകം. അബുദാബിക്കാവിലമ്മയ്ക്കു ചുറ്റും ബുര്‍ജ് ഖലീഫയും പറന്നുയരുന്ന വിമാനവും കാണാം. അബുദാബിക്കാവിലമ്മയുടെ ഫോട്ടോഷോപ്പ് പോസ്റ്റര്‍ ഉണ്ടാക്കിയ ആള്‍ എഴുതുന്നു: 'അബുദാബിക്കാവിലമ്മയ്ക്കു വേറെ ഏതെങ്കിലും ദൈവത്തോട് സാമ്യം തോന്നിയെങ്കില്‍ അത് സ്വാഭാവികം മാത്രമാണ്. തികച്ചും വ്യതിരിക്തവും അറബിനാടുകളുടെയും ഭാരതീയ പാരമ്പര്യത്തെയും ഒരുമിച്ച് പ്രതിനിധാനം ചെയ്യുന്ന ഒരു പുതിയ ദൈവം- ഇതാണ് ഞാന്‍ ഉദ്ദേശിച്ചത്. ഏതെങ്കിലും ദൈവത്തെ കളിയാക്കണമെന്നോ ആളുകളെ പറ്റിച്ചും പിടിച്ചുപറിച്ചും ജീവിച്ചുപോവുന്ന അവരുടെ കഞ്ഞിയില്‍ പാറ്റയിടണം എന്നോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. രണ്ടു സംസ്‌കാരങ്ങളെ ഒന്നിച്ച് ചേര്‍ക്കുന്ന, സുന്ദരിയായ പുതിയ ദൈവത്തെ കണ്ട് ആര്‍ക്കെങ്കിലും അസൂയ മൂത്ത് ഹാലിളകിയെങ്കില്‍ ഞാനതിനു ഉത്തരവാദിയല്ല.' ആ പോസ്റ്റ് ഷെയര്‍ ചെയ്തവരെ ഭീഷണിപ്പെടുത്തുന്നതായി അറിഞ്ഞു. അവരെ വിട്ടേക്കുക. താനിവിടെ ഉണ്ട് എന്നുപറയുകയാണ് പോസ്റ്റിന്റെ യഥര്‍ഥ ഉടമ. അബുദാബിക്കാവിലമ്മ എന്ന പോസ്റ്റ് ഒരു തമാശ ആയിരുന്നു. അത് കണ്ടവരും ഷെയര്‍ ചെയ്തവരും ആസ്വദിച്ചവരും പലരും വിശ്വാസികളും ആയിരുന്നു. തമാശ ആസ്വദിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടവരല്ലായിരുന്നു അവര്‍ എന്നു പറയുകയാണ് ആ യുവാവ്. ആയിരക്കണക്കിനു പേര്‍ ആ പോസ്റ്റ് ഷെയര്‍ ചെയ്തുകഴിഞ്ഞു.




മടങ്ങാം, മണ്ണിലേക്ക്

'മണ്ണിലേക്കും കൃഷിയിലേക്കും മടങ്ങാനുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനുണ്ടായ മാറ്റം വിപ്ലവകരമായ ചുവടുവയ്പ്പാണ്. സമരങ്ങള്‍ ഇവിടെ തുടങ്ങട്ടെ… അടിത്തട്ടില്‍ നിന്നും... അടിസ്ഥാനജനതയില്‍ നിന്നും...'- തന്റെ ഫേസ്ബുക്ക് പേജില്‍ മുന്‍ മന്ത്രി തോമസ് ഐസക്കാണ് ഇങ്ങനെ കുറിച്ചത്. ചുമ്മാ അങ്ങ് പറയുകയല്ല, കൃഷിയെക്കുറിച്ചും കര്‍ഷകരെക്കുറിച്ചും ആധികാരികമായി പഠിച്ചാണ് എഴുതിയിരിക്കുന്നത്. ഏതായാലും ഈ വര്‍ഷത്തെ ഓണം കേരളത്തിലെങ്ങും പച്ചക്കറിവിപ്ലവത്തിന് മുന്നിട്ടിറങ്ങിയ സി.പി.എം. സഖാക്കളോടെപ്പം ആഘോഷിക്കാനിരിക്കയാണ് ഐസക് സര്‍. യഥാര്‍ഥത്തില്‍ നിരുപമാ രാജീവാണ് കൃഷിപാഠങ്ങള്‍ ഒരിക്കല്‍കൂടി മലയാളികളെ പഠിപ്പിച്ചത്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലെ മഞ്ജു വാരിയറുടെ കഥാപാത്രമാണ് നിരുപമ. നിരുപമ വന്നതോടെയാണ് വീട്ടുകൃഷി ഇത്രയും വ്യാപകമായെതെന്ന് തോന്നുന്നു. എങ്കിലും എന്തോ ഒരു ഭയം മലയാളിയെ പിടികൂടിയിട്ടുണ്ട്. തങ്ങള്‍ കഴിക്കുന്നത് മുഴുവനും വിഷമാണല്ലോ എന്ന തോന്നലില്‍നിന്നു തന്നെയാണ് നമ്മുടെയൊക്കെ ജൈവകൃഷിപ്രേമം തലപൊക്കുന്നത്. കൃഷി തിരിച്ചുപിടിക്കണമെന്ന ആ ചിന്തയ്ക്ക് നൂറ് നൂറു റെഡ് സല്യൂട്ട്.




'ഈ പെലയത്തികളെ' ഇങ്ങനെ വിട്ടാമതിയോ?'

പെലയത്തിയോളെ അങ്ങനെ വിട്ടാല്‍ പോരാ ബലാല്‍സംഗം ചെയ്തു കൊല്ലണം' എന്ന് സുനില്‍ എ.എസ്. എന്നൊരാള്‍ ഒരു കൊലവെറി പോസ്റ്റിട്ടതാണ് തുടക്കം. പോസ്റ്റ് വൈറലായി. പ്രതിഷേധം ഇരമ്പി. 'അതേടാ ഞാന്‍ പെലയത്തിയാടാ ധൈര്യമുണ്ടെങ്കില്‍ വന്ന് ബലാല്‍സംഗം ചെയ്യടാ' എന്ന പോസ്റ്റുമായി അഡ്വ. ദിവ്യ ഡി.വിയും രംഗത്തെത്തിയതോടെ ചര്‍ച്ച പൊടിപാറി. ഇതിനോട് എഴുത്തുകാരിയായ രേഖാരാജ് പ്രതികരിച്ചു: 'ദിവ്യ... നിങ്ങളുടെ പ്രൊഫൈല്‍ പടം/പോസ്റ്റ് അത്യന്തം പ്രശ്‌നമാണ്. ഇത് കണ്ടാണ് ഞാന്‍ ശരിക്കും ഞെട്ടിയത്. ഒന്ന്, കേരളത്തില്‍ ദലിതര്‍ ഉപജാതിക്ക് അതീതമായാണ് തങ്ങളുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നത്. രണ്ടാമത്, നിങ്ങള്‍ ഉപയോഗിച്ചിരിക്കുന്ന, ഒരു ഉപജാതിയെ നിന്ദ്യമായി പരാമര്‍ശിക്കുന്ന ഈ പദം മറ്റൊരു ജാതി ഹിംസയാണ്. സ്പിരിറ്റ് മനസ്സിലാക്കുന്നു. ഇത് പിന്‍വലിക്കണം എന്ന് അഭ്യര്‍ഥിക്കുന്നു! ദിവ്യയുടെ ജാതി എനിക്ക് അറിയില്ല.. എന്റെ ഉപജാതി ഇതാണ്. പക്ഷേ, ഞാന്‍ എന്നെ ഒരു ദലിത്‌സത്രീ എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നു.' രേഖാരാജ് പറഞ്ഞു നിര്‍ത്തുന്നിടത്ത് നിന്നു തുടങ്ങുകയാണ് വീണ്ടും ദിവ്യ. 'പെലെത്തികളെ എന്നു വിളിച്ചുകൊണ്ട് ഒരു സവര്‍ണന്‍ ഒരു സമുദായത്തിലെ മൊത്തം സ്ത്രീകളെയും ബലാല്‍സംഗം ചെയ്ത് കൊല്ലും എന്ന് ആക്രോശിക്കുമ്പോള്‍ അതിനെതിരേ 'ഞാന്‍ പെലത്തിയാണ്. കൊല്ലുമോടാ' എന്ന് തിരിച്ച് അതേ ഭാഷയില്‍ പ്രതികരിക്കുന്നതാണ് ശരിയെന്നു തോന്നി. അതാണ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ കാരണം...' ഇതെഴുതിക്കൊണ്ടുതന്നെ ദിവ്യ തന്റെ പോസ്റ്റ് പിന്‍വലിച്ചു. ആ പോസ്റ്റിനോട് തനിക്ക് വ്യത്യസ്തമായ അഭിപ്രായമാണുള്ളത് എന്നാണ് എഴുത്തുകാരനായ അജിത്കുമാര്‍ എ.എസ്. എഴുതിയത്. ഇജ്ജാതി സൈബര്‍ ഉമ്മാക്കികളെ ബുദ്ധിയില്ലാത്തവന്മാരുടെ ജല്പനം ആയി കാണാനാണ് ഇഷ്ടം. ഇനി അഥവാ ആരേലും സീരിയസ് ആണേല്‍ 'ഇങ്ങുവാടാ' എന്നു തന്നെയാ വെല്ലുവിളി!!' ആ ഐഡിയേക്കാളും വ്യാജനാണ് ആ പോസ്റ്റ് എന്നാണ് അജിത്തിന്റെ അഭിപ്രായം. ജാതിവിദ്വേഷം എന്ന് പ്രത്യക്ഷത്തില്‍ ഒരു ഇഫക്റ്റുണ്ടാക്കി കോലാഹലമുണ്ടാക്കാനുള്ള ഒരു ശ്രമമായിരിക്കാം ഇത്. 'ബലാല്‍സംഗം ചെയ്തു കൊല്ലുക' എന്ന് ഒരു കീഴാളജാതി സമുദായത്തിനെതിരേ പ്രത്യക്ഷത്തില്‍ സൈബര്‍ ഇടത്തില്‍ ഈ രൂപത്തില്‍ പറയുന്നതിന്റെ ഒരു യുക്തി ഇപ്പോഴും പിടികിട്ടുന്നില്ല. ഒരു ഐഡിയില്‍ നിന്നും തുറന്നു പറയുകയല്ല, 'വ്യാജ' ഐഡിയില്‍ നിന്നു കൊണ്ട് എവിടെ നിന്നോ എങ്ങോട്ടോ തൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. ആ പോസ്റ്റ് ചെയ്തയാള്‍ ലക്ഷ്യം വച്ച പോലെ ഗൗരവത്തോടെ എല്ലാവരും അതിന്റെ പിറകെ പോയി. ഇതിലൂടെ പ്രത്യക്ഷമായും പരോക്ഷവുമായുള്ള ജാതിവിവേചനത്തിന്റെ അധിക്ഷേപരീതികളെ ഒരു നിമിഷം നാം മറന്നുപോവുകയായിരുന്നു. ജാതിവിവേചനം ഈ രൂപത്തില്‍ ഒന്നുമല്ല, ഇതേപോലെ എവിടുന്നോ വന്ന ഏതോ വ്യക്തിയുടെ ഒരു പോസ്റ്റിന്റെ പിറകെ ഉള്ള ഊര്‍ജവും ബുദ്ധിയും കളയണോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. അതും ദലിത് രാഷ്ട്രീയ മനുഷ്യാവകാശ രംഗത്തെ പ്രമുഖര്‍ ആണ് ഇതു ചെയ്യുന്നത് എന്നു കാണുമ്പോള്‍ തന്നെപ്പോലുള്ള ഒരാള്‍ക്ക് ഇത് പറയാന്‍ അവകാശമുണ്ടോ എന്നറിയില്ല എന്നും അജിത് ആശങ്കപ്പെടുന്നു.




'പ്രേമ'ത്തോട് എന്താണിത്ര കലിപ്പ് ?

തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവമാണ് തിരുവനന്തപുരം സി.ഇ.ടി. എന്‍ജിനീയറിങ് കോളജിലെ ഓണാഘോഷത്തിനിടെയുണ്ടായത്. തെസ്‌നിയുടെ അകാലവിയോഗത്തെ ഒരു തരത്തിലും ന്യായീകരിക്കാനും ആവില്ല. എങ്കിലും ഇത്തരത്തിലൊരു പ്രശ്‌നം വരുമ്പോള്‍ അതിനെല്ലാം കാരണം ചില പ്രത്യേക സിനിമകളാണെന്ന് അല്‍പ്പം സ്ഥലകാല ബോധമുള്ളവര്‍ ചിന്തിക്കാന്‍ ഇടയില്ല. ഇനി അങ്ങനെ ചിന്തിക്കുന്നവരുണ്ടെങ്കില്‍ അവരോട് എന്തുപറയാം എന്നാണ് നാം ആലോചിക്കേണ്ടത്. പ്രേമം ഒരു മഹത്തായ സിനിമയൊന്നുമല്ല. അതിലെ കഥാപാത്രങ്ങളോട് കാണികള്‍ക്ക് താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്നു. അതുകൊണ്ടുതന്നെയാവാം യുവതലമുറ ഇത്തരം ചിത്രങ്ങളെ നെഞ്ചേറ്റുന്നതും. പ്രേമത്തിലെ ജോര്‍ജും കൂട്ടരും ചെയ്തത് യുവതലമുറ അനുകരിക്കുന്നതുകൊണ്ടാണ് നാട്ടില്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നതെന്ന് ഡി.ജി.പി. സെന്‍കുമാര്‍ നിരീക്ഷിക്കുന്നു. പ്രേമത്തിനുമുമ്പ് ആടുതോമയും, അന്യനും, വേലായുധന്മാരും അഹമ്മദ് ഹാജിമാരുമൊക്കെ ഇന്നാട്ടില്‍ വന്നു വിലസിപ്പോയിരുന്നില്ലേ സാറേ എന്നാണ് ഫേസ്ബുക്കിലെ ഭരതനെസ്സൈ ഫാന്‍സിന്റെ ചോദ്യം. അതേസമയം ഇതിനു നേതൃത്വം കൊടുത്ത വിദ്യാര്‍ഥി ദലിതനും 56000+ ലിസ്റ്റില്‍ നിന്ന് കയറിപ്പറ്റി മുപ്പതിലേറെ ബാക്ക് പേപ്പറുകളുള്ളയാളാണെന്നുമുള്ള ആ കോളജിലെ സജീവന്‍ എന്ന അധ്യാപകന്റെ ഫേസ്ബുക്ക് പരാമര്‍ശം രോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. എന്തായാലും ഇതോടെ കറുത്ത ഷര്‍ട്ട് അപരവല്‍ക്കരണത്തിന്റെ പുത്തന്‍ ചിഹ്നമായി രൂപപ്പെട്ടുകഴിഞ്ഞു. ഇതിന്റെ മറവില്‍ പോലിസിന് തന്നിഷ്ടത്തോടെ കാംപസില്‍ കയറാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണല്ലോ.

Next Story

RELATED STORIES

Share it