ദേശീയ സ്‌കൂള്‍ ഗെയിംസ് ജനുവരി 29 മുതല്‍ ഫെബ്രുവരി 2 വരെ

തിരുവനന്തപുരം: ദേശീയ സ്‌കൂള്‍ ഗെയിംസിന് കേരളം ആതിഥ്യം വഹിക്കും. ഇക്കാര്യം ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷനെ അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജനുവരി 29 മുതല്‍ ഫെബ്രുവരി 2 വരെ കോഴിക്കോട് മേള നടത്താനാണ് തീരുമാനം.
സംസ്ഥാനത്തിന്റെ സന്നദ്ധത അറിയിക്കാന്‍ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. എസ്എസ്എല്‍സി പരീക്ഷയും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തുവരുന്നതിനാല്‍ മേള ഏറ്റെടുക്കേണ്ടെന്ന് കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും കായിക താരങ്ങളും രംഗത്തെത്തിയതോടെയാണ് മേള ഏറ്റെടുക്കാന്‍ കേരളം തീരുമാനിച്ചത്. മഹാരാഷ്ട്രയില്‍ മേള നടത്താനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും രണ്ടായി നടത്തുന്നതിനെതിരെ വിവാദം ഉയര്‍ന്നതോടെ മഹാരാഷ്ട്ര പിന്‍വാങ്ങുകയായിരുന്നു.
തുടര്‍ന്നാണ് മേള നടത്താന്‍ തയ്യാറാണോയെന്ന് ഗെയിംസ് ഫെഡറേഷന്‍ കേരളത്തോട് ആരാഞ്ഞത്. ദേശീയ ഗെയിംസിന് ഒരുക്കിയ സൗകര്യം പ്രയോജനപ്പെടുത്തി മേള നടത്താന്‍ ആദ്യം തയ്യാറായെങ്കിലും പിന്നീട് സര്‍ക്കാര്‍ പിന്‍മാറുകയായിരുന്നു. ധൃതിപിടിച്ചുള്ള മേള നടത്തിപ്പ് മൂലം പഴികേള്‍ക്കേണ്ടിവന്നാല്‍ തൊട്ടുപിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുെമന്ന് അഭിപ്രായമുയര്‍ന്നതോടെയാണ് മേള ഉപേക്ഷിക്കാന്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചത്.
അതേസമയം, അമേരിക്കയിലെ ലോസ് എയ്ഞ്ചല്‍സില്‍ നടന്ന മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ പങ്കെടുത്ത കുട്ടികള്‍ക്കും പരിശീലകര്‍ക്കും ടീം മാനേജര്‍മാര്‍ക്കും പാരിതോഷികങ്ങള്‍ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
സ്വര്‍ണമെഡല്‍ നേടിയ ഏഴുപേര്‍ക്ക് 50,000 രൂപ വീതവും വെള്ളി മെഡല്‍ നേടിയ നാലുപേര്‍ക്ക് 30,000 രൂപ വീതവും വെങ്കല മെഡല്‍ ജേതാക്കളായ 15 പേര്‍ക്ക് 20,000 രൂപ വീതവും പങ്കെടുത്ത അഞ്ചുപേര്‍ക്ക് 10,000 രൂപ വീതവും നല്‍കും. രണ്ട് പരിശീലകര്‍ക്ക്/മാനേജര്‍മാര്‍ക്ക് 25,000 രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it