kozhikode local

ദേശീയ സ്‌കൂള്‍ കായികമേള; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

കോഴിക്കോട്: 61ാമത് ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് ആതിഥ്യമരുളുന്ന കോഴിക്കോട്ട് ഒരുക്കങ്ങള്‍ അവാസാന ഘട്ടത്തിലെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്. മേളയുമായി ബന്ധപ്പെട്ട എല്ലാ കമ്മിറ്റികളുടെയും പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്. സംഘാടക സമിതി യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നാളെ മേളയില്‍ പങ്കെടുക്കാനെത്തുന്ന താരങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭിക്കും. അതിന് ശേഷം 27 ന് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. കോഴിക്കോട് ബിഇഎം സ്‌കൂളിലാണ് താരങ്ങളുടെ രജിസ്‌ട്രേഷന്‍ നടക്കുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് താരങ്ങള്‍ എത്തുന്നതുകൊണ്ട് രാത്രി ഒമ്പതിന് ശേഷം എത്തിപ്പെടുന്നവര്‍ക്ക് താമസ സ്ഥലത്ത് തന്നെ രജിസ്ട്രഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഡിഡിഇ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ഇതിന് മുന്നോടിയായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 9446633963 എന്ന കണ്‍ട്രോള്‍ റൂം നമ്പറുമായി ബന്ധപ്പട്ടാല്‍ മേളയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുമെന്ന് ഡിഡിഇ ഗീരിഷ് ചോലയില്‍ പറഞ്ഞു.
ഏകദേശം 2700 ഓളം അധ്യാപകരും 500 ഉദ്യോഗസ്ഥരും 500അധ്യാപകരുമടങ്ങുന്ന സംഘങ്ങള്‍ മേളയുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെത്തും. ഇവരെ സ്വീകരിക്കാനായി സ്‌കൂള്‍ ബസ്സുകളും, മറ്റ് സ്വകാര്യ വാഹനങ്ങളും തയ്യാറായിട്ടുണ്ട്. നഗരത്തിലും, കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തുമുള്ള 25 സ്‌കൂളുകളിലാണ് താരങ്ങള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ ഹോട്ടലുകളില്‍ ഉദ്യോഗസ്ഥര്‍ക്കായി 200 മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യവും താമസ സ്ഥലത്ത് ഒരുക്കും. ഇതിന് പുറമെ കേരള ഫുഡ്‌സ്,അതര്‍ ഫുഡ് എന്ന രണ്ട് രീതിയിലുള്ള ഭക്ഷണ മെനുവും സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്നവര്‍ക്കായുണ്ടാവും.
27ന് തൃക്കോട്ടൂരില്‍ പി ടി ഉഷ ആദ്യം പഠിച്ച സ്‌കൂളില്‍ നിന്നും പുറപ്പെടുന്ന ദീപശിഖ 28ന് വൈകിട്ട് 3.30 ന് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ എത്തുന്നതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ഫെബ്രുവരി രണ്ടിന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.ഫണ്ടിന്റെ ലഭ്യത കുറവുണ്ടെങ്കിലും രണ്ട് കോടി രൂപ മേളയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ മാറ്റിവച്ചതായി മന്ത്രി പറഞ്ഞു. ബാക്കി സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തും. ആയിരത്തോളമുള്ള അക്കമഡേഷന്‍ പ്രവര്‍ത്തകരെ അഞ്ച് സംഘങ്ങളായി വേര്‍തിരിച്ച് പ്രത്യേക കോ-ഓഡിനേറ്ററുടെ നേതൃത്വത്തിലായിരിക്കും മേളയ്‌ക്കെത്തുന്നവരുടെ താമസ സൗകര്യങ്ങള്‍ ഒരുക്കുന്നത്. താമസ സൗകര്യം ഒരുക്കുന്ന സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെങ്കിലും പത്താംതരം, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ പരമാവധി തടസപ്പെടാതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു. അവലോകന യോഗത്തല്‍ കലക്ടര്‍ എന്‍ പ്രശാന്ത്, ഡി ഇ ഒ ഗിരീഷ് ചോലയില്‍, പുരുഷന്‍ കടലുണ്ടി എംഎല്‍എ, ഡിസിപി ഡി സാലി ഐപിഎസ്, കമാല്‍ വരദൂര്‍, വിവിധ സംഘാടക കമ്മിറ്റി കണ്‍വീനര്‍മാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it