Flash News

ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്‌ : സൈനയ്ക്കും പ്രണോയിക്കും കിരീടം



നാഗ്പൂര്‍: ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ അട്ടിമറികളുടെ വിജയക്കൊയ്ത്ത്. പുരുഷ സിംഗിള്‍സില്‍ നിലവിലെ ഒന്നാം സീഡും ലോക രണ്ടാം നമ്പര്‍ താരവുമായ കിഡംബി ശ്രീകാന്തിനെ മലയാളിയും ലോക 11ാം നമ്പര്‍ താരവുമായ  എച്ച് എസ് പ്രണോയ് കടുത്ത പോരാട്ടത്തിനൊടുവില്‍ 21-16, 16-21, 21-7 എന്ന സ്‌കോറുകള്‍ക്ക് അട്ടിമറിച്ചു. വനിതാ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ താരമായ പി വി സിന്ധുവിനെതിരെ   27-25, 21-17 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മുന്‍ ലോക ഒന്നാം നമ്പര്‍ താരം സൈന നെഹ്‌വാള്‍ അടിയറവ് പറയിച്ചത്. ഗ്യാലറിയിലെ കാണികള്‍ക്ക് ലോക ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് കാണുന്ന പ്രതീതി സമ്മാനിച്ചു കൊണ്ടായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ സിംഗിള്‍സില്‍ പോരാടിയത്. രണ്ട് ദേശീയ കിരീട നേട്ടത്തോടെ ബാഡ്മിന്റണ്‍ കോര്‍ട്ടിലിറങ്ങിയ സൈനയും സിന്ധുവും ഒപ്പത്തിനൊപ്പം ചുവടു വച്ചായിരുന്നു  തുടങ്ങിയത്. പിന്നീട് തുടര്‍ച്ചയായി ലീഡെടുത്ത സൈന സിന്ധുവിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി. ഉജ്ജ്വലമായ സ്മാഷുകള്‍ പുറത്തെടുത്ത സൈന 14-10, 16-11  എന്നിങ്ങനെ ലീഡ് വര്‍ദ്ധിപ്പിച്ചു കൊണ്ടേയിരുന്നു. പക്ഷെ മികച്ച സ്‌ട്രോക്കുകളിലൂടെ ഉഗ്രന്‍ തിരിച്ചു വരവ് നടത്തിയ സിന്ധു 15-17 വരെ പിടിച്ചു നിന്നു. എന്നാല്‍ സിന്ധുവിന്റെ പോരാട്ടത്തിന് അധിക സമയം വേണ്ടി വന്നില്ല. സൈന മികച്ച മുന്നേറ്റത്തിലൂടെ 21-17 ന് ഒന്നാം സെറ്റ് പിടിച്ചെടുത്തു. രണ്ടാം സെറ്റില്‍ ആത്മവിശ്വാസം വീണ്ടെടുത്ത സിന്ധു 1-0 ന് മുന്നിട്ട് നിന്നു. തിരിച്ചു വന്ന സിന്ധുവിനെ കാണികള്‍ പ്രചോദനം കൊണ്ട് മൂടിയപ്പോള്‍ മറുവശത്ത് സട കുടഞ്ഞെഴുന്നേറ്റ സൈന വീണുകിട്ടിയ അവസരങ്ങളെ നന്നായി മുതലെടുത്തു.ലീഡുകള്‍ വാരിക്കൂട്ടിയ സിന്ധു 16-13 ന് മുന്നിലെത്തി. 17- 19 എന്ന സ്‌കോറിലേക്ക് അതിവേഗം കുതിച്ച സൈന സെറ്റ് 20-20 ന് തുല്യതയിലെത്തിച്ചു. സൈന തുടരെ മാച്ച് പോയിന്റുകള്‍ നേടിയപ്പോള്‍ സിന്ധു അപരാജിതയായി കൂടെ നിന്നു. ഒടുവില്‍ 25-25 വരെയെത്തിയ മല്‍സരം 26-25 ന് മുന്നിട്ട് നിന്ന് സൈന മാച്ച് പോയിന്റും സെറ്റും ചാംപ്യന്‍പട്ടവും നേടി.
Next Story

RELATED STORIES

Share it