ദേശീയ വനിതാ കമ്മീഷന്‍ സന്ദര്‍ശനം ഹാദിയ കേസ് അട്ടിമറിക്കാനോ ...?

ദേശീയ വനിതാ കമ്മീഷന്‍ സന്ദര്‍ശനം ഹാദിയ കേസ് അട്ടിമറിക്കാനോ ...?
X


കോട്ടയം: കേരളത്തിലെ മതപരിവര്‍ത്തനങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനെന്ന പേരില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയുടെ കേരള സന്ദര്‍ശനം ഡോ. ഹാദിയാ കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് ആക്ഷേപമുയരുന്നു. കേരളത്തിലെ മതപരിവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംഘപരിവാരം നടത്തുന്ന കുപ്രചരണങ്ങളെ സാധൂകരിക്കാനും അതുവഴി സുപ്രിംകോടതിയില്‍ ഹാദിയാ കേസിന്റെ ഗതിമാറ്റാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് സന്ദര്‍ശനമെന്നാണ് ആശങ്ക. സുപ്രിംകോടതിയില്‍ ഹാദിയാ കേസ് പരിഗണനയ്‌ക്കെടുത്ത ഘട്ടങ്ങളിലെല്ലാം, കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം വ്യാപകമാണെന്ന വാദമാണ് എന്‍ഐഎയും കേന്ദ്രസര്‍ക്കാരും ഉയര്‍ത്തിയിരുന്നത്. എന്നാല്‍, ഇതിന് കോടതിയില്‍ സ്വീകാര്യത ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ നവംബര്‍ 27ന് കേസ് പരിഗണിക്കുമ്പോള്‍ ദേശീയ വനിതാ കമ്മീഷന്റെ പേരില്‍ സംഘപരിവാര താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള റിപോര്‍ട്ടുണ്ടാക്കുകയാണ് സന്ദര്‍ശന ലക്ഷ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 6, 7, 8 തിയ്യതികളിലായി എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് കമ്മീഷന്റെ സിറ്റിങ്. വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയവയുടെ അധ്യക്ഷന്‍മാര്‍ വിവരശേഖരണത്തിന് സംസ്ഥാനം സന്ദര്‍ശിക്കുമ്പോള്‍ വളരെ മുന്‍കൂട്ടിത്തന്നെ വിവരമറിയിക്കുകയും അപേക്ഷകള്‍ സ്വീകരിക്കുകയും ചെയ്യാറാണ് പതിവ്്. എന്നാല്‍, മൂന്ന് ദിവസം മുമ്പ് മാത്രം വിവരമറിയിച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കേരളത്തിലെത്തുന്നത് സംഘപരിവാരം നേരത്തേ തയ്യാറാക്കിയ തിരക്കഥകളുടെ ഭാഗമാണെന്ന സംശയം ബലപ്പെടുകയാണ്. സന്ദര്‍ശനത്തെക്കുറിച്ച് തങ്ങള്‍ക്കറിവില്ലെന്നാണ് സംസ്ഥാന വനിതാ കമ്മീഷന്‍ പറയുന്നത്. ലൗ ജിഹാദിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടികളുടെ പരാതി കേള്‍ക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ കേരളത്തിലെത്തുന്നു എന്ന തരത്തില്‍ സംഘപരിവാര കേന്ദ്രങ്ങളാണ് വ്യാപക പ്രചാരം നല്‍കുന്നത്. പരാതിയുള്ളവര്‍ ഹിന്ദു ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടണമെന്ന് അറിയിച്ച് മൊബൈല്‍ നമ്പരും നല്‍കുന്നുണ്ട്. അതേസമയം, സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ നിര്‍ബന്ധിത മതംമാറ്റം നടത്തുന്ന കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. തൃപ്പൂണിത്തുറ ഉദയംപേരൂര്‍ ശിവശക്തി യോഗാകേന്ദ്രത്തില്‍ നിരവധി പേരെ പൂട്ടിയിട്ട് ക്രൂരമായ പീഡനത്തിനിരയാക്കി മതംമാറ്റത്തിന് വിധേയമാക്കുന്നുവെന്ന് പരാതിപ്പെട്ട് ഇരകള്‍തന്നെയാണ് രംഗത്തെത്തിയത്. ഈ സാഹചര്യത്തില്‍ ഇത്തരം കേന്ദ്രങ്ങള്‍ കൂടി ദേശീയ വനിതാ കമ്മീഷന്‍ സന്ദര്‍ശിക്കുകയും ഇരകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it