Flash News

ദേശീയ വനിതാ കമ്മീഷന്‍ ഡോ. ഹാദിയയുടെ വീട്ടിലെത്തി



പി എം അഹ്മദ്

കോട്ടയം: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ചുമതല വഹിക്കുന്ന രേഖാ ശര്‍മ വൈക്കം ടിവി പുരത്തെ വീട്ടിലെത്തി ഡോ. ഹാദിയയെ സന്ദര്‍ശിച്ചു. ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചരമാസമായി തടവിന് സമാനമായി വീട്ടില്‍ കഴിയുന്ന ഹാദിയയെ ആദ്യമായാണ് ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്നയാള്‍ സന്ദര്‍ശിക്കുന്നത്. അതേസമയം, കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ സന്ദര്‍ശിക്കാന്‍ നിയമതടസ്സമുണ്ടെന്ന സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നിലപാടിനേറ്റ തിരിച്ചടിയായി രേഖാ ശര്‍മയുടെ സന്ദര്‍ശനം. നിരവധി പരാതികള്‍ നല്‍കിയിട്ടും സംസ്ഥാന വനിതാ കമ്മീഷനോ മനുഷ്യാവകാശ കമ്മീഷനോ അവരെ സന്ദര്‍ശിക്കാന്‍ ഇതുവരെ തയ്യാറായിരുന്നില്ല. ഹാദിയ വീട്ടില്‍ സുരക്ഷിതയാണെന്ന് സന്ദര്‍ശനത്തിനുശേഷം കമ്മീഷന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഹാദിയ വീട്ടില്‍ സന്തോഷവതിയാണ്. ഹാദിയ വിഷയത്തില്‍ പ്രത്യേകമായ പരാതികള്‍  ലഭിച്ചിട്ടില്ല. ഹാദിയ വീട്ടുതടങ്കലിലാണെന്നും മര്‍ദനത്തിന് ഇരയാവുന്നുവെന്നുമുള്ള മാധ്യമ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സന്ദര്‍ശനം. അത്തരത്തില്‍ യാതൊരു ബുദ്ധിമുട്ടും ഹാദിയ അനുഭവിക്കുന്നില്ല. ആരോഗ്യസ്ഥിതി മെച്ചമാണ്. സുരക്ഷാ ഭീഷണിയില്ല. കേസുമായി ബന്ധപ്പെട്ട എല്ലാ പുതിയ വിവരങ്ങളും ഹാദിയക്ക് അറിയാം. ഹാദിയ പുഞ്ചിരിയോടെ ഇരിക്കുന്ന ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയത് രേഖാ ശര്‍മ മാധ്യമങ്ങളെ കാണിച്ചു.  കോടതിയിലെത്താന്‍ 27 വരെ കാത്തിരിക്കുകയാണെന്നും ഹാദിയ തന്നോട് പറഞ്ഞിട്ടുണ്ട്. ഹാദിയ പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോള്‍ പറയാനാവില്ല. ഹാദിയ ഷഫിന്‍ ജഹാനൊപ്പം പോവാനാണോ താല്‍പര്യം പ്രകടിപ്പിച്ചതെന്ന ചോദ്യത്തിന്, അത്തരം കാര്യങ്ങളൊന്നും താന്‍ ചോദിച്ചില്ലെന്നു പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. കേരളത്തില്‍ മതപരിവര്‍ത്തനം നടക്കുന്നതായി എന്‍ഐഎ റിപോര്‍ട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, ലൗ ജിഹാദ് എന്ന പദം താന്‍ ഉപയോഗിക്കുന്നില്ല എന്നും കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നുമായിരുന്നു മറുപടി. കൂടാതെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായ ചില യുവതികള്‍ തന്നെ കൊച്ചിയിലെത്തി കണ്ടിരുന്നതായും അവര്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ സന്ദര്‍ശന റിപോര്‍ട്ട് സമര്‍പ്പിക്കും.  എറണാകുളത്തെ സിറ്റിങിനുശേഷം ഇന്നലെ ഉച്ചയ്ക്ക് 12.55ഓടെയാണ് വൈക്കം ടിവി പുരത്തെ വീട്ടിലെത്തിയത്. ആദ്യം അശോകന്റെ സഹോദരിയുടെ വീട്ടിലെത്തി അഞ്ചു മിനിറ്റ് അശോകനുമായും ഭാര്യയുമായും ആശയവിനിമയം നടത്തിയിരുന്നു.
Next Story

RELATED STORIES

Share it