Pathanamthitta local

ദേശീയ റോഡു സുരക്ഷാ വാരാചരണം; ജില്ലയില്‍ കഴിഞ്ഞ വര്‍ഷം വാഹനാപകടങ്ങളില്‍ മരിച്ചത് 119പേര്‍

പത്തനംതിട്ട: ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 119 പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചതായി കണക്കുകള്‍. ദേശീയ റോഡു സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ജില്ലാ കലക്ടര്‍ ഹരികിഷോര്‍ വാരാചരണം ഉദ്ഘാടനം ചെയ്തു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് റോഡുസുരക്ഷ ഉറപ്പാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കിവരുന്ന സേഫ്‌സോണ്‍ പദ്ധതി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല മണ്ഡല-മകരവിളക്ക് സീസണിലെ രണ്ടുമാസക്കാലം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ റോഡുകളെ ബന്ധപ്പെടുത്തിയാണ് മോട്ടോര്‍ വാഹന വകുപ്പ് സേഫ്‌സോണ്‍ പദ്ധതി നടപ്പാക്കുന്നത്. ഇലവുങ്കലാണ് സേഫ്‌സോണ്‍ പദ്ധതിയുടെ പ്രധാന കേന്ദ്രം.
ഇവിടെ വിശാലമായ വര്‍ക്ക്‌ഷോപ്പും വാഹന കമ്പനികളുടെ മെക്കാനിക്കുകളുടെ സേവനവും ലഭ്യമാണ്. ജില്ലയില്‍ റോഡ് സേഫ്റ്റി പാര്‍ക്ക് നിര്‍മിക്കാന്‍ കവിയൂരിനടുത്ത് സ്ഥലം കണ്ടെത്തിയതായും ഇത് യാഥാര്‍ഥ്യമാകുന്നതോടെ ബോധവത്ക്കരണ പരിപാടികള്‍ വിപുലപ്പെടുത്താനാവുമെന്നും കലക്ടര്‍ പറഞ്ഞു. അശ്രദ്ധയാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ പോലിസ് മേധാവി ടി നാരായണന്‍ പറഞ്ഞു.
റോഡുസുരക്ഷാ ബോധവത്ക്കരണ ക്ലാസുകളിലൂടെയും റോഡുപയോഗിക്കുന്നവരുടെ ശ്രദ്ധകൊണ്ടും മാത്രമേ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പത്തനംതിട്ട ആര്‍ടിഒ ആര്‍ രാമചന്ദ്രന്‍നായര്‍ പറഞ്ഞു. ജോയിന്റ് ആര്‍ടിഒമാരായ സുരേഷ്‌കുമാര്‍, ജോബ്, സജി പ്രസാദ്, എം എം വി ഐ റോഷന്‍ സാമുവേല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it