Editorial

ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റ്

ഇന്ദിരഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് വേളയില്‍ അതിനെതിരായ ദേശീയ പ്രതിരോധത്തിന്റെ കാറ്റ് വീശാന്‍ തുടങ്ങിയത് ബിഹാറില്‍ നിന്നാണ്. അന്നു ജയപ്രകാശ് നാരായണനാണ് ജനാധിപത്യ പുനഃസ്ഥാപനത്തിനുള്ള ശക്തമായ നീക്കങ്ങള്‍ക്കു തുടക്കം കുറിച്ചത്.
നരേന്ദ്ര മോദി കേന്ദ്രഭരണം പിടിച്ചടക്കിയ ശേഷം ഏതാണ്ട് സമാനമായ ഭീഷണികള്‍ രാജ്യം നേരിടുകയുണ്ടായി. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടന തന്നെ മരവിപ്പിക്കപ്പെടുകയായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഭരണഘടനാദത്തമായ പൗരാവകാശങ്ങള്‍ തകര്‍ക്കപ്പെടുകയും ന്യൂനപക്ഷ-പിന്നാക്ക ജനവിഭാഗങ്ങള്‍ ഭീതിയുടെ അന്തരീക്ഷത്തിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്തു. തീവ്രഹിന്ദുത്വ ആക്രമണങ്ങള്‍ ഇന്ത്യയുടെ സാമൂഹികമായ ഐക്യവും കെട്ടുറപ്പും തകര്‍ക്കുകയും രാജ്യത്തിന്റെ സമാധാനപരമായ ഭാവിക്കു തന്നെ ഭീഷണിയാവുകയും ചെയ്തു.
ബുദ്ധിജീവികളും പണ്ഡിതന്മാരും കലാകാരന്മാരും എഴുത്തുകാരും അതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ബിഹാറില്‍ മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ മുന്നേറ്റത്തെ തടുത്തുനിര്‍ത്തിയത് ജനാധിപത്യ മതേതര പാരമ്പര്യങ്ങള്‍ സംരക്ഷിക്കാനും ഇന്ത്യയുടെ ദേശീയ ഐക്യം നിലനിര്‍ത്താനുമുള്ള പോരാട്ടത്തിലെ ഒരു മഹാവിജയമാണ്. ബിഹാറില്‍ നിന്നുള്ള രാഷ്ട്രീയ സന്ദേശം വരുംമാസങ്ങളില്‍ രാജ്യമെങ്ങും പ്രചരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സംഘപരിവാര ഭീകരതയ്‌ക്കെതിരേ രാജ്യത്തിന്റെ ശക്തമായ താക്കീതാണ് ബിഹാറില്‍ നിന്നു മുഴങ്ങിയിരിക്കുന്നത്.
2014ലെ ബിജെപിയുടെ വന്‍ വിജയത്തിനു ശേഷം രാജ്യമെങ്ങും തീവ്രവലതുപക്ഷ ശക്തികള്‍ കൂടുതല്‍ പ്രകോപനപരമായ സമീപനങ്ങളുമായാണ് മുന്നേറിക്കൊണ്ടിരുന്നത്. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനും പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത ഭീതി സൃഷ്ടിക്കാനുമാണ് അവര്‍ നീക്കം നടത്തിയത്. പ്രതിപക്ഷ ശക്തികളുടെ ഭിന്നിപ്പും ദേശീയരംഗത്ത് കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികള്‍ക്കുണ്ടായ രാഷ്ട്രീയമായ തിരിച്ചടികളും ക്ഷീണവും ഒരു മതേതര ബദല്‍ സംബന്ധിച്ച പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പിച്ചിരുന്നു.
അത്തരമൊരു നിഷേധാത്മകമായ രാഷ്ട്രീയ കാലാവസ്ഥയില്‍ നിന്നു പ്രത്യാശയുടെയും പ്രതിരോധത്തിന്റേതുമായ കാലഘട്ടത്തിലേക്ക് ഇപ്പോള്‍ ദേശീയ രാഷ്ട്രീയം പ്രവേശിക്കുകയാണ്. സംഘപരിവാര ശക്തികളെ നേരിടാന്‍ കരുത്തുള്ള ശക്തമായ പുതിയൊരു പ്രതിപക്ഷ പ്രസ്ഥാനം രാജ്യത്ത് ഉയര്‍ന്നുവരുന്നതിന്റെ സൂചനയാണ് ബിഹാറില്‍ കാണുന്നത്. അടുത്ത വര്‍ഷം നടക്കുന്ന കേരളം മുതല്‍ അസം വരെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഈ അടിയൊഴുക്കിനു കരുത്തു പകരും എന്നാണ് ഈ മാറ്റങ്ങള്‍ നല്‍കുന്ന സൂചന.
വികസനം സംബന്ധിച്ച മോദിയുടെ മുദ്രാവാക്യങ്ങള്‍ വീണ്ടും പൊടിതട്ടിയെടുത്തു കൊണ്ടുവരാന്‍ ബിജെപി ശ്രമം നടത്തും. തകര്‍ച്ചയില്‍ നിന്നു രക്ഷ നേടാന്‍ അതല്ലാതെ അവര്‍ക്കു വേറെ വഴിയൊന്നുമില്ല. പക്ഷേ, അതു വെറും വീണ്‍വാക്കു മാത്രമാണെന്നും അന്ധമായ വര്‍ഗീയത മാത്രമാണ് അവരുടെ യഥാര്‍ഥ കൈയിലിരിപ്പെന്നും കഴിഞ്ഞ ഒന്നര വര്‍ഷം രാജ്യത്തെ ജനങ്ങളെ ബോധ്യമാക്കിക്കഴിഞ്ഞുവെന്നത് ഒരു യാഥാര്‍ഥ്യമായി നിലനില്‍ക്കുന്നു.
Next Story

RELATED STORIES

Share it