Flash News

ദേശീയ മെഡിക്കല്‍ ബന്ദ് തുടങ്ങി: വലഞ്ഞ് രോഗികള്‍

ദേശീയ മെഡിക്കല്‍ ബന്ദ് തുടങ്ങി: വലഞ്ഞ് രോഗികള്‍
X
ന്യൂഡല്‍ഹി/തിരുവനന്തപുരം: നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ ആഹ്വാനം ചെയ്ത് ദേശീയ മെഡിക്കല്‍ ബന്ദ് തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണു ബന്ദ്. ഡോക്ടര്‍മാര്‍ രാവിലെ 9 മണി മുതല്‍ 10 മണി വരെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി ബഹിഷ്‌കരിച്ചത് രോഗികളെ വലച്ചു. ബന്ദില്‍ ഐഎംഎയും കെജിഎംഒഎയും പങ്കാളികളായിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ അടക്കം 30,000ത്തിലധികം ഡോക്ടര്‍മാരാണ് കേരളത്തില്‍ ബന്ദില്‍ പങ്കാളിയായിരിക്കുന്നത്.
സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മര്‍ ജോലിക്കെത്തിയിട്ടില്ല.



മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പകരമായി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ രൂപകരിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള വിവാദ ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ആയുര്‍വേദ, ഹോമിയോ, സിദ്ധ ഡോക്ടര്‍മാര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് വഴി ആധുനിക വൈദ്യശാസ്ത്ര ചികില്‍സ നടത്താമെന്ന ബില്ലിലെ വകുപ്പ് ഒഴിവാക്കണം. നിര്‍ദിഷ്ട എന്‍എംസിയിലെ ഭൂരിപക്ഷം അംഗങ്ങളെയും സര്‍ക്കാരിനു നോമിനേറ്റ് ചെയ്യാം. ഇതുമൂലം വൈദ്യശാസ്ത്രവുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ രംഗം നിയന്ത്രിക്കുന്ന ഗതികേടുണ്ടാവുമെന്നും പുതിയ ബില്ല് മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ തകിടംമറിക്കും തുടങ്ങിയ ആരോപണങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.
ബില്ല് പാസാവുന്നതോടെ ആയുര്‍വേദം, യുനാനി, ഹോമിയോപ്പതി തുടങ്ങി മറ്റു വൈദ്യമേഖലകളിലുള്ളവര്‍ക്കും ഒരു പ്രത്യേക കോഴ്‌സ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് അലോപ്പതി ചികില്‍സ നടത്താനാവും. മെഡിക്കല്‍ കൗണ്‍സില്‍ ചട്ടം തന്നെ ഇല്ലാതാവുന്നതാണ് പുതിയ എന്‍എംസി നിയമം. കൂടാതെ, എംബിബിഎസ് യോഗ്യത നേടിയവര്‍ക്കും ചികില്‍സിക്കാനുള്ള യോഗ്യതയ്ക്കായി വീണ്ടും ഒരു ദേശീയ പരീക്ഷ എഴുതേണ്ടിയും വരും. ബില്ലിലെ വ്യവസ്ഥകള്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുന്നതും പൊതുജനാരോഗ്യത്തെ ബാധിക്കുന്നതുമാണെന്നു പ്രഖ്യാപിച്ചാണ് ഐഎംഎ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അലോപ്പതി ചികില്‍സയുടെ അടിസ്ഥാന യോഗ്യത എംബിബിഎസ് അല്ലാതാക്കിയാല്‍ അശാസ്ത്രീയ ചികില്‍സ സാര്‍വത്രികമാക്കുമെന്നാണ് ഐഎംഎ വാദിക്കുന്നത്. ദേശീയ പ്രവേശനപ്പരീക്ഷ ഏര്‍പ്പെടുത്തിയാല്‍ ഇതിനായി കോച്ചിങ്ങിനും മറ്റും പോവേണ്ടിവരുമെന്നും ഇതു സാമൂഹിക, സാമ്പത്തിക പിന്നാക്ക വിഭാഗത്തിലുള്ള വിദ്യാര്‍ഥകളെയാണ് കൂടുതല്‍ ബാധിക്കുകയെന്നും അസോസിയേഷന്‍ പറയുന്നു. കൂടാതെ, സ്വകാര്യ കോളജുകളിലെ ഫീസ് നിയന്ത്രണത്തില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറുന്നതാണു ബില്ലിലെ മറ്റു ചട്ടങ്ങളെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ ബില്ല് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ തകിടംമറിക്കുമെന്നും ബില്ലിലെ പല വ്യവസ്ഥകളും പൊതുജനാരോഗ്യ സംവിധാനത്തെയും ബാധിക്കുന്നതാണെന്ന് ഐഎംഎ കേരള ഘടകം പ്രസിഡന്റ് ഡോ. ഇ കെ ഉമര്‍ പറഞ്ഞു. ബില്ലിലെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംബിബിഎസ് പൂര്‍ത്തിയാക്കിയവര്‍ക്കു പ്രാക്ടീസ് ചെയ്യണമെങ്കില്‍ ദേശീയ ലൈസന്‍സിങ് പരീക്ഷ ആവശ്യമാണെന്ന പുതിയ ചട്ടം വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കും. എന്‍ട്രന്‍സ് പരീക്ഷാ മാതൃകയിലുള്ള പരീക്ഷയ്ക്കു പ്രത്യേക പരിശീലനം നേടേണ്ട സാഹചര്യമുണ്ടാവും. ഭാരിച്ച ചെലവുവരുന്ന ഇതു സാധാരണക്കാര്‍ക്ക് അപ്രാപ്യമാവും. ക്ലിനിക്കല്‍ പഠനത്തെ ബാധിക്കുമെന്നും ഐഎംഎ വിദ്യാര്‍ഥി വിഭാഗം ദേശീയ കോ-ഓഡിനേറ്റര്‍ ഡോ. ശ്രീജിത്ത് എന്‍ കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it