Kollam Local

ദേശീയ മൃഗപക്ഷി മേള അറിവുകളുടെ വിപുല ശേഖരം : മുഖ്യമന്ത്രി



കൊല്ലം: മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സഹായകരമായ അറിവുകളുടെ വിപുല ശേഖരമാണ് ദേശീയ മൃഗപക്ഷി മേളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം ആശ്രാമം മൈതാനത്ത് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പക്ഷികളെയും വളര്‍ത്തു മൃഗങ്ങളെയും പരിപാലിക്കുന്നതിനോടുള്ള ആഭിമുഖ്യം വര്‍ധിച്ചുവരുന്ന കാലമാണിത്. വരുമാന മാര്‍ഗമെന്ന നിലയിലും ഭക്ഷ്യ സുരക്ഷയ്ക്കും പ്രധാനമാണ്  വളര്‍ത്തുമൃഗങ്ങള്‍. രാജ്യത്ത് കാര്‍ഷിക വരുമാനത്തിന്റെ ഗണ്യമായ ഭാഗം സംഭാവന ചെയ്യുന്നത് മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ക്ക് കൂടുതല്‍ സംരക്ഷണം ലഭിക്കേണ്ടതുണ്ട്.കന്നുകുട്ടി പരിപാലന പദ്ധതി, കന്നുകാലി ഇന്‍ഷുറന്‍സ്, രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ വെറ്ററിനറി സേവനം  ലഭ്യമാക്കുന്നതിനുള്ള പദ്ധതി തുടങ്ങിയവ  സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചത്  മൃഗസംരക്ഷണ മേഖലയിലുള്ളവരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ്. കേരളത്തില്‍ പാല്‍ ഉല്‍പാദനം സ്വയംപര്യാപ്തതയുടെ അടുത്തെത്തി നില്‍ക്കുന്നു. അത് കുറെക്കൂടി വര്‍ധിപ്പിക്കാനായാല്‍ നാടിന്റെ ആവശ്യം സാധിക്കുന്നതിനൊപ്പം മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കാനും കഴിയും.  ശുദ്ധമായ പാല്‍ ലഭിക്കുന്നത് ആരോഗ്യ സംരക്ഷണ മേഖലയിലും നേട്ടമാകും. ഇറച്ചിക്കോഴികളിലും മറ്റും വിനാശകരമായ ഹോര്‍മോണുകള്‍ കുത്തിവയ്ക്കുന്നത് കുട്ടികളുടെയുള്‍പ്പെടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഇത്തരം പ്രവണതകള്‍ക്കെതിരെ മൃഗസംരക്ഷണ വകുപ്പ് ജാഗ്രത പാലിക്കണം.രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാലികളെ വളര്‍ത്തുന്നത് ബുദ്ധിമുട്ടായിരിക്കുന്നു.  ഒരു പരിധി കഴിഞ്ഞാല്‍ കാലികളെ  പരിപാലിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയില്ല. ആ ഘട്ടത്തില്‍ കാലികളെ ഒഴിവാക്കുന്നതിന് മാര്‍ഗങ്ങളുണ്ട്. ഈ മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ് രാജ്യത്ത് ഈ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഈ സ്ഥിതി കേരളത്തിന് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ പക്ഷി, മൃഗ മേള ഉപകരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. പാലിന്റെയും ഇറച്ചിയുടെയും ഉത്പാദനത്തില്‍ സ്വയം പര്യാതപ്ത കൈവരിക്കാനുള്ള പരിശ്രമത്തിന് മേളയിലെ അറിവുകള്‍ മുതല്‍ക്കൂട്ടാകുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.കെ സോമപ്രസാദ് എംപി, എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, എം നൗഷാദ്, എം മുകേഷ്, ജിഎസ് ജയലാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍, മേയര്‍ വി രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സീസ്, മുന്‍ എംപി കെഎന്‍ ബാലഗോപാല്‍, മറ്റു ജനപ്രതിനിധികള്‍, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അനില്‍ സേവ്യര്‍, ഡയറക്ടര്‍ ഡോ. എന്‍എന്‍ ശശി തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it