ദേശീയ പ്രതിരോധ കോളജ് ആക്രമിക്കാന്‍ പദ്ധതിയിട്ടു: ഡേവിഡ് ഹെഡ്‌ലി

മുംബൈ: ഡല്‍ഹിയിലെ ദേശീയ പ്രതിരോധ കോളജ് നിരീക്ഷിക്കാനും ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ വീഡിയോയില്‍ പകര്‍ത്താനും അല്‍ഖാഇദ നേതാവ് ഇല്യാസ് കശ്മീരി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഡേവിഡ് ഹെഡ്‌ലി. മുംബൈ കോടതിയില്‍ വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സിങ് വഴി നല്‍കിയ മൊഴിയിലാണ് ഹെഡ്‌ലി ഇക്കാര്യം വെളിപ്പെടുത്തിയത്.
ദേശീയ പ്രതിരോധ കോളജ് ആക്രമിക്കുവാനാണ് അവര്‍ ആദ്യം പദ്ധതി തയാറാക്കിയിരുന്നത്. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ വീഡിയോ ദൃശ്യങ്ങള്‍ തയ്യാറാക്കി താന്‍ അല്‍ഖാഇദക്ക് നല്‍കി. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ നിന്ന് ഐഎസ്‌ഐക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ജീവനക്കാരെ കണ്ടെത്താനും അല്‍ഖാഇദ ആവശ്യപ്പെട്ടിരുന്നതായും ഹെഡ്‌ലി പറഞ്ഞു. ശിവസേന ഭവന്‍ ആക്രമിക്കാനോ അതിന്റെ നേതാവിനെ വധിക്കാനോ ലശ്കറെക്ക് പദ്ധതിയുണ്ടാവുമെന്ന് കരുതി ശിവസേന പ്രവര്‍ത്തകരുമായി അടുത്തബന്ധം പുലര്‍ത്താന്‍ താന്‍ ശ്രമിച്ചിരുന്നു. മുംബൈയില്‍ ആക്രമണം നടത്തിയവര്‍ക്ക് നിര്‍ദേശം നല്‍കിയ കറാച്ചിയിലെ കേന്ദ്രം താന്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും ഹെഡ്‌ലി പറഞ്ഞു. അജ്മല്‍ കസബിന്റെ ഫോട്ടോ ഹെഡ്‌ലി തിരിച്ചറിഞ്ഞു.
മുംബൈ വിമാനത്താവളവും നാവികത്താവളവും ആക്രമിക്കാന്‍ ഐഎസ്‌ഐയും ലശ്കറെ ത്വയ്യിബയും ആഗ്രഹിച്ചിരുന്നു. താന്‍ കണ്ടെത്തിയ ചില ലക്ഷ്യസ്ഥാനങ്ങള്‍ മേജര്‍ ഇഖ്ബാല്‍ അംഗീകരിച്ചിരുന്നില്ല. മുംബൈ വിമാനത്താവളം ആക്രമണത്തില്‍ ഒഴിവാക്കിയതില്‍ മേജറിന് അതൃപ്തിയുണ്ടായിരുന്നുവെന്നും ഹെഡ്‌ലി പറഞ്ഞു.
Next Story

RELATED STORIES

Share it