ദേശീയ പ്രകൃതിചരിത്ര മ്യൂസിയത്തില്‍ വന്‍ തീപ്പിടിത്തം

ന്യൂഡല്‍ഹി: ബാരക്കംബ റോഡിലെ മാണ്ടി ഹൗസില്‍ ഫിക്കിയുടെ ബഹുനിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രകൃതിചരിത്ര മ്യൂസിയത്തില്‍ വന്‍ തീപ്പിടിത്തം. മ്യൂസിയം പൂര്‍ണമായും കത്തിനശിച്ചു. തീയണയ്ക്കുന്നതിനിടെ പുക ശ്വസിച്ചും മറ്റും ആറ് അഗ്‌നിശമന സേനാംഗങ്ങള്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ പുലര്‍ച്ചെ 1.50ഓടെയാണു സംഭവം.
ആറാമത്തെ നിലയിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. പിന്നീട് താഴത്തെ നിലകളിലേക്കും വ്യാപിച്ചു. ദിനോസര്‍ ഉള്‍പ്പെടെയുള്ള ജീവികളുടെ ഫോസിലുകളടക്കം ചരിത്രമൂല്യമുള്ള നിരവധി വസ്തുക്കള്‍ കത്തിനശിച്ചവയില്‍ ഉള്‍പ്പെടും.35ഓളം അഗ്നിശമനസേനാ യൂനിറ്റുകള്‍ അഞ്ചുമണിക്കൂര്‍ പരിശ്രമിച്ചാണു തീ നിയന്ത്രണവിധേയമാക്കിയത്. അപകടസമയം കെട്ടിടത്തില്‍ ആരുമുണ്ടായിരുന്നില്ല. സുരക്ഷാ ജീവനക്കാരാണു വിവരം അഗ്നിശമനസേനയെ അറിയിച്ചത്. 1972ല്‍ സ്ഥാപിക്കപ്പെട്ട മ്യൂസിയം വിദ്യാര്‍ഥികള്‍, ഗവേഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ ആകര്‍ഷണകേന്ദ്രമായിരുന്നു.
സ്റ്റഫ് ചെയ്തുവച്ച മൃഗങ്ങളുടെ മാതൃകകളും മരത്തടികളും തീ അതിവേഗം പടരാന്‍ കാരണമായതായി ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫിസര്‍ രാജേഷ് പവാര്‍ പറഞ്ഞു. കെട്ടിടത്തിലെ അഗ്നിശമന സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ആരോപണം ഫിക്കി നിഷേധിച്ചു.
മ്യൂസിയത്തിലെ തീപ്പിടിത്തം നിരാശാജനകമാണെന്നു സ്ഥലം സന്ദര്‍ശിച്ച വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ദേശീയ മ്യൂസിയങ്ങളുടെയും സുരക്ഷ സംബന്ധിച്ച വിശദമായ റിപോര്‍ട്ട് ആവശ്യപ്പെട്ട മന്ത്രി, മ്യൂസിയങ്ങളില്‍ അഗ്നിബാധ തടയുന്നത് ശക്തിപ്പെടുത്താന്‍ ഫയര്‍ ഓഡിറ്റിന് ഉത്തരവിട്ടതായും വ്യക്തമാക്കി.
Next Story

RELATED STORIES

Share it